sections
MORE

റഷ്യയിലെ 'രഹസ്യ തിമിംഗല ജയില്‍' ഇപ്പോഴും സജീവം; നൂറോളം തിമിംഗലങ്ങൾ ശൈത്യം അതിജീവിക്കുമോ?

HIGHLIGHTS
  • റഷ്യയിലെ നഘോഡ്ക മേഖലയ്ക്കു സമീപമാണ് ഈ തിമിംഗല ജയില്‍ കണ്ടെത്തിയത്
  • 90 ബലൂഗ തിമിംഗലങ്ങളും 11 ഓര്‍ക്ക തിമിംഗലങ്ങളുമാണ് ജയിലിലുള്ളത്
 Russian Whale Jail
SHARE

മൂന്നു മാസങ്ങൾക്ക് മുന്‍പ് നവംബറിലാണ് റഷ്യയിലെ തിമിംഗല ജയിലിനെ കുറിച്ചുള്ള ദൃശ്യങ്ങളും വാര്‍ത്തയും ആദ്യമായി ലോകത്തിനു മുന്നിലെത്തിയത്. റഷ്യയുടെ സൈബീരിയന്‍ മേഖലയിലുള്ള തിമിംഗലങ്ങളുടെ ഈ തടവറയെക്കുറിച്ചുള്ള വിവരങ്ങൾ പ്രാദേശിക എന്‍ജിഒ പ്രവര്‍ത്തകരാണ് ജീവന്‍ പണയം വച്ച് ലോകത്തെ അറിയിച്ചത്. വാര്‍ത്ത പുറത്തു വന്നതോടെ അന്വേഷണം ആരംഭിക്കുമെന്നു പ്രഖ്യാപനമു ണ്ടായെങ്കിലും തിമിംഗല ജയിലിന്‍റെ പ്രവര്‍ത്തനം ഇപ്പോഴും സജീവമായി തുടരുകയാണെന്നാണ് ഇവിടെ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ജീവികളാണ് തിമിംഗലങ്ങള്‍, കൂടാതെ ഏറ്റവുമധികം വംശനാശ ഭീഷണി നേരിടുന്ന ജീവികളിലൊന്നും. പഠനത്തിനും  ഗവേഷണത്തിനുമായി വര്‍ഷം തോറും 13 തിമിംഗലങ്ങളെ മാത്രമാണ് കടലില്‍ നിന്നു പിടിക്കുന്നതിനു ലോകരാജ്യങ്ങള്‍ക്ക് അനുമതിയുള്ളത്. അങ്ങനെയിരിക്കെയാണ് റഷ്യയിലെ പസിഫിക് സമുദ്രത്തിനോടു ചേര്‍ന്നുള്ള പ്രദേശത്ത് നൂറിലധികം തിമിംഗലങ്ങളെ തടവിലാക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഡ്രോണ്‍ വിമാനത്തിന്‍റെ സഹായത്തോടെയാണ് ഗ്രീന്‍പീസും ബ്രിട്ടനിലെ ഡോള്‍ഫിന്‍ ആന്‍ഡ് വേയ്ല്‍ കണ്‍സര്‍വേഷന്‍ എന്ന എന്‍ജിഒയും ചേര്‍ന്നു തടവിലാക്കപ്പെട്ട തിമിംഗലങ്ങളെ കണ്ടെത്തിയത്.

 Russian Whale Jail

ഏഷ്യയിലെ നഘോഡ്ക മേഖലയ്ക്കു സമീപമാണ് ഈ തിമിംഗല ജയില്‍ കണ്ടെത്തിയത്. പല കൂടുകളിലായി നൂറിലികം തിമിംഗലങ്ങളെയാണ് ആകാശനിരീക്ഷണത്തില്‍ കാണാന്‍ കഴിഞ്ഞത്. നീരീക്ഷണ സമയത്തു വെള്ളത്തിനടിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തിമിംഗലങ്ങളെ കണക്കു കൂട്ടാത്തതിനാല്‍ കൃത്യമായ എണ്ണം പറയാന്‍ കഴിഞ്ഞിരുന്നില്ല. തികച്ചും അനധികൃതമായാണ് ഈ തിമിംഗല ജയിലുകള്‍ സ്ഥിതി ചെയ്യുന്നതെന്നു റഷ്യന്‍ ഗ്രീന്‍ പീസ് ഫൗണ്ടേഷന്‍ വ്യക്തമാക്കി.

 Russian Whale Jail

ലഭ്യമായ കണക്കുകളനുസരിച്ച് 90 ബലൂഗ തിമിംഗലങ്ങളും 11 ഓര്‍ക്ക തിമിംഗലങ്ങളുമാണ് റഷ്യയിലെ ഈ സമുദ്ര ജയിലില്‍ ഉള്ളത്. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന ഓഷ്യന്‍ തീം പാര്‍ക്കുകള്‍ക്കു വേണ്ടിയാണ് ഇവയെ പിടികൂടുന്നതെന്നു പ്രദേശിക പത്രമായ നൊവായ ഗസറ്റെ നടത്തിയ തുടരന്വേഷണത്തില്‍ പറയുന്നു. ഭീമമായ തുകയ്ക്കാണ് റഷ്യയിലെ ഈ ജയിലുകളില്‍ നിന്ന് ചൈനയിലെ തീം പാര്‍ക്കുകള്‍ തിമിംഗലങ്ങളെ വാങ്ങുന്നത്. തിമിംഗലങ്ങളുടെ ലഭ്യതയില്‍ വർധനവുണ്ടായതോടെ ചൈനയില്‍ പ്രവര്‍ത്തിക്കുന്ന തീം പാര്‍ക്കുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ചുരുങ്ങിയിത് 60 ലക്ഷം ഡോളറിനാണ് ഒരു തിമിംഗലത്തെ വില്‍ക്കുന്നതെന്നാണു സൂചന.

