രക്തത്തിൽ കടന്ന് ജീവശ്വാസത്തെ വരിഞ്ഞു മുറുക്കും; ശാസ്ത്രത്തെ ഞെട്ടിച്ച ‘മൈക്രോ’ വില്ലൻ

Microplastics Found even in Human Blood; We should Know this New Threat
SHARE

പ്ലാസ്റ്റിക്കിന്റെ ദോഷഫലങ്ങളെക്കുറിച്ച് കുറിച്ച് ഏതാണ്ടെല്ലാവരും തന്നെ വളരെ വ്യക്തമായി ഇതിനോടകം അറിഞ്ഞിട്ടുണ്ടാകാം. ചിലർ അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ പ്ലാസ്റ്റിക് അനാവശ്യമായി ഉപയോഗിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോൾ മൈക്രോ പ്ലാസ്റ്റിക് എന്ന പദവും പതിയെ കേട്ടു തുടങ്ങിയിരിക്കുന്നു. 2021ലെ ഒരു പഠന റിപ്പോർട്ട് പ്രകാരം ഇന്ത്യയാണ് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് നിർമിക്കുന്നതും ഉപയോഗിക്കുന്നതും. 56 ലക്ഷം ടൺ മാലിന്യം ആണ് ഇതിലൂടെ ലോകത്ത് ഉണ്ടാക്കുന്നത്. 2004 മുതൽ തന്നെ മൈക്രോ പ്ലാസ്റ്റിക്കിനെക്കുറിച്ചുള്ള പഠനങ്ങൾ സമുദ്രങ്ങൾ കേന്ദ്രീകരിച്ച് ആരംഭിച്ചിരുന്നു. മണ്ണ്, ജലം, വായു എന്നിവയെ ഒരുപോലെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് മൈക്രോ പ്ലാസ്റ്റിക് അഥവാ പ്ലാസ്റ്റിക് തരികൾ.

എന്താണ് മൈക്രോ പ്ലാസ്റ്റിക്?

Microplastic pollution is everywhere, but scientists are still learning

അഞ്ച് മില്ലിമീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് തരികളെയാണ് മൈക്രോ പ്ലാസ്റ്റിക് എന്ന് ശാസ്ത്രലോകം വിളിക്കുന്നത്. വലിയ പ്ലാസ്റ്റിക് കഷണങ്ങൾ അൾട്രാവയലറ്റ് വികിരണങ്ങൾ വഴിയും കടൽ തിരമാലകൾ വഴിയും മറ്റ് ജൈവീക പ്രവർത്തനങ്ങൾ വഴിയുമാണ് ചെറിയ പ്ലാസ്റ്റിക് തരികൾ ആയി മാറുന്നത്. ഇത് വലിയ പ്ലാസ്റ്റിക്കിനേക്കാളും വലിയ ദോഷമാണ് മണ്ണിനും മനുഷ്യനും പ്രകൃതിക്കും ഉണ്ടാക്കുന്നത്.

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) കണക്കു പ്രകാരം 15 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം ആണ് ഒരുവർഷം കടലിലേക്ക് ഒഴുക്കി വിടുന്നത്. ഒരാഴ്ചയിൽ ഒരു വ്യക്തി ശരാശരി 212 ഗ്രാം പ്ലാസ്റ്റിക് ബാഗ് കടലിൽ വലിച്ചെറിയപ്പെടുന്നതായാണു കണക്ക്. ഇങ്ങനെ എത്തിപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യം ജൈവിക പ്രക്രിയകൾ വഴി ചെറിയ പ്ലാസ്റ്റിക് കഷ്ണങ്ങളായി മാറുന്നു. ഇതു വലിയ രീതിയിൽ കടൽ ജീവികളെ ബാധിക്കുന്നു. മത്സ്യങ്ങൾ ഭക്ഷണമാണ് എന്ന് കരുതി പ്ലാസ്റ്റിക് തരികൾ ഭക്ഷിക്കുന്നു. അങ്ങനെ എത്തുന്ന പ്ലാസ്റ്റിക് തരികൾ മത്സ്യം ഭക്ഷിക്കുന്നതിലൂടെ മനുഷ്യനിലേക്കും ഭക്ഷ്യശൃംഖലയിലേക്കും കടക്കുന്നു. ഇത് വലിയ അപകടം സൃഷ്ടിക്കുന്നു. 

