ADVERTISEMENT

ബ്രസീലിന്റെ തീരത്ത് നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ഒരു ലാവാ ദ്വീപിൽ പര്യവേഷണം നടത്തുന്ന ഗവേഷകരാണ് വിചിത്ര രൂപത്തിലും നിറത്തിലുമുള്ള ഒരു പാറക്കൂട്ടം കണ്ടെത്തിയത്. അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് രൂപപ്പെട്ടിട്ടുള്ള ദ്വീപായതിനാൽ ഒരു പക്ഷേ ഭൂമിക്കടിയിൽ നിന്ന് പുറത്തേക്കു വന്ന മിനറലുകൾ എന്തെങ്കിലുമാകും ഈ പാറകളുടെ നിറം മാറ്റത്തിന് പിന്നിലെന്നാണ് ആദ്യം കരുതിയത്. നീലകലർന്ന പച്ച നിറത്തിൽ കാണപ്പെട്ട ഇവയ്ക്ക് പവിഴപ്പുറ്റുകളിലെ പാറകളോടും സാമ്യമുണ്ടായിരുന്നു എങ്കിലും ഇവ ഈ ഗണത്തിലും പെടുന്നില്ലെന്ന് ഗവേഷകർ മനസ്സിലാക്കി. തുടർന്ന് വിശദമായ ശാസ്ത്ര പരിശോധനയ്ക്ക് അയച്ചപ്പോൾ ലഭിച്ച വിശദാംശങ്ങൾ അമ്പരപ്പിക്കുന്നതും അതേ സമയം ആശങ്കപ്പെടുത്തുന്നതുമായിരുന്നു. 

പ്ലാസ്റ്റിഗ്ലോമറേറ്റ്സ്

വർഷത്തിൽ ഏതാണ്ട് അഞ്ച് മുതൽ പന്ത്രണ്ട് വരെ ടൺ പ്ലാസ്റ്റിക് സമുദ്രത്തിലേക്ക് എത്തിച്ചേരുന്നുണ്ടെന്നാണ് കണക്ക്. ഇവയിൽ ഒരു ഭാഗം സമുദ്രത്തിൽ തന്നെ ഒഴുകി നടക്കുമ്പോൾ ചിലത് അടിത്തട്ടിലേക്ക് ചെല്ലുന്നു. മറ്റൊരു ഭാഗം ഒറ്റപ്പെട്ട ദ്വീപുകളിലു, മറ്റ് തീരപ്രദേശങ്ങളിലുമെത്തിച്ചേരുന്നു. ഇങ്ങനെ ആളൊഴിഞ്ഞ ദ്വീപുകളിൽലെത്തിച്ചേരുന്ന പ്ലാസ്റ്റിക്കാണ് ബ്രസീൽ തീരത്തുള്ള ലാവാ ദ്വീപിൽ പ്ലാസ്റ്റിഗ്ലോമറേറ്റ്സായി മാറിയത്. ലാവയുമായി ഉരുകി ചേർന്ന മറ്റ് മിനറലുകൾക്ക് ഒപ്പം പ്ലാസ്റ്റിക് കൂടി ചേർന്നാണ് പ്ലാസ്റ്റിഗ്ലോമറേറ്റ്സ് ഉണ്ടാകുന്നത്.

ബ്രസീലിൽ നിന്ന് അറ്റ്ലാന്റിക് സമുദ്രത്തിൽ ഏതാണ്ട് ആയിരത്തി ഇരുന്നൂറ് കിലോമീറ്റർ അകലെയാണ് ഈ അഗ്നിപർവത ലാവാ ദ്വീപുള്ളത്. പരാനാ ഫെഡറൽ സർവകലാശാലയിലെ ഗവേഷകരാണ് ഈ പ്ലാസ്റ്റിഗ്ലോമറേറ്റ്സുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ട്രിനിഡേഡ് ദ്വീപസമൂഹത്തിന്റെ ഭാഗമായ ഈ ദ്വീപ് ഗ്രീൻ ടർട്ടിൽ എന്നു വിളിക്കുന്ന കടലാമകളുടെ സംരക്ഷണ കേന്ദ്രം കൂടിയാണ്. തുടക്കത്തിൽ നീല കലർന്ന പച്ച നിറമുള്ള ഈ പാറകൾ എങ്ങനെയുണ്ടായി എന്ന് കണ്ടെത്താൻ ഗവേഷകർക്ക് സാധിച്ചില്ല. തുടർന്നാണ് ദ്വീപിൽ നിന്ന് ശേഖരിച്ച സാംപിളുകളിൽ ഇവർ നിരവധി പരിശോധനകൾ നടത്തിയത്. ഇതേതുടർന്നാണ് മണ്ണിലും മറ്റ് മിനറലുകളിലും ചേർന്ന് കിടക്കുന്ന പ്ലാസ്റ്റിക് ലാവയിൽ ഉരുകിയാണ് ഈ പാറപോലുള്ള രൂപങ്ങൾ ഉണ്ടായതായി ഗവേഷകർ മനസ്സിലാക്കിയത്. ഈ പ്ലാസ്റ്റികിൽ വലിയൊരു പങ്കും മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലയുടെ അവശിഷ്ടങ്ങളാണെന്നും ഗവേഷകർ തിരിച്ചറിഞ്ഞു. സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യത്തിൽ താരതമ്യേന വലിയ പങ്ക് തന്നെയാണ് ഈ വലകൾക്കുള്ളത്.

