ADVERTISEMENT

മനുഷ്യരോടു ജനിതകപരമായി ഏറ്റവുമധികം സാമ്യമുള്ള ജീവികളാണ് ചിമ്പാന്‍സികള്‍. അതുകൊണ്ട് തന്നെ മനുഷ്യര്‍ക്കുപയോഗിക്കാനുള്ള പുതിയ മരുന്നുകള്‍ ഉള്‍പ്പടെയുള്ള പല കണ്ടെത്തലുകളുടെയും ആദ്യ പരീക്ഷണം നടത്തിയിരുന്നത് ചിമ്പാന്‍സികളിലായിരുന്നു. ഇത്തരത്തില്‍ മൂന്നു പതിറ്റാണ്ടോളം നീണ്ടു നിന്ന പരീക്ഷണത്തിന്‍റെ ഫലമായാണ് ഒരു പറ്റം ചിമ്പാന്‍സികള്‍ ഒറ്റപ്പെട്ട ഒരു ദ്വീപില്‍ ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത്. ഗവേഷകര്‍ പട്ടിണി മരണത്തിനു നടതള്ളിയ ഈ ചിമ്പാന്‍സികള്‍ ഇപ്പോള്‍ ജീവിക്കുന്നത് ഏതാനും എന്‍ജിഒകളുടെ കാരുണ്യത്തിലാണ്.

chimpanzees

പരീക്ഷണത്തിന്‍റെ തുടക്കം

1974 ലാണ് ന്യൂയോര്‍ക്ക് ബ്ലഡ് സെന്‍റര്‍ എന്ന സ്വകാര്യ മരുന്നു ഗവേഷണ സംഘം ഹെപ്പറ്റൈറ്റിസ് ബി അസുഖത്തിനായുള്ള മരുന്നു കണ്ടെത്താന്‍ ഗവേഷണം ആരംഭിക്കുന്നത്. മരുന്നുകള്‍ പരീക്ഷിക്കുന്നതിനായി വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലെ വനങ്ങളില്‍നിന്ന്  ചിമ്പാന്‍സികളെ പിടികൂടി ഇവിടേക്കെത്തിച്ചു. കൂടാതെ സ്വകാര്യ വ്യക്തികള്‍ വഴിയും ചിമ്പാന്‍സികളെ എത്തിച്ചു. ഇങ്ങനെ നടത്തിയ പരീക്ഷണങ്ങള്‍ക്കിടയില്‍ പല ചിമ്പാന്‍സികള്‍ക്കും ഹെപ്ഫറ്റൈറ്റിസ് ബി, റിവര്‍ബ്ലൈന്‍ഡ്െനസ് തുടങ്ങിയവ പിടിപെട്ടു.

ഇങ്ങനെ അസുഖം ബാധിച്ചവയെ പുറം തള്ളുന്നതിനാണ് ഒറ്റപ്പെട്ട ഒരു ദ്വീപ് ഈ കമ്പനി ഉപയോഗിച്ചത്. വൈകാതെ ദ്വീപിലെ അംഗസംഖ്യ കൂടി വന്നു. ദ്വീപിലെ ചിമ്പാന്‍സികള്‍ ഒരു കൂട്ടമായി തീരുകയും പലപ്പോഴും ദ്വീപിലെത്തുന്നവരെ അവ ആക്രമിക്കുകയും ചെയ്തു. ഇവയ്ക്കുള്ള ഭക്ഷണം മരുന്നു കമ്പിനിയുടെ ജീവനക്കാര്‍ ആദ്യകാലങ്ങളിൽ എത്തിച്ചു നല്‍കിയിരുന്നു. വൈകാതെ ദ്വീപിലേക്കു മറ്റുള്ളവർ പ്രവേശിക്കുന്നതിന്  കമ്പനി അധികൃതര്‍ വിലക്കേര്‍പ്പെടുത്തി.ചിമ്പാന്‍സികളുടെ ആക്രമണ സ്വഭാവമായിരുന്നു ഇതിന് കാരണം.

അതേസമയം തന്നെ മരുന്നു കമ്പനികളുടെ പരീക്ഷണം ചിമ്പാന്‍സികള്‍ പോലെ വംശനാശ ഭീഷണി നേരിടുന്ന ജീവികളില്‍ നടത്തുന്നതിലുള്ള എതിര്‍പ്പും ശക്തമായി. വൈകാതെ ഈ എതിര്‍പ്പിനെ തുടര്‍ന്ന് 2005 ഓടെ പരീക്ഷണങ്ങള്‍ നിര്‍ത്തി വയ്ക്കുകയും ചെയ്തു. പക്ഷെ അപ്പോഴേക്കും ദ്വീപിലെ ചിമ്പാന്‍സികളുടെ അംഗസംഖ്യ ക്രമതീതമായി വളര്‍ന്നിരുന്നു. പകര്‍ച്ച വ്യാധി ഭീഷണിയുള്ളതിനാല്‍ ഇവയെ പുറം ലോകത്തേക്കെത്തിക്കാനാകില്ല.അതുകൊണ്ടു തന്നെ പിന്നീടുള്ള പത്തു വര്‍ഷക്കാലം കൂടി ചിമ്പാന്‍സികളെ ഇതേ കമ്പനി തന്നെ ഭക്ഷണം നല്‍കി സംരക്ഷിച്ചു.

chimpanzee

പട്ടിണിക്കിട്ടു കൊല്ലാനുള്ള ശ്രമം

എന്നാല്‍ 2015 ല്‍ ഫണ്ട് കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടി ചിമ്പാന്‍സികള്‍ക്കു ഭക്ഷണം നല്‍കുന്നത് കമ്പനി അധികൃതർ അവസാനിപ്പിച്ചു. ചിമ്പാന്‍സികള്‍ പട്ടിണിയായെന്നറിഞ്ഞതോടെ  പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായി. ഇതോടെയാണു സഹായവാഗ്ദാനവുമായി ചില എന്‍ജിഒകള്‍ രംഗത്തെത്തിയത്. ഇവര്‍ മരുന്നു കമ്പനിയുമായി കരാര്‍ ഒപ്പിടുകയും ചിമ്പാന്‍സികളുടെ ചുമതല ഏറ്റെടുക്കുകയും ചെയ്തു.ഇപ്പോള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഹ്യൂമന്‍ സൊസൈറ്റി എന്ന എന്‍ജിഒ ആണ് ഈ ജീവികള്‍ക്കു ഭക്ഷണം നല്‍കുന്നത്. പക്ഷെ ഇപ്പോഴും പുറത്തുനിന്നെത്തുന്നവരെ ആക്രമിക്കുന്ന ചിമ്പാന്‍സികളുടെ ശീലം മാറിയിട്ടില്ല. അതുകൊണ്ട് തന്നെ ബോട്ടുകളിലെത്തി ഭക്ഷണം ഇവയ്ക്കു തീരത്തേക്കെറിഞ്ഞു നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

മനുഷ്യര്‍ സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടി പ്രകൃതിയിലെ ജീവികളെ ഉപയോഗിക്കുകയും ആവശ്യം കഴിഞ്ഞ് ഉപേക്ഷിക്കുകയും ചെയ്യുന്ന ക്രൂരതയുടെ നേര്‍ സാക്ഷ്യമാണ് ലൈബീരിയയിലെ ഈ ദ്വീപ്. ന്യൂ മങ്കി ഐലന്‍ഡ് എന്നാണ് ഈ ദ്വീപ് ഇപ്പോള്‍ അറിയപ്പെടുന്നത്. ഇവിടയുള്ള കുരങ്ങുകളുടെ തന്നെ പിന്‍മുറക്കാരും ദ്വീപില്‍ ജനിച്ചു വീഴുന്നുണ്ട്. ഇവയ്ക്കിടയിലും പകര്‍ച്ചവ്യാധിയുടെ വൈറസുകള്‍ ഉണ്ടാകാനിടയുണ്ട്. അതുകൊണ്ടുതന്നെ ഇവയെ പുറത്തെത്തിക്കുകയെന്നത് സാധ്യമായേക്കില്ല. അതേസമയം എത്രനാള്‍ ഇവയ്ക്ക് ഭക്ഷണം മുടങ്ങാതെ ലഭ്യമാക്കാനാകും എന്നതാണ് പ്രധാന വെല്ലുവിളി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com