രക്തത്തിലും മൈക്രോ പ്ലാസ്റ്റിക്!

microplastics-in-human-blood-pose-a-health-risk

കടലിനെ മാത്രം ബാധിക്കുന്ന ഒരു അപകട വസ്തുവല്ല മൈക്രോ പ്ലാസ്റ്റിക്കുകൾ. മണ്ണിലേക്ക് എത്തുന്നതു വഴി ഇവ മണ്ണ് തുരന്ന് ജീവിക്കുന്ന ജീവികളെ പ്രതികൂലമായി ബാധിക്കുകയും ചെടികളുടെ വേരിന്റെ വളർച്ചയെ സാരമായി ബാധിക്കുകയും ചെയ്യും. പ്ലാസ്റ്റിക്കിൽനിന്ന് പുറന്തള്ളപ്പെടുന്ന ഹെവി മെറ്റലുകൾ ആയ സിങ്ക്, ലെഡ്, മെർക്കുറി, കാഡ്മിയം പോലുള്ളവ വിവിധ ജലസ്രോതസ്സുകളിൽ കലരുന്നതിലൂടെ നമ്മുടെ കുടിവെള്ളവും മറ്റു ജലസ്രോതസ്സുകളും മലിനപ്പെട്ടു കൊണ്ടിരിക്കുകയാണ്. 

നെതർലൻഡ്സിലെ ഒരു പഠനത്തിൽ രക്ത സാംപിളുകളില്‍ പോലും മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതു വലിയ ചലനമാണ് ലോകത്ത് സൃഷ്ടിച്ചത്. പ്ലാസ്റ്റിക്കിന്റെ കൂടുതൽ വിശാലമായ ഭീകരത ഇത് തുറന്നുകാട്ടുന്നു. പ്രകൃതിക്ക് ഏറെ പരിഗണന നൽകുകയും, മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏറെയുള്ളതുമായ നെതർലൻഡ്സിൽ പോലും മൈക്രോ പ്ലാസ്റ്റിക് മാലിന്യം രക്തത്തിൽ കണ്ടത് ശാസ്ത്രലോകത്തെ ഞെട്ടിച്ചു. 

blaise-jose
ബ്ലെയ്‌സ് ജോസ്

മൈക്രോ പ്ലാസ്റ്റിക് എന്തെല്ലാം തരത്തിലാണ് മനുഷ്യ ശരീരത്തെ ബാധിക്കുന്നത് എന്നതു സംബന്ധിച്ച പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ചില ദോഷവശങ്ങൾ ഇപ്പോൾത്തന്നെ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്, പ്ലാസ്റ്റിക് ശരീരത്തിലെത്തിയാൽ ചുവന്ന രക്താണുക്കളെ ‘കവർ’ ചെയ്ത് ഓക്സിജനെ വഹിക്കാൻ ഉള്ള അവയുടെ കഴിവ് കുറയ്ക്കുന്നു. അതായത് നമ്മുടെ ജീവശ്വാസത്തെ വരിഞ്ഞു മുറുക്കുന്നു. കൂടാതെ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്

പ്ലാസ്റ്റിക് മുഴുവൻ ഒഴിവാക്കിക്കൊണ്ട് ഒരു ജീവിതം ഇന്നത്തെ സാഹചര്യത്തിൽ സാധ്യമല്ല. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ആണ് പ്രധാനമായും മൈക്രോ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടാക്കുന്നത്. ബാക്കിയുള്ളവ റീസൈക്കിൾ ചെയ്ത് പുതിയ ഉൽപന്നങ്ങളായി എത്തുന്നുണ്ട്. എന്നാൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ വ്യാപകമായി വലിച്ചെറിയപ്പെടുന്നു. അത് മൈക്രോ പ്ലാസ്റ്റിക് ആയി മാറി പ്രകൃതിയെ ദോഷകരമായി ബാധിക്കുന്നു. പരമാവധി പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം കുറച്ചും, പരമാവധി ഉൽപന്നങ്ങൾ റീസൈക്കിൾ ചെയ്തും, വീണ്ടും ഉപയോഗിക്കാവുന്നവ വീണ്ടും ഉപയോഗിച്ചും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കാൻ സാധിക്കും. ഈ പരിസ്ഥിതി ദിനത്തിൽ പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ച് പ്രകൃതിയെ സംരക്ഷിക്കുമെന്നു നമുക്കും പ്രതിജ്ഞയെടുക്കാം.

(കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച് സ്കോളറാണ് ലേഖകൻ)

English Summary: Microplastics Found even in Human Blood; We should Know this New Threat 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS