ഭൂമിയുടെ ശ്വാസകോശം അവതാളത്തിൽ; ആമസോണിൽ ഉയർന്ന കാർബൺ വികിരണം

The Amazon rainforest is officially creating more greenhouse gases than it is absorbing
Image Credit: Gustavo Frazao/ Shutterstock
SHARE

ഭൂമിയുടെ ശ്വാസകോശം... ആമസോൺ മഴക്കാടുകളെക്കുറിച്ച് ആലങ്കാരികമായാണ് ഇതു പറയുന്നതെങ്കിലും വളരെയേറെ സത്യവത്തായ കാര്യമാണിത്. ഭൂമിയുടെ അന്തരീക്ഷത്തിന്റെ വായുനിലവാരവും മികവും വലിയ തോതിൽ ഈ മഴക്കാടുകളുമായി ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്.

എന്നാൽ ആമസോൺ മഴക്കാടുകളിൽ നിന്നുള്ള കാർബൺ വികിരണത്തിൽ വലിയ തോതിൽ വർധനയുണ്ടെന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. 2019, 2020 വർഷങ്ങളിലെ വികിരണത്തിന്റെ ശരാശരിത്തോത് അതിനു മുൻപുള്ള എട്ടു വർഷങ്ങളെ അപേക്ഷിച്ച് വളരെക്കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഇന്ന് ലോക പരിസ്ഥിതി ആരോഗ്യ ദിനം. ഈ ദിനത്തിൽ ആമസോണിലെ ശോഷണവും തദ്ഫലമായുണ്ടാകുന്ന പാരിസ്ഥിതിക പ്രതിസന്ധികൾ പ്രത്യേകം ചർച്ച ചെയ്യപ്പെടേണ്ടതാണ്.

ആമസോൺ മേഖലയിലെ നിയമപരിപാലനത്തിലുണ്ടായ വീഴ്ചയാണ് ഉയർന്ന തോതിലുള്ള വികിരണങ്ങൾക്കു വഴിവച്ചതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. വനനശീകരണം ഇതു മൂലം അധികരിച്ചു. ഇതാണ് കാർബൺ വികിരണത്തോത് കൂടാനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഭൂമിയുടെ കാർബൺ ഭൂപടത്തിൽ ആമസോണിന് വലിയ സ്ഥാനമുണ്ട്. ഇവിടത്തെ മണ്ണിലും മരങ്ങളിലുമായി വമ്പൻ തോതിലുള്ള കാർബണാണ് ശേഖരിക്കപ്പെട്ടിരിക്കുന്നത്. ആമസോണിന്റെ നല്ലൊരു ഭാഗം സ്ഥിതി ചെയ്യുന്ന രാജ്യമായ ബ്രസീലിലും അയൽരാജ്യങ്ങളിലും കൃഷിക്കും മറ്റുമായി വനനശീകരണം തകൃതിയായതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. 

കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ഇതിന്റെ തോത് വളരെയേറെ കൂടിയിട്ടുണ്ട്. ആമസോണിലെ ബാക്കിയുള്ള മരങ്ങൾക്ക് ആഗിരണം ചെയ്യാവുന്നതിനേക്കാൾ കൂടിയ തോതിൽ കാർബൺ വികിരണം നടക്കുന്നുണ്ടെന്നാണു ഗവേഷകരുടെ കണ്ടെത്തൽ.ആമസോണിന്റെ കിഴക്കൻ ഭാഗങ്ങളിലായിരുന്നു ഇതിന്റെ തോത് വളരെക്കൂടുതൽ. എന്നാൽ ഇപ്പോൾ പടിഞ്ഞാറൻ ഭാഗങ്ങളിലും കാർബൺ വികിരണം വൻതോതിൽ ഉടലെടുക്കുന്നെന്ന് ശാസ്ത്രജ്ഞർ ഗവേഷണത്തിലൂടെ തെളിയിച്ചു. ചെറിയ പ്ലെയിനുകളിൽ കഴി‍ഞ്ഞ ഒരു ദശകത്തിലായി ആമസോണിന്റെ പല ഭാഗങ്ങളിൽ നിന്ന് വായു സാംപിളുകൾ ശേഖരിച്ചായിരുന്നു ശാസ്ത്രജ്​ഞരുടെ ഗവേഷണം. 2010മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ ഉടലെടുത്ത കാർബൺ വികിരണങ്ങളെക്കാൾ 89 ശതമാനം കൂടുതൽ വർധന 2019ൽ സംഭവിച്ചു. 2020ൽ 122 ശതമാനം അധികമാണ് വർധനയുണ്ടായത്. 2020ൽ വനനശീകരണത്തോതിൽ 75 ശതമാനം വർധന രേഖപ്പെടുത്തിയത് ലോകത്തിനാകെ മുന്നറിയിപ്പായി.

ബ്രസീൽ പ്രസിന്റ് ബൊൽസൊനാരോയെയാണ് ഇക്കാര്യത്തിൽ ഗവേഷകർ പ്രധാനമായും പ്രതിക്കൂട്ടിൽ നിർത്തുന്നത്. 2019ൽ അധികാരമേറ്റ ശേഷം ആമസോണിനെ സംരക്ഷിച്ച നിയമങ്ങളിൽ ബൊൽസൊനാരോ ഇളവുകൾ വരുത്തിയിരുന്നു.ഉയർന്ന തോതിലുണ്ടാകുന്ന വികിരണങ്ങൾ ആമസോൺ മേഖലയിൽ തന്നെ കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്നെന്നായിരുന്നു ഗവേഷകരുടെ കണ്ടെത്തൽ. മഴപ്പെയ്ത്തിൽ 26 ശതമാനം കുറവും ഉയർന്ന താപനിലയും ഇതിന്റെ ഫലമായി ഉടലെടുത്തു. ഓഗസ്റ്റ് 2021 മുതൽ ജൂലൈ 2022 വരെയുള്ള കാലയളവിൽ 8500 ചതുരശ്ര കിലോമീറ്റർ വനഭൂമി നശിച്ചെന്നാണ് കണക്ക്. യുഎസ് സംസ്ഥാനമായ ഡെലാവറിന്റെ അതേ വിസ്തീർണത്തിലുള്ള ഭൂമിയിലാണ് പൂർണ വനനശീകരണം സംഭവിച്ചതെന്നത് ഞെട്ടിക്കുന്ന സംഗതിയാണ്. ആമസോണിന്റെ ആരോഗ്യം ഭൂമിയുടെ ആരോഗ്യമാണ്. രാജ്യാന്തര രംഗത്തു നിന്ന് ഇതിന്റെ നശീകരണത്തിനു തടയിടാനുള്ള സമ്മർദ്ദം ബ്രസീൽ സർക്കാരിനു മേൽ ഉടലെടുക്കുമെന്നാണ് രാജ്യാന്തര പരിസ്ഥിതി മേഖലയുടെ പ്രതീക്ഷ.

English Summary: The Amazon rainforest is officially creating more greenhouse gases than it is absorbing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA