ഷെഡിനടിയിൽ പതുങ്ങിയിരുന്ന അണലിക്കൂട്ടം; ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍!

rattlesnakes2
SHARE

രക്തം തണുത്തുറഞ്ഞു പോകുന്ന അവസ്ഥ എന്നാണ് ഈദൃശ്യങ്ങൾ കണ്ടവർ വിശേഷിപ്പിച്ചത്. ഒന്നോ രണ്ടോ അല്ല. മുപ്പതോളം അപകടകാരികളായ അണലിക്കൂട്ടത്തെയാണ് പൂട്ടിക്കിടന്ന ഷെഡിനടിയിൽ നിന്നു കണ്ടെത്തിയത്. യുഎസിലെ ‍ടെക്സാസിലുള്ള ബോബി കവാന്റെ കൃഷിയിടത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. ഡിസംബർ അവസാന വാരമാണ് സംഭവം. ബോബി കവാലും രണ്ടു സുഹൃത്തുക്കളും ചേർന്ന് കൃഷിഭൂമിയിൽ വളരെക്കാലമായി പൂട്ടിക്കിടന്ന ഷെഡു തുറക്കാൻ ചെന്നപ്പോൾ ഒരു പാമ്പ് ഇഴഞ്ഞു പോകുന്നത് മൂവരുടേയും ശ്രദ്ധയിൽ പെട്ടു. പലകകൾ കൊണ്ടു നിർമിച്ച ഷെഡിന്റെ തറനിരപ്പിനടിയിലേക്കാണ് അത് ഇഴഞ്ഞു കയറിയത്.

ഷെഡ് ഉയർത്തി നോക്കിയപ്പോഴാണ് ഭയപ്പെടുത്തുന്ന കാഴ്ച അവർ കണ്ടത്. മുപ്പതിലധികം അണലികൾ ഷെഡിനടിയിൽ പതുങ്ങിയിരിക്കുന്നു. ഭീകരദൃശ്യങ്ങൾ കണ്ട് മൂവരും ഞെട്ടി പിന്നോട്ട് മാറി. ആദ്യം ഭയന്നെങ്കിലും പിന്നീട് ഷെഡ് ഉയർത്തി പിന്നിലേക്ക് മാറ്റിവച്ചു. അസാമാന്യമായ തണുപ്പായതിനാൽ വിഷപ്പാമ്പിൻ കൂട്ടം മെല്ലെയാണ് ഇഴഞ്ഞിറങ്ങിയത്. സുഹൃത്തായ മാറ്റ് സ്റ്റാൻലിയാണ് ഈ ദൃശ്യങ്ങൾ കാമറയിൽ പകർത്തിയത്. പാമ്പുകളിൽ നിന്നു മൂവരും കൃത്യമായ അകലം പാലിച്ചിരുന്നതിനാൽ സുരക്ഷിതരായിരുന്നു.

അതീവ അപകടകാരികളായ അണലി പാമ്പുകളെ അവിടെ ഉപേക്ഷിക്കാൻ അവർ തയാറായില്ല. നീണ്ട കമ്പുകൾ ഉപയോഗിച്ച് പാമ്പുകളെ ഒഴിഞ്ഞ ജാറുകളിൽ നിറയ്ക്കുകയാണ് അവർ ആദ്യം ചെയ്തത്. അമ്പതിലധികം പാമ്പുകൾ അവിടെയുണ്ടായിരുന്നുവെങ്കിലും 36 എണ്ണത്തിനെ വരെയേ എണ്ണാൻ കഴിഞ്ഞുള്ളൂ. പിടികൂടിയ പാമ്പുകളെ പിന്നീട് ജനവാസ മേഘലയിൽ നിന്ന് അകന്നുമാറി മറ്റൊരു സ്ഥലത്തു കൊണ്ടുപോയി തുറന്നു വിട്ടെന്ന് മൂവരും വ്യക്തമാക്കി.

ബോബി കവാന്റെ ഭാര്യയായ ജെസീക്കയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ അപൂർവ ദൃശ്യങ്ങൾ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA