മലിനമായ വായു, ചൂടായ സൂര്യൻ; വെന്തുരുകി ബെംഗളൂരു നഗരം, ജലക്ഷാമവും രൂക്ഷം

High levels of air pollution observed in Bengaluru, says study
Image Credit: Shutterstock
SHARE

കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം നഗരം പഴയ തിരക്കിലേക്ക് മാറിയതോടെ വായുമലിനീകരണത്തോതും ഉയരുന്നു. ആരോഗ്യപരമായ ശ്വസനത്തിന് വേണ്ട ഗുണനിലവാരമുള്ള വായുവിന്റെ തോത് നഗരത്തിൽ ഓരോ വർഷവും കുറഞ്ഞുവരികയാണെന്ന് സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ്, ടെക്നോളജി ആൻഡ് പോളിസി (സ്റ്റെപ്പ്) നടത്തിയ പഠനത്തിൽ പറയുന്നു. അന്തരീക്ഷത്തിലെ അതിസൂക്ഷ്മ മാലിന്യകണങ്ങളുടെ (പിഎം 2.5) അളവ് കൂടുതലാണെന്നും കണ്ടെത്തി.  ശ്വാസകോശരോഗങ്ങൾക്കുൾപ്പെടെ കാരണമാകുന്നതാണ് പിഎം 2.5. ബൊമ്മനഹള്ളി, ദാസറഹള്ളി മേഖലകളിലാണ് മലിനീകരണം കൂടുതൽ. വാഹനങ്ങളിൽ നിന്നും വ്യവസായ ശാലകളിലും മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലും നിന്നുമുള്ള പുക, കെട്ടിടനിർമാണ മേഖലകളിൽ നിന്നുള്ള കടുത്ത പൊടി എന്നിവയാണു മലിനീകരണത്തോത് കൂട്ടുന്നത്.

വെന്തുരുകി നഗരം

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പോലും രാത്രിയിൽ തണുത്ത കാറ്റ് വീശിയിരുന്ന നഗരം ഇപ്പോൾ വെന്തുരുകുകയാണ്. വേനൽക്കാലത്തിന്റെ ആരംഭത്തിൽ തന്നെ നഗരത്തിലെ കൂടിയ താപനില 33 ഡിഗ്രിയിലെത്തി. കുളിര് നൽകിയിരുന്ന മരങ്ങൾ വികസനപദ്ധതികൾക്കായി വെട്ടിമാറ്റിയതും കോൺക്രീറ്റ്‌വൽക്കരണവുമാണ് ചൂട് കൂടുന്നതിനുള്ള പ്രധാന കാരണം. 80 കാലഘട്ടത്തിൽ ഫാൻ പോലും അപൂർവമായിരുന്ന നഗരത്തിൽ ഇപ്പോൾ എസിയില്ലാതെ വീടുകളും ഓഫിസുകളും കുറവാണ്. 

തുടരുന്നു, ജലാശങ്ക

ദാഹിച്ചുവലയുന്ന നഗരവും മലിനമായ തടാകങ്ങളും പതിവുകാഴ്ചയായിരിക്കുന്നു. ഹൊറമാവ് അഗര തടാകത്തിൽ വീണ്ടും മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ജലനിരപ്പ് താഴ്ന്നതും ഓക്സിജന്റെ അളവ് കുറഞ്ഞതുമാണ് കാരണമെന്നു ബിബിഎംപി അധികൃതർ പറയുന്നു. അപ്പാർട്മെന്റുകളിൽ നിന്ന് മലിനജലം നേരിട്ട് തടാകത്തിലേക്ക് ഒഴുക്കുന്നത് തടയാൻ വേണ്ട നടപടികൾ ഇതുവരെ ഫലം കണ്ടിട്ടില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. വേനൽക്കാലത്ത് തടാകങ്ങളിൽ  മീനുകൾ ചത്തുപൊങ്ങുന്നത് ഈയിടെ വർധിച്ചിട്ടുണ്ട്. ദേശാടനപ്പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയായിരുന്ന ഹൊറമാവ് തടാകത്തിലെ ജലം ഉപയോഗയോഗ്യമല്ല. 60 ഏക്കറിലായി വ്യാപിച്ച് കിടന്നിരുന്ന തടാകം കോൺക്രീറ്റ് മാലിന്യങ്ങളുടെ നിക്ഷേപ കേന്ദ്രമായി മാറിയതോടെ പകുതിയായി ചുരുങ്ങുകയും ചെയ്തു.

