sections
MORE

ചെറിയ ചുണ്ടൻകാട തൃശൂരിൽ; ഇവർ കാടപ്പക്ഷികളിലെ ദേശാടനക്കാർ

 Jack snipe bird
SHARE

ക്യാമറയ്ക്കു പിടിതരാത്തവൻ/വൾ എന്ന ഖ്യാതി കാടപ്പക്ഷികളിലെ ദേശാടനക്കാരായ ചെറിയ ചുണ്ടൻകാട (Jack Snipe) തൃശൂരിൽ ചിറകുപൊഴിച്ചിട്ടു. ക്യാമറ നോക്കിയുള്ള ആ കൺകോൺ കടാക്ഷത്തിനു ഭാഗ്യം സിദ്ധിച്ചത് പക്ഷിനിരീക്ഷകരായ വിവേക് ചന്ദ്രനും കൃഷ്ണകുമാർ അയ്യർക്കും. അവിടേം കണ്ടു, ഇവിടേം കണ്ടു എന്ന തരത്തിൽ ചെറിയ ചുണ്ടൻകാടയുടെ സാന്നിധ്യം മാത്രമാണ് ഇതുവരെ പക്ഷിനിരീക്ഷകർക്ക് ഇടയിലും ഔദ്യോഗിക വെബ്സൈറ്റായ ഇ–ബേഡിലും ചിറകടിച്ചിരുന്നത്.

കേരളത്തിൽ വിരുന്നെത്തിയപ്പോളൊന്നും ഈ ചെറിയ ചുണ്ടൻ ഒരാൾക്കു മുൻപിലും പോസ് ചെയ്യാൻ നിന്നുകൊടുത്തിരുന്നില്ല. വിഐപി ആയിട്ടൊന്നുമല്ല; നാണംകുണുങ്ങി സ്വഭാവം തന്നെ കാരണം. തുറസ്സായ സ്ഥലങ്ങളിൽ ഇവയെ കാണില്ല. കൂട്ടത്തോടെ സഞ്ചരിക്കുന്ന പതിവുമില്ല. എവിടെയും പാത്തും പതുങ്ങിയും മാത്രം സഞ്ചാരം. വരകളും പുള്ളിയും നിറഞ്ഞ ശരീരമായതിനാൽ ഇലപടർപ്പുകൾക്കിടയിൽനിന്നു കണ്ടെത്താനും പ്രയാസം. ആളനക്കം കേട്ടാൽ പുള്ളി മാളത്തിലൊളിക്കും.

കഴിഞ്ഞ ഡിസംബർ 28ന് വെയിൽ മങ്ങി മഴക്കാറു മൂടിനിന്ന അന്തരീക്ഷത്തിലാണ് ആലപ്പാട് കോൾപ്പാടത്ത് ആ അപൂർവ പ്രത്യക്ഷപ്പെടൽ! പക്ഷിനിരീക്ഷകരായ വിവേകിന്റെയും കൃഷ്ണകുമാറിന്റെയും വാക്കുകളിൽ ആ അസുലഭ മുഹൂർത്തം: ‘പാടത്തു പറന്നിറങ്ങിയ മീവൽക്കാടകളെ തിരഞ്ഞുള്ള നടത്തമായിരുന്നു. അതിനിടെയാണ് മറ്റെല്ലാ കാടകളെയും പോലെ ഒരു നാണംകുണുങ്ങിയെ കാണുന്നത്.

