80 വർഷങ്ങൾക്ക് മുൻപത്തെ നാത്‌സി യുദ്ധക്കപ്പൽ; ഇന്നും കടലിലേക്കു വിഷംതള്ളുന്ന ‘ജോൺ മാൻ’

johnmaraine
ജോൺ മാൻ കപ്പൽ (മുകളിൽ), കടലിൽ കണ്ടെത്തിയ കപ്പലിന്റെ അവശിഷ്ടങ്ങള്‍ (Photo: Facebook/ La Tercera)
SHARE

മുങ്ങിക്കിടക്കുന്ന ടൈറ്റാനിക്കിനെക്കുറിച്ചുള്ള വാർത്തകളും ചർച്ചകളും സജീവമാണ്. എന്നാൽ മുങ്ങിക്കിടക്കുന്ന കപ്പലുകൾ പലപ്പോഴും പരിസ്ഥിതി പ്രശ്‌നങ്ങൾക്കും പ്രതിസന്ധികൾക്കും ഇടയാക്കാറുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാണ് ജോൺ മാൻ എന്ന ജർമൻ കപ്പൽ. 1942ൽ യൂറോപ്പിലെ നോർത്ത് സീയിലാണ് ആ നാത്‌സി പടക്കപ്പലിനെ ബ്രിട്ടിഷ് യുദ്ധവിമാനങ്ങൾ മുക്കിയത്. ബെൽജിയൻ തീരത്തിനു സമീപമായിരുന്നു അത്. നോർത്ത് സീയിൽ നിരീക്ഷണയാത്രയ്ക്കിടെ കപ്പലിലേക്ക് ബ്രിട്ടിഷ് വ്യോമസേനയുടെ മിസൈലുകൾ പതിക്കുകയായിരുന്നു.

എന്നാലിപ്പോൾ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇതുമൂലം സംഭവിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. ഫ്രണ്ടിയേഴ്‌സ് ഇൻ മറൈൻ സയൻസ് എന്ന ശാസ്ത്രജേണലിൽ ഇതു സംബന്ധിച്ച പ്രബന്ധം കഴിഞ്ഞവർഷം പ്രസിദ്ധീകരിച്ചിരുന്നു. കപ്പലിലെ ഇന്ധനത്തിൽ നിന്ന് പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോ കാർബണുകൾ, ഹെവി ലോഹങ്ങൾ, സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ തുടങ്ങിയ മലിന, വിഷ വസ്തുക്കൾ കടലിൽ കലരുന്നുണ്ട്. ഇത് ആശങ്കയ്ക്കിടയാക്കുന്ന കാര്യമാണ്. ചോർച്ച നടക്കുന്ന കടൽഭാഗത്തെ ജൈവവൈവിധ്യവും മത്സ്യസമ്പത്തും ഇതുമൂലം പരുങ്ങലിലാകുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഇതുപോലെ ആയിരക്കണക്കിനു കപ്പലുകൾ രണ്ടാംലോകയുദ്ധത്തിന്റെ ബാക്കിപത്രമായി കടലിൽ മുങ്ങിക്കിടപ്പുണ്ട്. ഇവയിൽ നിന്നും സമാനമായ ചോർച്ച ഉടലെടുക്കുന്നുണ്ടാകാമെന്നതും ഒരു പരിസ്ഥിതി പ്രശ്‌നമാണ്.

എന്നാൽ ഇതിനിടെ തന്നെ ചില സൂക്ഷ്മജീവികൾ ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടിട്ടുണ്ടെന്നും ഗവേഷണം വ്യക്തമാക്കുന്നു. ചില ബാക്ടീരിയകൾ ഈ കപ്പൽ അവശിഷ്ടങ്ങളിൽ അധിവസിക്കുന്നതായും പരിശോധനകളിൽ ഗവേഷകർക്ക് വ്യക്തമായി. 1927ലാണ് ജോൺ മാൻ നീറ്റിലിറക്കിയത്. ട്രോളിങ് മത്സ്യബന്ധനത്തിനായുള്ള കപ്പലായിരുന്നു ആദ്യം ഇത്. എന്നാൽ രണ്ടാം ലോകയുദ്ധം കനത്തതോടെ 1939ൽ ഇതു ജർമൻ നാവികസേനയുടെ ഭാഗമായി മാറി. ക്രീഗ്‌സ്മറൈൻ എന്നാണ് ഇതിനു നൽകിയ പേര്. 1942ൽ നാത്‌സി നാവികസേന നടത്തിയ ഓപ്പറേഷൻ സെറിബ്രസ് എന്ന ദൗത്യത്തിൽ ഈ കപ്പൽ പങ്കെടുത്തിരുന്നു. ഈ കപ്പൽ മുക്കിയപ്പോൾ അതിൽ 38 ക്രൂ അംഗങ്ങളുണ്ടായിരുന്നു. ഇതിൽ 12 പേർ കൊല്ലപ്പെട്ടു. ബാക്കിയുള്ളവരെ ജർമൻ നാവികസേനാക്കപ്പലുകൾ രക്ഷിച്ചു.

English Summary: Toxic Chemicals Leak from Nazi Patrol Boat That Sank in the North Sea Even After 80 Years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS