ADVERTISEMENT

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. വായുനിലവാര സൂചികയില്‍ 431ആണ് ഇന്നത്തെ വായു ഗുണനിലവാരം. ഡല്‍ഹിയില്‍ നാലാംക്ലാസ് വരെയുള്ള സ്കൂളുകള്‍ക്ക് പ്രഖ്യാപിച്ച അവധിയും  അമ്പത് ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് അറ്റ് ഹോമും അനുവദിച്ചുള്ള തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വന്നു. മലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ട്രക്കുകള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്.

 

ഡല്‍ഹിയില്‍ മാത്രമല്ല പരിസര പ്രദേശങ്ങളിലും വായുമലിനീകരണം രൂക്ഷമായി തുടരുകയാണ്. നോയിഡയില്‍ വായുനിലവാര സൂചികയില്‍ 529 ആണ് രേഖപ്പെടുത്തിയിരിക്കുനനത്. ഗുരുഗ്രാമില്‍ 478ഉം, ധീര്‍പൂരില്‍ 534ഉമാണ് വായുനിലവാരം. ആന്‍റി സ്മോഗ് ഗണ്ണുകള്‍ ഉപയോഗിച്ച് വെള്ളം സ്പ്രേ ചെയ്ത് പൊടിപടലങ്ങള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ ഡല്‍ഹിയുലടനീളം ആരംഭിച്ചു. ട്രക്കുകള്‍ക്കും ഡീസല്‍ ഇന്ധനമായി ഉപയോഗിക്കുന്ന മീഡിയും ഹെവി ചരക്ക് വാഹനങ്ങള്‍ക്കും, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഡീസല്‍ വാഹനങ്ങള്‍ക്കും കെട്ടിനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. 

 

ഈ നടപടികള്‍ക്ക് ശേഷവും മലിനീകരണത്തില്‍ കാര്യമായ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അടുത്ത ചൊവ്വാഴ്ചവരെ അവധി നല്‍കിയിരിക്കുന്നത്. മറ്റ് ക്ലാസുകള്‍ക്ക് അസംബ്ലി, കായിക പരിപാടികള്‍ പോലുള്ള ക്ലാസിന് പുറത്തെ പ്രവൃത്തികളും നിര്‍ത്തിവച്ചു. വായമലിനീകരണത്തിന് കുറവില്ലാത്തതിന്‍റെ പ്രധാന കാരണം വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തുടരുന്നതാണ്. പഞ്ചാബില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്  വയലവശിഷ്ടങ്ങള്‍ കത്തിക്കുന്നത് വര്‍ധിച്ചിരിക്കുകയാണ്.

 

38% മലിനീകരണവും കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്നതിനാൽ

ഡൽഹിയിലെ വായു മലിനീകരണത്തിന്റെ 38% കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്നതിനെ തുടർന്നെന്ന് കണക്കുകൾ. ശ്വാസകോശത്തെ ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്റർ 2.5ന്റെ നില അപകടനിലയിലെത്താൻ കാരണം പഞ്ചാബ്, ഹരിയാന, യുപി സംസ്ഥാനങ്ങളിൽ കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്ന സംഭവങ്ങളാണെന്നാണു വിലയിരുത്തൽ. ബുധനാഴ്ച പഞ്ചാബിൽ മാത്രം  3,634 കത്തിക്കൽ സംഭവങ്ങളാണു റിപ്പോർട്ട് ചെയ്തത്. സീസണിലെ ഏറ്റവും വലിയ കണക്കാണിത്. ചൊവ്വാഴ്ച്ചയിതു 1,842 ആയിരുന്നു. തിങ്കളാഴ്ച  2,131, ഞായറാഴ്ച 1,761. ദീപാവലി ദിവസമായ ഒക്ടോബർ 24നു പിഎം 2.5ന്റെ 8% മാത്രമായിരുന്നു കത്തിക്കുന്നതിനെ തുടർന്നുള്ള പൊടി. ഇതാണ് ഏതാനും ദിവസങ്ങൾ കൊണ്ടു വർധിച്ചത്. അതേസമയം ഹരിയാനയിൽ 112 സംഭവങ്ങളും യുപിയിൽ 43 സംഭവങ്ങളുമാണു ഇന്നലെ സ്ഥിരീകരിച്ചത്.

 

വലഞ്ഞ് ജനം, രാഷ്ട്രീയ ആയുധമാക്കി പാർട്ടികൾ

വായു മലിനീകരണത്തിൽ നഗരവാസികൾ വലയുമ്പോഴും വിഷയത്തിൽ രാഷ്ട്രീയപ്പോര്. ആംആദ്മി പാർട്ടിക്കെതിരെ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് കഴിഞ്ഞ ദിവസം ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനു മറുപടിയുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ തിരിച്ചടിച്ചു. പഞ്ചാബിൽ കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്ന സംഭവങ്ങൾ വർധിക്കാൻ കാരണം കേന്ദ്രസർക്കാരാണെന്നും വായു മലിനീകരണം നിയന്ത്രിക്കാനായില്ലെങ്കിൽ കേന്ദ്രസർക്കാർ രാജിവയ്ക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പഞ്ചാബിലെ കത്തിക്കൽ സംഭവങ്ങൾ മുൻവർഷത്തെക്കാൾ കൂടുതലാണെന്ന് കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വായു മലിനീകരണ നിയന്ത്രണ കമ്മിഷനും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

 

English Summary:Under thick smog blanket, Delhi’s air quality remains ‘severe’

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com