ADVERTISEMENT

എളുപ്പത്തിൽ ഉപയോഗിച്ച് വലിച്ചെറിയാൻ കഴിയും എന്നതിനാൽ ഉപയോഗം കൂടിയ ഒന്നാണ് പ്ലാസ്റ്റിക് കപ്പുകളും സ്ട്രോകളും. എന്നാൽ പ്ലാസ്റ്റിക് മാലിന്യം എല്ലാ അതിരുകളും ലംഘിച്ച് പെരുകിയതോടെ പ്ലാസ്റ്റിക് ട്രോ, ഗ്ലാസ് തുടങ്ങിയിവയുടെ ഉപയോഗത്തിൽ വലിയ നിയന്ത്രണങ്ങൾ വന്നു. ഇതിന് പിന്നാലെയാണ് പ്രകൃതിക്ക് ഇണങ്ങിയ പരിഹാരം എന്ന നിലയിൽ വലിയ തോതിൽ കടലാസ് കപ്പുകളും സ്ട്രോകളും വിപണിയിലേക്ക് എത്തിയത്.

ഇന്ന് കടലാസ് കപ്പുകളും, പ്ലേറ്റുകളും, സ്ട്രോകളും എല്ലാം ചിരപരിചിതമാണ്. പാർട്ടികളിൽ തുടങ്ങി ബേക്കറികളിലും, ജ്യൂസ് കടകളിലും വരെ ഇവ ഇന്ന് ധാരാളമായി ഉപയോഗിക്കുന്നു. കടലാസ് ആയത് കൊണ്ട് തന്നെ ഒരു തവണ ഉപയോഗിച്ച് വലിച്ചെറിഞ്ഞാലും പ്ലാസ്റ്റിക് പോലെ കെട്ടിക്കിടക്കില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മറിച്ച് പെട്ടെന്ന് തന്നെ ദ്രവിച്ച് മണ്ണോട് ചേരുകയും മാലിന്യഭീഷണി അകറ്റുകയും ചെയ്യും. ഇക്കാരണങ്ങൾ കൊണ്ട് തന്നെ പ്രകൃതിയോട് ഇണങ്ങിയ ഒരു ബദലായാണ് ഇതുവരെ കടലാസ് കപ്പുകളെയും പാത്രങ്ങളെയും കണ്ടത്. എന്നാൽ പുതിയതായി പുറത്ത് വന്നിരിക്കുന്ന കണ്ടെത്തൽ ഈ ധാരണ പൂർണ്ണമായും തിരുത്തുന്നതാണ്. 

ലോകം മുഴുവൻ ഏതാണ്ട് സമാനമായ രീതിയിൽ നിരോധനം നേരിടുന്ന പ്ലാസ്റ്റിക് കപ്പുകൾക്ക് പകരക്കാരനായി കടന്ന് വന്ന കടലാസ് കപ്പുകളും, സ്ട്രോകളും എങ്ങനെയാണ് ഇപ്പോൾ നേർ വിപരീതമായ ഫലം ഉണ്ടാക്കുന്നത് എന്ന ചോദ്യം നിർണായകമാണ്. ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംഘം ഗവേഷകരാണ് ഈ ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയത്.

പോളിലാക്ടിക് ആസിഡ്

വെള്ളം വലിച്ചെടുക്കില്ല, വേഗത്തിൽ നനയില്ല എന്നാൽ വില വളരെ കുറഞ്ഞതുമായ വസ്തു എന്നതാണ് ഒരു കാലത്ത് പ്ലാസ്റ്റിക് ഉപയോഗവും, പ്ലാസ്റ്റിക് വസ്തുക്കളുടെ ഉത്പാദനവും കുത്തനെ ഉയരാൻ കാരണമായത്. പ്രത്യേകിച്ചും ഒറ്റ തവണ ഉപയോഗിച്ച് വലിച്ചെറിയാൻ കഴിയുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം. ഇതിന് ബദലായി കടലാസ് കപ്പുകളെ മാറ്റാൻ സഹായിച്ചത് പോളിലാക്ടിക് ആസിഡ് എന്ന പദാർഥമാണ്. ഈ പദാർത്ഥം കൂടി ചേർക്കുമ്പോഴാണ് പേപ്പറുകളുടെ വെള്ളത്തെ ആഗിരണം ചെയ്യാനുള്ള ശേഷം വലിയ അളവിൽ കുറയുന്നത്.

Read Also: ലണ്ടൻ കോട്ടയിൽ താമസിക്കുന്ന വിചിത്രകാക്കകൾ; ഇവ പറന്നുപോയാൽ ബ്രിട്ടൻ തകരുമെന്ന് വിശ്വാസം