ശ്രദ്ധിക്കുന്നുണ്ടെന്നു തോന്നിയപ്പോൾ ചെടികൾക്കിടയിലേക്കു കാടപ്പക്ഷി വലിഞ്ഞു. പാടത്തെ കൊറ്റികളെ പോലെ ‍ഞങ്ങൾ അനങ്ങാതെ നിന്നപ്പോൾ പുറത്തുവന്നു. ചിത്രങ്ങൾക്കുവേണ്ടി ഒരു പുതുമോഡലിനെ പോലെ പോസിങ്! ‘പപ്പും പൂടയും വരെ തെളിഞ്ഞു കിട്ടാൻ പാകത്തിനുള്ള ചിത്രങ്ങൾ’ എന്ന നാട്ടുനർമം ഞങ്ങൾക്കു മുമ്പിൽ പീലിവിരിച്ചുനിന്ന് ആടുന്ന പോലെ. നന്നേ ചെറിയതെന്നു മാത്രമല്ല, കൊക്കിനും താരതമ്യേന നീളം കുറവ്.കേരളത്തിലെ തണ്ണീർത്തടങ്ങളിൽ കാണാറുള്ള കാട വർഗക്കാരല്ലെന്നു അപ്പോഴേ ഉറപ്പിച്ചു.

ചിത്രങ്ങൾ ഇ–ബേഡിൽ പങ്കുവച്ച് വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ആ ‘മോഡൽ’ സാക്ഷാൽ ചെറിയ ചുണ്ടൻകാട എന്നു വ്യക്തമായത്. കേരളത്തിൽനിന്നുള്ള ആദ്യ ചിത്രം അങ്ങനെ തൃശൂർ അടയിരുന്നു വിരിയിച്ചു.’വിരലിൽ എണ്ണാവുന്ന തവണ മാത്രം കണ്ണുരിലെ കാട്ടാമ്പള്ളി, മാടായിപ്പാറ, മുണ്ടേരിക്കടവ്, പനവയൽ പ്രദേശങ്ങളിലും പുഞ്ചക്കരി (തിരുവനന്തപുരം), വയനാട്, കാസർകോട്, കൽപ്പള്ളി (മലപ്പുറം) എന്നിവിടങ്ങളിലുമാണ് ചെറിയ ചുണ്ടൻകാട സാന്നിധ്യമറിയിച്ചിട്ടുള്ളത്. തൃശൂർ, മലപ്പുറം ജില്ലയിലെ തണ്ണീർത്തടങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കോൾ ബേഡേഴ്സ് കൂട്ടായ്മയിലെ സജീവ അംഗങ്ങളാണ് വിവേകും കൃഷ്ണകുമാറും.

ചെറിയ ചുണ്ടൻകാട (Jack Snipe). ശാസ്ത്രീയനാമം–Lymnocryptes minimus.

വടക്കേ യൂറോപ്പ്, സൈബീരിയ, റഷ്യ എന്നീ രാജ്യങ്ങൾ പ്രജനന കേന്ദ്രങ്ങൾ (ബ്രീഡിങ് സൈറ്റ്). മഞ്ഞുകാലം ആരംഭിക്കുന്നതോടെ ബ്രിട്ടൻ, അറ്റ്ലാന്റിക്, മെഡിറ്റേറിയൻ തീരങ്ങൾ, യൂറോപ്പ്, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലേക്കു ദേശാടനം. കൂടൊരുക്കാൻ ബ്രീഡിങ് സൈറ്റുകളിലേക്കു മടക്കം. ‘ആഫ്രിക്കൻ–യൂറോഷ്യൻ മൈഗ്രേറ്ററി വാട്ടർ ബേഡ്സ് (AEWA)’ സംരക്ഷണ കരാറിൽ ഉൾപ്പെട്ട പക്ഷിവർഗം.

നാട്ടിലെ സാധാരണ കാടപ്പക്ഷികളേക്കാൾ കുറച്ചുകൂടി വലുപ്പം. ശരീരവലുപ്പം–155 മുതൽ 163 എംഎം വരെ (15 മുതൽ 16 സെന്റിമീറ്റർ‌ വരെ). ഭാരം–33 മുതൽ 73 വരെ ഗ്രാം. തല–6 സെ.മീ, കാൽ–5 സെ.മീ, വാൽ–5 സെ.മീ. തണ്ണീർത്തടങ്ങളിലെ മണ്ണിരകൾ, പ്രാണികൾ, ചെറുകീടങ്ങൾ എന്നിവ ഭക്ഷണം. കൂട്ടമായി കാണുന്നതു ചുരുക്കം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA