ADVERTISEMENT
Elephant
ആനയെ കയറ്റി വിടാനായി ജെസിബി ഉപയോഗിച്ച് സമീപത്തെ മണ്ണ് നീക്കുന്നു

തേക്കടിയിൽ മലിന ജലം നിറഞ്ഞ ടാങ്കിൽ കാട്ടാന വീണു. മണിക്കൂറുകൾ ശ്രമിച്ചിട്ടും  കരയ്ക്കു കയറാൻ കഴിയാതെവന്നതോടെ മണ്ണു മാന്തി ഉപയോഗിച്ച് ടാങ്കിന്റെ ഒരു ഭാഗം ഇടിച്ചു നിരത്തി വനം വകുപ്പ് ജീവനക്കാർ പിടിയാനയെ രക്ഷിച്ചു. തേക്കടി ബോട്ട് ലാൻഡിങിനു സമീപം പ്രവർത്തിക്കുന്ന കെ‍ടിഡിസി ഹോട്ടലായ പെരിയാർ ഹൗസിനു മുന്നിലുള്ള ടാങ്കിലാണ് ഇന്നലെ പുലർച്ചയോടെ ആന വീണത്. 

Elephant
ടാങ്കിന്റെ ഒരു വശം പൊളിച്ചതോടെ സുഗമമായി കരയിലേക്ക്. പിന്നാലെ കാട്ടിലേക്കു മടക്കം.

ഹോട്ടലിൽ നിന്നുള്ള മലിന ജലം സംഭരിക്കുന്ന ടാങ്കാണിത്. ആന ടാങ്കിനു മുകളിൽ കയറിയപ്പോൾ കോൺക്രീറ്റ് സ്ലാബ് തകർന്ന്  വീഴുകയായിരുന്നു. 10 അടി ആഴമുള്ള ടാങ്കിൽ നിറയെ വെള്ളം ഉണ്ടായിരുന്നു.  വീതി കുറഞ്ഞ ടാങ്കിൽനിന്ന് ആനയ്ക്കു കയറാൻ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്ന മറ്റ് ആനകൾ അൽപമകലെ കാട്ടിൽ നിലയുറപ്പിച്ചിരുന്നു. വിനോദസഞ്ചാരികൾക്ക് ഭീഷണിയാകുമെന്നതിനാൽ അവയെ കുറച്ച് ഉള്ളിലേക്ക് ഓടിച്ചശേഷമാണ് വനപാലകർ രക്ഷാദൗത്യം തുടങ്ങിയത്.

ആളുകൾ നിൽക്കുന്ന ഭാഗത്തേക്ക്  ആനക്കൂട്ടം എത്താതിരിക്കാൻ വലിയ കമ്പുകൾ ഉപയോഗിച്ച് തടസ്സങ്ങൾ സൃഷ്ടിച്ചു. തുടർന്ന്  മലിന ജലം ഒഴുക്കിക്കളഞ്ഞശേഷം ടാങ്കിന്റെ ഭിത്തി ഇടിച്ചു. ഈ സമയം ആന ശാന്തമായി വെള്ളത്തിൽ കിടന്നു. ടാങ്കിന്റെ കുറച്ചു ഭാഗം ഇടിഞ്ഞതോടെ  പിൻകാലുകൾ ഉയർത്തി കരയിലേക്ക് കയറാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ  ക്ഷമകെട്ട് മണ്ണുമാന്തിയുടെ നേരെ തുമ്പിക്കൈ ഉയർത്തി അടിച്ചു. വീണ്ടും കൂടുതൽ മണ്ണ് നീക്കം ചെയ്തു വെള്ളം  ഒഴുക്കിയതോടെ ആന കരയ്ക്കു കയറി. എന്നിട്ട് റോഡിന് മറുവശത്ത് കാടിനുള്ളിൽ കാത്തു നിന്ന ആനക്കൂട്ടത്തോടൊപ്പം ചേർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com