എന്നാൽ കടലാസിന് മുകളിൽ ഒരു ആവരണം പോലെ പ്രവർത്തിച്ച് വെള്ളത്തിന്റെ ആഗിരണം തടയുന്ന ഈ പദാർത്ഥം പ്രകൃതിക്ക് ഹാനികരമാകും എന്നാണ് ഗവേഷകർ വിവരിക്കുന്നത്. ഇതിന് ഉദാഹണമായി ഇവർ പറയുന്നത് കടലാസ് കപ്പുകളിൽ നിന്നും മറ്റും ജലത്തിൽ കലരുന്ന പോളിലാക്ടിക് എങ്ങനെ കൊതുകിന്റെ ലാർവകളെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ്. പരമാവധി ഒരാഴ്ചയാണ് മണ്ണിലായാലും, വെള്ളത്തിലായാലും കടലാസ് കപ്പുകളും പൂർണ്ണമായി ദ്രവിക്കാനെടുക്കുന്ന സമയം. എന്നാൽ ഈ കാലയളവിൽ തന്നെ കൊതുകിന്റെ ലാർവകളുടെ വരൾച്ച മുരടിപ്പിക്കാനും, അവയുടെ ശരീരത്തിന്റെ വലിപ്പം കുറയാനും എല്ലാം ഈ പദാർഥം കാരണമാകുന്നതായി ഗവേഷകർ കണ്ടെത്തി.

പെർഫ്ലൂറിനേറ്റഡ് ആൽക്കിനേറ്റഡ് സബ്സറ്റൻസസ്

പി.എഫ്. എ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇത്തരം സബ്സറ്റൻസുകളുടെ സാന്നിധ്യമാണ് കടലാസ് കപ്പുകളിലെയും, സ്ട്രോകളിലെയും മറ്റൊരു അപകടകം. പോളിലാക്ടിക് ഇല്ലാത്ത കപ്പുകളിലും, സ്ട്രോകളിലും വരെ ഇത്തരം പദാർത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഫോറെവർ കെമിക്കൽസ് അഥവാ എന്നന്നേക്കുമായി തുടരുന്ന രാസപദാർഥങ്ങൾ എന്നൊരു വിളിപ്പേര് കൂടി ഈ സബ്സ്റ്റൻസുകൾക്ക് ഉണ്ട്.

ബെൽജിയത്തിലെ തന്നെ 39  കമ്പനികൾ പുറത്തിറക്കുന്ന ഗ്ലാസുകളും, പാത്രങ്ങളും, സ്ട്രോകളും എല്ലാം പരിശോധിച്ച ശേഷം ഗവേഷകർ കണ്ടെത്തിയത് ഇവയിലെല്ലാം തന്നെ പി.എഫ്.എയുടെ വലിയ സാന്നിധ്യം ഉണ്ടെന്നാണ്. പ്രത്യേകിച്ചും കടലാസ് സ്ട്രോകളിൽ പരിശോധിച്ചവയിൽ 90 ശതമാനത്തിലും പി.എഫ്.എ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഈ പഠനം നടത്തിയത് കടലാസ് സ്ട്രോകളിലോ പാത്രങ്ങളിലോ മാത്രമല്ല എന്നതാണ് മറ്റൊരു കൗതുകം. മുള, ചില്ല്, പ്ലാസ്റ്റിക് തുടങ്ങിയ ഉപയോഗിച്ച് നിർമിക്കുന്ന സമാനമായ വസ്തുക്കളിലും പഠനം നടത്തിയിരുന്നു. ഇവയിലും ഉയർന്ന അളവിൽ പി.എഫ്.എ യുടെ സാന്നിധ്യം കണ്ടെത്തിയത് കടലാസ് നിർമിത വസ്തുക്കളിലാണ്. 

ഇതിൽ സ്ട്രോകളിൽ കണ്ടെത്തിയ രാസപദാർത്ഥങ്ങളിൽ ഞെട്ടിപ്പിക്കുന്ന ഒരു പദാർഥം കൂടി ഉൾപ്പെടുന്നു. ആഗോളതലത്തിൽ നിരോധിച്ച പെർഫ്ലൂറോക്റ്റാനോയിക് എന്ന അപകടകരമായ രാസവസ്തുക്കളാണ് പേപ്പർസ്ട്രോകളിൽ കണ്ടെത്തിയത്. അതേസമയം ഈ നിരോധിത രാസപദാർഥം ഉൾപ്പടെയുള്ള പി.എഫ്.എ കൾ എങ്ങനെയാണ് പേപ്പർ സ്ട്രോകളിലേക്ക് എത്തിയതെന്ന് കൃത്യമായി വിശദീകരിക്കാൻ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ല. ഒരു പക്ഷെ സ്ട്രോകളുടെ വെള്ളത്തിൽ അലിയുന്നതിനുള്ള സമയം ദീർഘിപ്പിക്കുന്നതിന് വേണ്ടിയാകാം ഈ പദാർഥങ്ങൾ ചേർത്തത് എന്നാണ് കണക്ക് കൂട്ടുന്നത്. 

ഏതായാലും ഈ രണ്ട് പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത് പ്ലാസ്റ്റിക്കിന് വേണ്ടി മനുഷ്യൻ കണ്ടെത്തിയ ബദലും അത്ര സുരക്ഷിതമല്ല എന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ കടലാസ് കപ്പുകളും, സ്ട്രോകളും പോലുള്ള ഉൽപന്നങ്ങളുടെ ഉപയോഗത്തിലും നിയന്ത്രണം വേണം എന്ന് തന്നെയാണ് ഇതിൽ നിന്ന് മനസ്സിലാക്കാനാകുന്നതും.

Content Highlights: Paper cup | Plastic | Pollution 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com