Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനയോളം ബുദ്ധി, ആനച്ചന്തം...ചില ആനക്കാര്യങ്ങൾ അറിയാം

Elephants

ആനയോളം ബുദ്ധി, ആനച്ചന്തം... എന്നൊക്കെ കേട്ടിട്ടില്ലേ... പലപ്പോഴും വിശേഷണങ്ങളുടെ അവസാന വാക്കാണ് ആന. ഭംഗിയും കൗതുകവും നിറഞ്ഞ,കരയിലെ ഏറ്റവും വലിയ ജീവിയുടെ വിശേഷങ്ങൾ ഇതാ

ആനപിടിത്തം

ഇന്ത്യയിൽ 5500 വർഷങ്ങൾക്കു മുൻപുതന്നെ കാട്ടാനകളെ പിടിച്ചു മെരുക്കി ‘നാട്ടാന’കളാക്കിയിരുന്നു. ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപേ യുദ്ധരംഗത്തും ആനകളെത്തി. ബിസി മൂന്നാം നൂറ്റാണ്ടിൽ റോമാക്കാർക്കെതിരെ യുദ്ധം ചെയ്ത കാർത്തേജിലെ ഹാനിബാളിന്റെ ആനപ്പട ഉദാഹരണം. കാട്ടിൽ വാരിക്കുഴി ഒരുക്കിയും മറ്റും പിടിക്കുന്ന ആനകളെ ‘ആനക്കൊട്ടിലുകളിൽ’ എത്തിച്ചാണ് മെരുക്കുന്നത്. ഇതിനു പരിശീലനം കിട്ടിയ നാട്ടാനകളെ (താപ്പാന) ഉപയോഗിക്കും.

352 ഇനം ആനകൾ

നീണ്ട മൂക്കുള്ള ജന്തുവർഗത്തെയാണ് പ്രൊബോസീഡിയ എന്നു പറയുന്നത്. പണ്ടു ഭൂമിയിൽ 352 ഇനം ആനകൾ (ആനയെ പോലുള്ള ജീവികൾ) ഉണ്ടായിരുന്നത്രേ. എന്നാൽ, ഇന്നു രണ്ടിനമേ അവശേഷിക്കുന്നുള്ളൂ; ആഫ്രിക്കനും ഏഷ്യനും.

കണ്ണ് പോര

ആനയുടെ കാഴ്ചശക്തി അത്ര പോര. പക്ഷേ, കേൾവി ശക്തിയും മണം പിടിക്കാനുള്ള കഴിവും അപാരം.

70 വയസ്സ്
ശരാശരി 70 വർഷമാണ് ആനകളുടെ ആയുസ്സ്. എന്നാൽ, എൺപതി ലേറെ വർഷം ജീവിക്കുന്ന ആനകളുമുണ്ട്.

കൊല കൊമ്പിനായി...

കൊമ്പാണ് ആനയുടെ പ്രധാന ആകർഷണം; ശാപവും അതുതന്നെ. കൊമ്പെടുക്കാനായി മനുഷ്യൻ കൊന്നുകൂട്ടിയ ആനകൾക്കു കണക്കില്ല. നമ്മുടെ രാജ്യത്ത് ആനവേട്ട നിയമംമൂലം നിരോധിച്ചിട്ടുള്ളതാണെങ്കിലും ഒളിഞ്ഞും തെളിഞ്ഞും തുടർന്ന് കൊണ്ടേയിരിക്കുന്നു.

22 മാസം ചുമന്ന്..

ഏറ്റവും നീണ്ട ഗർഭകാലമുള്ള ജീവിയാണ് ആന; 22 മാസം.

ചെവി തന്നെ വിശറി

ശരീരത്തിന്റെ ചൂടു കുറയ്ക്കാനാണ് ആനകൾ ചെവിയാട്ടുന്നത്. ശരീരത്തിൽ വിയർപ്പു ഗ്രന്ഥികൾ കുറവാണ്.

200 ലീറ്റർ വരെ  വെള്ളം

തികഞ്ഞ സസ്യഭുക്കായ ആന ദിവസവും 200 ലീറ്റർ മുതൽ 255 ലീറ്റർവരെ വെള്ളം അകത്താക്കും. ആനയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നു പനമ്പട്ടയാണ്. വടക്കേ ഇന്ത്യയിൽ ആനകൾക്കു വൈക്കോലും കൊടുക്കാറുണ്ട്.

പിടി: കൊമ്പൻ 60:1

കേരളത്തിൽ 562 നാട്ടാനകളും 6079 കാട്ടാനകളുമുണ്ടെന്നാണു കണക്ക്. കാട്ടാനകളിൽ കൊമ്പന്റെ എണ്ണം വളരെ കുറവാണ്. അറുപത് ‘പിടി’ക്ക് ഒരു കൊമ്പൻ (60:1) എന്നതാണു ശരാശരി കണക്ക്.

ആഫ്രിക്കൻ ആനയ്ക്ക്
-6500 കിലോഗ്രാം ഭാരം
– ഏഷ്യൻ ആനയെക്കാൾ വലുപ്പം
– ആണിനും പെണ്ണിനും കൊമ്പുണ്ടാകും
– ഭാരം: 4000 –6500 കിലോഗ്രാം
– കഴുത്തിനെക്കാൾ ഉയർന്നു നിൽക്കുന്ന
- വലിയ ചെവി
– അകത്തേക്കു വളഞ്ഞ മുതുക്
– തുമ്പിക്കൈയിൽ വളയം കൂടുതൽ

ഏഷ്യൻ ആനയ്ക്ക്

- 5000കിലോഗ്രാം ഭാരം
– ഭാരം: 3000–5000 കിലോഗ്രാം
– കൊമ്പ് ആണിനു മാത്രം
– ചെവി ആഫ്രിക്കനെക്കാൾ ചെറുത്
– പുറത്തേക്കു വളഞ്ഞതോ
- നേരയോ ആയ മുതുക്
– തുമ്പിക്കൈയിൽ വളയം കുറവ്

ഏഷ്യൻ ആനകളെ പ്രധാനമായും മൂന്ന് ഉപവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്:
ഇന്ത്യൻ, ശ്രീലങ്കൻ, സുമാത്രൻ

വെള്ളാനകളുടെ നാട്

പുരാണത്തിൽ ഇന്ദ്രന്റെ ആനയാണ് തൂവെള്ള നിറമുള്ള ഐരാവതം. ഭൂമിയിലുമുണ്ട് വെളുത്ത ആനകൾ; തായ്‌ലൻഡിൽ. പക്ഷേ, ഇവയുടെ നിറം തൂവെള്ളയല്ല, വെളുപ്പു കലർന്ന ചാരനിറമാണ്. വെള്ളാനകളുടെ നാട് എന്നാണ് തായ്‌ലൻഡ് അറിയപ്പെടുന്നത്.

നായകൻ അല്ല നായിക

വലുപ്പവും കരുത്തുമെല്ലാം കൊമ്പനു തന്നെയെങ്കിലും കാട്ടാനക്കൂട്ടത്തെ നയിക്കുന്നതു പിടിയാനയാണ്. ആനകൾ കാട്ടിലൂടെ നടക്കുന്ന വഴിക്ക് ആനച്ചാൽ എന്നും തേരി എന്നും പറയും.  

Your Rating: