Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനക്കൊമ്പ് വില്‍പ്പന നിരോധിക്കാന്‍ യൂറോപ്പിനോടപേക്ഷിച്ച് ആഫ്രിക്ക

elephant-african

ഓരോ പതിനഞ്ചു മിനുട്ടിലും ആഫ്രിക്കയില്‍ ഒരാന വേട്ടയാടപ്പെടുന്നു എന്നാണു കണക്ക്. 2014 ൽ ആഫ്രിക്കയില്‍ വേട്ടയാടപ്പെട്ടത് ഇരുപതിനായിരത്തിനു മേലെ ആനകളാണ്. 2015 ല്‍ ടാന്‍സാനിയയ്ക്കും മൊസാംബിക്കിനും രാജ്യത്തിന്റെ പകുതിയിലേറെ ആനകളെ വേട്ട മൂലം നഷ്ടമായി. ആഫ്രിക്ക ഒന്നടങ്കം ആനവേട്ടക്കെതിരെ യുദ്ധം പ്രഖ്യപിച്ചപ്പോള്‍ ലോകം ഒറ്റക്കെട്ടായി അവര്‍ക്കൊപ്പം നിന്നു, യൂറോപ്യന്‍ യൂണിയന്‍ ഒഴികെ.

ആധുനിക സംസ്കാരത്തിന്‍റെ ത്രാസില്‍ ആഫ്രിക്കയേക്കാള്‍ മൂല്യം യൂറോപ്പിനാണെങ്കിലും ആനവേട്ടയുടെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്റെ നിലപാട് ആ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ കുറ്റപ്പെടുത്തുന്നു. ആനക്കൊമ്പു വ്യാപാരം നിരോധിക്കണമെന്ന ആഫ്രിക്കന്‍ രാജ്യങ്ങളുടെ ആവശ്യം യൂറോപ്യന്‍ യൂണിയന്‍ ഇതുവരെ അംഗീകരിക്കാത്തതാണ് ഈ വിമര്‍ശനത്തിനു കാരണം. ആനക്കൊമ്പു വ്യാപാരം ഇപ്പോള്‍ നിരോധിക്കുന്നത് അംഗരാഷ്ട്രങ്ങള്‍ തമ്മിലുള്ള ഉടമ്പടിയെ ബാധിക്കുമെന്ന ന്യായമാണ് യൂറോപ്യന്‍ യൂണിയനുള്ളത്.

വന്യമൃഗങ്ങളുടെ അവയവ കച്ചവടത്തില്‍ ഒന്നാമതു നില്‍ക്കുന്ന ചൈന പോലും ഇക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനു മേല്‍ സമ്മര്‍ദ്ദം ശക്തമായിരിക്കുകയാണ്. ചൈന കഴിഞ്ഞാല്‍ ആഫ്രിക്കയില്‍ വേട്ടയാടപ്പെടുന്ന ആനകളുടെ കൊമ്പുകള്‍ ഏറ്റവുമധികം കടത്തുന്നതു യൂറോപ്പിലേക്കാണ്. വേട്ടക്കാര്‍ക്ക് ആയുധങ്ങള്‍ ലഭിക്കുന്നതു യൂറോപ്പില്‍ നിന്നാണെന്ന ആരോപണവും ശക്തമാണ്.

ലോകത്തിലെ തന്നെ നിലവിലുള്ള ഏറ്റവും വലിയ വ്യാപാര ശ്രൃംഖലയാണ് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍യൂണിയന്‍ ആനക്കൊമ്പ് വ്യാപാരം നിരോധിച്ചാല്‍ അതു ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളിലുമുള്ള ആനക്കൊമ്പു കള്ളകടത്തിനെ ബാധിക്കും. അതേസമയം 2017 വരെ ആനക്കൊമ്പ് വ്യാപാരം നിരോധിക്കുന്ന കാര്യത്തില്‍ പുനഃപരിശോധനയ്ക്ക് തയ്യാറല്ലെന്നാണ് യൂറോപ്യന്‍ യൂണിയന്‍റെ നിലപാട്.

Your Rating: