sections
MORE

പെരുമ്പാമ്പിന്റെ പുറത്ത് തവളകളുടെ സൗജന്യ സവാരി; ചിത്രങ്ങൾ കൗതുകമാകുന്നു!

Cane toads hitch ride on Pythons Back
SHARE

പെരുമ്പാമ്പിന്റെ പുറത്ത് സവാരി നടത്തുന്ന തവളകളുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ കുനനൂറയിലെ ഒരു ഫാമിൽ നിന്നാണ് അപൂർവ ദൃശ്യങ്ങൾ പകർത്തിയത്. ഫാം ഉടമയായ പോൾ മോക്ക് ആണ് ഈ ദൃശ്യങ്ങൾ നേരിൽ കണ്ടതും മൊബൈലിൽ പകർത്തിയതും.

കഴിഞ്ഞ ദിവസം തുടർച്ചയായി പെയ്ത കനത്ത മഴയെ തുടർന്ന് ഫാമിൽ കാർഷികാവശ്യത്തിനായുള്ള ഡാം പരിശോധിക്കാനെത്തിയതായിരുന്നു പോൾ. പുലർച്ചെ ഒന്നരയോടെയാണ് ഡാമിന്റെ സ്പിൽവേ ഉയർത്താനായി പോൾ ഇവിടെയെത്തിയത്. കനത്ത മഴയിൽ പ്രദേശമാകെ വെള്ളം നിറഞ്ഞിരുന്നു. മഴയിൽ മാളങ്ങളിലെല്ലാം വെള്ളം നിറഞ്ഞതോടെ ഉയർന്ന പ്രദേശങ്ങൾ തേടിയുള്ള പരക്കം പാച്ചിലിലായിരുന്നു തവളക്കൂട്ടം. ഇങ്ങനെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയിലാണ് ഒരുകൂട്ടം തവളകൾ പെരുമ്പാമ്പിന്റെ പുറത്തു കയറിപ്പറ്റിയത്. ഈ ദൃശ്യങ്ങളാണ് പോൾ പകർത്തിയതും പിന്നീട് സമൂഹമാധ്യമങ്ങളിൽ ചർച്ചയായതും.

കെയിൻ തവളകളാണ് ഫാമിന്റെ പരിസരത്ത് മിക്കവാറും കാണാറുള്ള മോണ്ടി എന്ന ഒലിവ് വിഭാഗത്തിൽ പെട്ട പെരുമ്പാമ്പിന്റെ പുറത്ത് കയറി സഞ്ചാരം നടത്തിയത്. അതീവ വിഷമുള്ള കെയിൻ തവളകളെ പാമ്പുകൾ ഭക്ഷിക്കാറില്ല. അതുകൊണ്ടാകാം മോണ്ടി പെരുമ്പാമ്പ് എതിർപ്പൊന്നും പ്രകടിപ്പിക്കാതെ തവളകളെ പുറത്തുകയറ്റിയതെന്നാണ് പോളിന്റെ നിഗമനം. തണുപ്പ് ഏറെ ഇഷ്ടപ്പെടുന്ന കെയിൻ തവളകൾ ഫാമിനു സമീപത്തുടെ ഒഴുകുന്ന നദിയുടെ തീരത്തുള്ള മാളങ്ങളിലാണ് താമസം. മഴപെയ്ത് നദിയിൽ ജലനിരപ്പുയർന്നപ്പോൾ പുറത്തു ചാടിയതാണിവ. ആയിരക്കണക്കിനു തവളകൾ ഫാമിന്റെ പരിസരത്തുണ്ടായിരുന്നെന്നും പോൾ മോക്ക് വ്യക്തമാക്കി.

താൻ പകർത്തിയ ഈ അപൂർവ ചിത്രങ്ങൾ പോൾ അപ്പോൾ തന്നെ ന്യൂസീലൻഡിലുള്ള സഹോദരൻ ആൻഡ്രൂ മോക്കിന് അയച്ചു കൊടുത്തിരുന്നു. അദ്ദേഹമാണ് വെള്ളപ്പൊക്കത്തിൽ പുറത്തു ചാടിയ തവളകളുടെ അപൂർവ ചിത്രങ്ങളും ദൃശ്യങ്ങളും ട്വിറ്ററിലൂടെ പങ്കുവച്ചത്.

ഓസ്ട്രേലിയയിലെ ജൈവവൈവിധ്യത്തിനു ഭീഷണിയായ കെയിന്‍ തവളകൾ

അതീവ വിഷമുള്ളതും ഏതു പരിസ്ഥിതിയിലും അതിജീവിക്കാന്‍ കഴിയുന്നതുമായി തവളകളാണ് കെയിന്‍ തവളകള്‍. ഓസ്ട്രേലിയയിലെ ഏറ്റവും കുുപ്രസിദ്ധരായ അധിനിവേശ ജീവികളാണിവ‍. കടുത്ത വിഷമുള്ള ഇവ മൂലം ചത്ത മുതലകള്‍ മുതല്‍ പല്ലികളും പാമ്പുകളും വരെയുള്ള ജീവികള്‍ക്കു കണക്കില്ല. 1935ല്‍ ഓസ്ട്രേലിയയില്‍ നിന്ന് തെക്കേ അമേരിക്കയിലെത്തിയതു മുതല്‍ പെറ്റുപെരുകിയ ഇവയുടെ ജനിതക രഹസ്യം ഈയിടെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഇതോടെ ഈ തവളകളുടെ എണ്ണം കുറയ്ക്കുന്നതിനു സഹായിക്കുന്ന വൈറസിനു ജന്മം നല്‍കാനുള്ള പരിശ്രമത്തിലാണ് ഗവേഷകർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN WILD LIFE
SHOW MORE
FROM ONMANORAMA