ഭയപ്പെടുത്തുന്ന കണ്ടെത്തൽ

ശാസ്ത്രത്തെ തന്നെ ഞെട്ടിക്കുന്നതും ഭയപ്പെടുത്തുന്നതുമായ കണ്ടെത്തലെന്നാണ് ഗവേഷകർ പ്ലാസ്റ്റിഗ്ലോമറേറ്റ്സിന്റെ സാന്നിധ്യത്തെ വിശേഷിപ്പിച്ചത്. പ്ലാസ്റ്റിക് എങ്ങനെ ഭൗമഘടനയുടെ ഭാഗമായി മാറിയെന്നതിന് തെളിവാണ് പ്ലാസ്റ്റിഗ്ലോമറൈറ്റ്സുകൾ എന്ന് ഗവേഷകർ പറയുന്നു.ട്രിൻഡേഡ് ദ്വീപുകളിൽ മുൻപ് തന്നെ മത്സ്യബന്ധന വലകളുടെ വലിയ തോതിലുള്ള മാലിന്യ ശേഖരം കണ്ടെത്തിയിരുന്നു. എന്നാൽ ഇവ ലാവയുമായി ചേർന്ന് ഇപ്പോൾ പ്രദേശത്തെ ഭൗമഘടനയുടെ ഭാഗമായി എന്നത് അപകട സൂചന നൽകുന്ന ഒന്നാണെന്നും ഗവേഷകർ പറയുന്നു.

ഇതാദ്യമായല്ല ഭൂമിയിൽ പ്ലാസ്റ്റിഗ്ലോമറേറ്റ്സുകൾ കണ്ടെത്തുന്നത്. 2014 ലാണ് ഈ പദാർത്ഥത്തിന്റെ സാന്നിധ്യം ആദ്യമായി ശാസ്ത്രലോകം തിരിച്ചറിയുന്നത്. ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ അപകടകരമായ ഈ പദാർത്ഥത്തിന്റെ സാന്നിധ്യമുണ്ടെന്നും ഇവർ വിശദീകരിക്കുന്നു. ഈ പദാർഥത്തിന്റെ രൂപപ്പെടലിന് ലാവ പോലുള്ള വലിയ താപനിലയുള്ള വസ്തുവിന്റെ സാന്നിധ്യം അനിവാര്യമല്ല. ഉയർന്ന താപനിനയിൽ ഏത് സാഹചര്യത്തിലും പ്ലാസ്റ്റിഗ്ലോമറേറ്റ്സുകൾ രൂപപ്പെടാറുണ്ട്. ഇതുവരെ പ്ലാസ്റ്റിഗ്ലോമറേറ്റ്സുകൾ കണ്ടെത്തിയത് മനുഷ്യരുടെ സജീവമായ സാന്നിധ്യമുള്ള മേഖലകളിലാണ്. എന്നാൽ ഇതാദ്യമായാണ് മനുഷ്യസാമീപ്യമുള്ള പ്രദേശത്ത് നിന്ന് നൂറ് കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള ഒറ്റപ്പെട്ട മേഖലയിൽ ഈ പദാർത്ഥത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത്.

ട്രിൻഡേഡ് എന്നത് പാരിസ്ഥിതികമായി ഏറെ നിർണായകമായ ദ്വീപ് മേഖലകൂടിയാണ്. വംശനാശഭീഷണി നേരിടുന്ന ഗ്രീൻ ടർട്ടിലെന്ന ആമകളുടെ കൂടുകൾ വലിയ തോതിൽ കണ്ട് വരുന്ന മേഖലയാണിത്. കൂടാതെ കൂനൻ തിമിംഗലം അഥവാ ഹംപ് ബാക്ക് വെയിൽ എന്ന തിമിംഗല വർഗത്തിന്റെയും പ്രജനനം സജീവമായി നടക്കുന്നതും ഈ ദ്വീപ് മേഖലയിലാണ്. ബ്രസീലിയൻ നേവിയുടെ ഒരു ഔട്ട്പോസ്റ്റ് അല്ലാതെ മറ്റൊരു തരത്തിലും മനുഷ്യസാമീപ്യമില്ലാത്ത മേഖലയായതിനാൽ തന്നെ ഇത് വരെ സ്വാഭാവിക പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാത്ത ദ്വീപായാണ് ട്രിൻഡേഡിനെ കണക്കാക്കിയിരുന്നത്. ഈ ധാരണ തിരുത്തുന്നതാണ് പ്ലാസ്റ്റിഗ്ലോമറൈറ്റ്സുകളുടെ സാന്നിധ്യമെന്നും ഗവേഷകർ പറയുന്നു.

English Summary: Plastic Rocks Found On Remote Volcanic Island Are A "Terrifying” Discovery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com