Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനകളെ ഓടിക്കാന്‍ ഗര്‍ഭനിരോധന ഉറ

Elephant

വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതുകൊണ്ടുതന്നെ മൃഗങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. തീയാണ് എന്നും മനുഷ്യന്‍റെ പ്രധാന ആയുധം. എന്നാല്‍ ആധുനിക കാലത്തെ പല രീതികളും വന്യമൃഗങ്ങളുടെ ജീവനെടുക്കുന്നവയായി മാറി. പ്രത്യേകിച്ചും വൈദ്യുതിവേലികളും പടക്കങ്ങളുമെല്ലാം. എന്നാല്‍ വന്യമൃഗങ്ങളെ നോവിക്കാതെ തന്നെ അവയെ മനുഷ്യവാസ കേന്ദ്രങ്ങളില്‍ നിന്നകറ്റാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുകയാണ് സിംമ്പാബ്‌വേയിലെ ഒരു എന്‍ജിഒ.

ഗര്‍ഭ നിരോധന ഉറയും മുളക് പൊടിയും പടക്കവും ചേര്‍ന്നതാണ് ഇവരുടെ പ്രതിരോധ മാര്‍ഗങ്ങളില്‍ ഒന്ന്. കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന ആനകളെ ഓടിക്കാനുള്ള നാലു രീതികളില്‍ ഒന്നാണിത്. ആദ്യത്തേത് പരമ്പരാഗതമായുള്ള രീതിയാണ്. ശക്തിയുള്ള ലൈറ്റുകളടിച്ചും തീയിട്ടും ആനകള്‍ കൃഷിയിടത്തിന്‍റെ അടുത്ത് വരാതെ സൂക്ഷിക്കുക, ഇത് പരാജയപ്പെട്ടാല്‍ അടുത്ത ഘട്ടം ശബ്ദമുണ്ടാക്കലാണ്. പ്ലാസ്റ്റിക് പാട്ടകള്‍ കൊട്ടിയും പടക്കം പൊട്ടിച്ചും ആനകളെ വിരട്ടാന്‍ ശ്രമിക്കും. എന്നിട്ടും ആനകള്‍ പിന്തിരിഞ്ഞില്ലെങ്കിലാണ് ഈ നൂതന വിദ്യ കൃഷിക്കാര്‍ പ്രയോഗിക്കുക.

ഗര്‍ഭ നിരോധന ഉറയില്‍ മുളക് പൊടിയും വെടിമരുന്നും നിറയ്ക്കും. അതിനുശേഷം ഇത് ആകാശത്തേക്കെറിഞ്ഞ് പൊട്ടിക്കും. ജലകണങ്ങൾ പോലെ പ്രദേശത്തെ വായുവിൽ മുഴുവന്‍ മുളകുപൊടി പരക്കും. ബലൂണ്‍ പോലെ വികസിച്ച ശേഷം പൊട്ടുമെന്നതിനാലാണ് ഗര്‍ഭ നിരോധന ഉറ ഉപയോഗിക്കുന്നത്. ഇങ്ങനെ പൊട്ടുമ്പോള്‍ അത് കൂടുതല്‍ പ്രദേശത്ത് വ്യാപിക്കാന്‍ സഹായിക്കും. വായുവില്‍ മുളക് പൊടിയുടെ ഗന്ധം തിരിച്ചറിയുന്നതോടെ ആനക്കൂട്ടം പിന്നെ കൃഷിസ്ഥലത്തേക്കു വരില്ല.

തങ്ങളുടെ പ്രവര്‍ത്തനങ്ങൾ ആനകളെ കൃഷിസ്ഥലത്തു നിന്നകറ്റാനുള്ള മാര്‍ഗ്ഗം എന്നതിലുപരി ആനകളുടെ ജീവന്‍ രക്ഷിക്കുന്നതാണെന്ന് എന്‍ജിഒ പറയുന്നു. കാരണം കൃഷിസ്ഥലത്ത് ആനകളിറങ്ങിയാല്‍ അവയെ കൊല്ലാന്‍ കര്‍ഷകര്‍ എന്തും ചെയ്യും. വെടിെവച്ചും സ്ഫോടക വസ്തു എറിഞ്ഞും ആനയെ അവര്‍ ആക്രമിക്കും. എന്നാല്‍ ഇപ്പോള്‍ കര്‍ഷകരെ ശീലിപ്പിച്ച രീതികള്‍ ആനകളുടെ ജീവന് ഭീഷണിയാകുന്നില്ല. സിംമ്പാബ്‌വേയിലെ കര്‍ഷകര്‍ക്കിടയില്‍ വിജയിച്ചാൽ ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളിലേക്കും ഈ രീതി വ്യാപിപ്പിക്കാനാണ് എന്‍ജിഒയുടെ തീരുമാനം.

Your Rating: