ADVERTISEMENT

ഡൽഹി നഗരത്തിലെ വായു മലിനീകരണം വളരെ മോശം അവസ്ഥയിൽ. മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ മൂന്നാംഘട്ട നിയന്ത്രണങ്ങൾ തുടരുമെന്നു വായു മലിനീകരണ നിയന്ത്രണ കമ്മിഷൻ അറിയിച്ചു. ഞായറാഴ്ച ഡൽഹിയിലെ എക്യുഐ(വായു നിലവാര സൂചിക) 259 എന്ന മോശം അവസ്ഥയാണു രേഖപ്പെടുത്തിയത്. എന്നാൽ ഇന്നലെ ഇതു 357 എന്ന വളരെ മോശം അവസ്ഥയിലെത്തി. കാറ്റു കുറഞ്ഞതും പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളുമാണു വായുനില മോശമാകാൻ കാരണമെന്നു അധികൃതർ പറഞ്ഞു.

 

ദേശീയതലസ്ഥാന മേഖലയിൽ കൽക്കരി ഉപയോഗം അവസാനിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ വായു മലിനീകരണ നിയന്ത്രണ കമ്മിഷന്റെ(സിഎക്യുഎം) നിർദേശം അനുസരിച്ചാണു പുതുവത്സരദിനം മുതൽ കൽക്കരി ഉൾപ്പെടെയുള്ള  ഇന്ധനങ്ങൾ വ്യവസായ കേന്ദ്രങ്ങളിലും കമേഴ്സ്യൽ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്നത് അവസാനിപ്പിച്ചത്. അതേസമയം  തെർമൽ പവർ പ്ലാന്റുകളിൽ കുറഞ്ഞ സൾഫർ പുറന്തള്ളുന്നതരം കൽക്കരി മാത്രം ഉപയോഗിക്കാൻ അനുമതിയുണ്ട്. 

 

നഗരത്തിലെ വായുമലിനീകരണ സാഹചര്യം ഒഴിവാക്കാനുള്ള പ്രതിരോധ നടപടികൾ കമ്മിഷൻ ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. അടുത്ത 5 വർഷത്തിനുള്ളിൽ നഗരത്തിലെ വായുനില മെച്ചപ്പെടുത്തുകയാണു ലക്ഷ്യം. ഇതിന്റെ ഭാഗമായാണു ജനുവരി ഒന്നു മുതൽ കൽക്കരി ഉപയോഗം നിരോധിച്ചത്. കൽക്കരി ഉൾപ്പെടെയുള്ള ഇന്ധനങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങളോടു പ്രവർത്തനം അവസാനിപ്പിക്കാനോ മറ്റ് ഇന്ധനങ്ങളിലേക്കു മാറാനോ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവർത്തനം തുടരുന്നവർക്കു കാരണം കാണിക്കൽ നോട്ടിസ് ഇനി മുതൽ നൽകില്ല.

 

പിഴ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഇവർക്കെതിരെ സ്വീകരിക്കും. 6 മാസം മുൻപു തന്നെ വിലക്ക് പ്രഖ്യാപിച്ചിരുന്നുവെന്നും സ്ഥാപനങ്ങൾക്ക് ആവശ്യത്തിലേറെ സമയം അനുവദിച്ചതാണെന്നും കമ്മിഷൻ അധികൃതർ വ്യക്തമാക്കി. വിറക്, ബാംബു ചാർക്കോൾ തുടങ്ങിയ സ്രോതസുകൾക്കെല്ലാം വിലക്കുണ്ട്. അതേസമയം ശ്മശാനങ്ങളിലും മറ്റും സംസ്കാര ആവശ്യങ്ങൾക്കു വിറക് ഉപയോഗിക്കാം.ഹോട്ടൽ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിൽ തന്തൂർ അടുപ്പിൽ വിറകും ചാർക്കോളും ഉപയോഗിക്കുന്നതിനു വിലക്കില്ല. വസ്ത്രം ഇസ്തിരിയിടാൻ തടിയുടെയും മറ്റും കരി ഉപയോഗിക്കുന്നതിനും അനുവാദമുണ്ട്. ദേശീയതലസ്ഥാന മേഖലയിലെ വ്യവസായ കേന്ദ്രങ്ങളിൽ പ്രതിവർഷം 17 ലക്ഷം ടൺ കൽക്കരി ഉപയോഗിക്കുന്നുവെന്നാണു കണ്ടെത്തൽ. ഇതിൽ 6 വ്യവസായ ജില്ലകളിലാണു 14 ലക്ഷം ടണ്ണും ഉപയോഗിക്കുന്നത്. 

 

English Summary: Delhi Pollution Showing Upward Trend, Curbs To Remain: Air Quality Panel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com