കോവിഡിനു മുൻപേ ഇവിടെ മാസ്ക്കുണ്ട്!: അരുൺ നാറാത്ത് (പ്രോജക്ട് മാനേജർ, സീമെൻസ്, ഇലക്ട്രോണിക് സിറ്റി

‘സുഖകരമായ കാലാവസ്ഥയുള്ള നഗരം എന്ന ഖ്യാതി ബെംഗളൂരുവിന് നഷ്ടപ്പെടുകയാണ്. വായുമലിനീകരണം രൂക്ഷമായതോടെ വിട്ടുമാറാത്ത രോഗങ്ങളാണ് വലയ്ക്കുന്നത്. കോവിഡ് വരുന്നതിന് മുൻപേ തന്നെ വായുമലിനീകരണത്തിൽ നിന്ന് രക്ഷനേടാൻ മാസ്ക് ശീലമാക്കിയവർ നഗരത്തിലുണ്ട്. ഒരു ദിവസം ടാങ്കർ വെള്ളം വന്നില്ലെങ്കിൽ നിത്യജീവിതം തന്നെ തകിടംമറിയുന്ന അവസ്ഥയിലാണ് ഇന്ന് നഗരവാസികൾ. ഒരു കാലത്ത് നഗരത്തിന്റെ ദാഹം മാറ്റിയിരുന്ന തടാകങ്ങൾ ഇന്ന് മാലിന്യസംഭരണികളാണ്. ഈ തടാകങ്ങളിൽ നിന്നുള്ള മലിന ജലമാണ് ടാങ്കറുകളിൽ വീടുകളിൽ എത്തുന്നത്.’

നാട്ടിലേക്ക് മടങ്ങിയവർ പോലുമുണ്ട്! : പി.കെ.ജോർജ് (കഗദാസപുര)

‘വികസന പദ്ധതികളുടെ പേരിൽ തണൽ മരങ്ങൾ വെട്ടിമാറ്റിയതും വാഹനങ്ങളുടെ ബാഹുല്യവും കാരണം വായുമലിനീകരണം രൂക്ഷമായിരിക്കുകയാണ്. പ്രായമായവർ വിവിധതരം രോഗങ്ങൾ കൊണ്ട് വലയുന്നു. രൂക്ഷമായ വായുമലിനീകരണത്തിൽ നിന്ന് രക്ഷതേടി നഗരത്തിലെ വീടും സ്ഥലവും വിറ്റ് വാർധക്യകാലത്ത് കേരളത്തിലെ ഉൾഗ്രാമങ്ങളിലേക്ക് മാറിയവരും കുറവല്ല. 1980 കാലഘട്ടത്തിലാണ് ജീവിതം കരുപ്പിടിപ്പിക്കാൻ നഗരത്തിലെത്തിയത്. ജലക്ഷാമം അന്നും ഉണ്ടായിരുന്നെങ്കിലും  വായുമലിനീകരണവും ചൂടും കുറവായിരുന്നു. അശാസ്ത്രീയമായ കോൺക്രീറ്റ്്‌വൽക്കരണമാണ് നഗരം ഇന്ന് നേരിടുന്ന പ്രധാന വിപത്ത്. മഴവെള്ളത്തിന് ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാൻ കഴിയാതെ വന്നതോടെ ജനുവരി എത്തുമ്പോൾ തന്നെ കുഴൽക്കിണറുകൾ വറ്റുകയാണ്. പറഞ്ഞ പണം നൽകി മലിനജലം കുടിച്ച് കഴിയേണ്ട അവസ്ഥയാണ്.’

English Summary: High levels of air pollution observed in Bengaluru, says study

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS