ADVERTISEMENT

ഏഷ്യയിലെ ഏറ്റവും പ്രായംകൂടിയ പിടിയാനയെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ആന മുത്തശ്ശി ദാക്ഷായണി ചരിഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനകളിൽ ഏറ്റവും പ്രായം കൂടിയ ആനയാണ് 88 വയസ്സുള്ള ദാക്ഷായണി. തിരുവിതാംകൂർ ദേവസ്വത്തിനുകീഴിൽ ഏറ്റവും കൂടുതൽ എഴുന്നള്ളത്തു നടത്തിയിട്ടുള്ള ആനയെന്ന പദവിയും ദാക്ഷായണിക്കു സ്വന്തം. 

ഗജരാജമുത്തശ്ശി പട്ടം നേടിയ ദാക്ഷായണി തിരുവനന്തപുരം ചെങ്കള്ളൂർ മഹാദേവ ക്ഷേത്രത്തിലെ ആനയാണ്. 2016ൽ ആണ് ദാക്ഷായണിക്കു ഗജരാജ പട്ടവും ഗിന്നസ് ബുക്കിൽ സ്ഥാനവും ലഭിച്ചത്. തിരുവിതാംകൂർ കൊട്ടാരത്തിൽനിന്നുമാണു ദേവസ്വം ബോർഡിന് ദാക്ഷായണിയെ ലഭിക്കുന്നത്. കോന്നി ആന കൊട്ടിലിൽനിന്ന്‌ അഞ്ച് വയസ്സു കഴിഞ്ഞപ്പോഴാണ് ദാക്ഷായണി കൊട്ടാരത്തിലെത്തുന്നത്. ആറ്റിങ്ങൽ തിരുവാറാട്ടുകാവ് ക്ഷേത്രത്തിൽനിന്നുമാണ് ചെങ്കള്ളൂർ മഹാദേവക്ഷേത്രത്തിൽ ദാക്ഷായണി എത്തുന്നത്.

അരനൂറ്റാണ്ടിലേറെ ശംഖുംമുഖത്ത് ദേവിയെ എഴുന്നള്ളിച്ചിട്ടുണ്ട്. 2016ൽ ദാക്ഷായണിക്കു ഗജരാജ പട്ടം ലഭിച്ചപ്പോൾ തിരുവിതാംകൂർ‌ ദേവസ്വം ബോർഡ് ആസ്ഥാനത്തു വച്ച് ആദരിച്ചിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രനും വനം മന്ത്രി കെ.രാജുവും ചടങ്ങിൽ സംബന്ധിച്ചിരുന്നു. കൂടാതെ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ആനയുടെ ചിത്രത്തിൽ പോസ്റ്റ് കവറും പുറത്തിറക്കിയിരുന്നു. പാപ്പനംകോട് സത്യൻ നഗറിലെ ആനക്കൊട്ടിലിലാണ് ചൊവ്വാഴ്ച ആന ചരിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com