ശൈത്യകാലത്തെ അതിജീവിക്കാന്‍ തിമിംഗലങ്ങള്‍ക്കു സാധിക്കുമോ?

 Russian Whale Jail

കടലിനു മുകളില്‍പോലും മഞ്ഞുപാളികള്‍ രൂപപ്പെടുന്ന അതികഠിനമായ തണുപ്പാണ് സൈബീരിയയിൽ ശൈത്യകാലത്ത് അനുഭവപ്പെടുന്നത്. സ്വതന്ത്രമായി ജീവിക്കുന്ന തിമിംഗലങ്ങള്‍ ഈ സമയത്ത് ഉഷ്ണമേഖലയിലേക്കു സഞ്ചരിക്കുകയാണ് ചെയ്യുക. അതുകൊണ്ട് തന്നെ ഇത്ര കഠിനമായ ശൈത്യത്തെ അതിജീവിക്കാന്‍ എത്ര തിമിംഗലങ്ങള്‍ക്കു കഴിഞ്ഞുവെന്ന ചോദ്യമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. ഗര്‍ഭിണികളാമായ തിമിംഗലങ്ങളും കുട്ടിതിമിംഗലങ്ങളും ഈ ജയിലുകളിലുണ്ടെന്നു വ്യക്തമായിരുന്നു. ഇവയ്ക്ക് തണുപ്പിനെ അതിജീവിക്കാന്‍ കഴിഞ്ഞിരിക്കില്ലെന്നാണു കരുതുന്നത്. ഗര്‍ഭിണികളായ തിമിംഗലങ്ങള്‍ പ്രസവിച്ചിട്ടുണ്ടെങ്കില്‍ ആ കുട്ടികള്‍ കൊടും തണുപ്പിനെ അതിജീവിക്കില്ലെന്നും ഇവർ വ്യക്തമാക്കി.

ഗവേഷണാവശ്യങ്ങള്‍ക്കു മാത്രമായാണ് തിമിംഗലങ്ങളെ പിടികൂടാന്‍ നിലവില്‍ രാജ്യാന്തര നിയമങ്ങള്‍ അനുവദിക്കുന്നത്. അതും കുട്ടികളെയും, ഗര്‍ഭിണികളെയും പിടികൂടാന്‍ അനുവാദവുമില്ല. മാത്രമല്ല കൂട്ടമായി നൂറിലധികം തിമിംഗലങ്ങളെ തടവിലിട്ടുള്ള ഗവേഷണവും രാജ്യാന്തരതലത്തിലുള്ള ധാരണയ്ക്കു വിരുദ്ധമാണ്. ഇങ്ങനെ ഒട്ടേറെ നിയമവിരുദ്ധമായ കാര്യങ്ങള്‍ ഈ തിമിംഗല തടവറയുടെ നടത്തിപ്പുകാരില്‍ നിന്നുണ്ടായിട്ടും അധികൃതര്‍ ഈ ജയില്‍പൂട്ടി തിമിംഗലങ്ങളെ സ്വതന്ത്രരാക്കാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമല്ല. 

 Russian Whale Jail

ഓര്‍ക്ക അഥവാ കൊലയാളി തിമിംഗലങ്ങള്‍, ബെലൂഗ തിമിംഗലങ്ങള്‍ എന്നിവയാണ് ഈ തിമിംഗല ജയിലിലുള്ളത്. . ഈ തിമിംഗലങ്ങളെ ചൈനയിലെ മറൈന്‍ അമ്യൂസ്മന്‍റ് പാര്‍ക്കുകളിലേക്കു കയറ്റി അയ്ക്കാന്‍ വേണ്ടിയാണ് തടവിലാക്കിയിരിക്കുന്നത്. ഒരു മില്യണ്‍ അമേരിക്കന്‍ ഡോളറിനു മുകളിലാണ് ഒരു തിമിംഗലത്തിനു ലഭിക്കുന്ന വിലയെന്നാണു കണക്കാക്കുന്നത്. തിമിംഗലങ്ങളെ വാടകയ്ക്കു കൊടുക്കുന്നു എന്ന പേരിലാണ് പലപ്പോഴും റഷ്യയില്‍ നിന്ന് ഇവയെ ചൈനയിലേക്കു കടത്തുന്നത്. ഇങ്ങനെ വാടകയ്ക്കു ജീവികളെ കടത്തുന്നതിന് റഷ്യന്‍ നിയമം നല്‍കുന്ന ഇളവുകള്‍ ദുരുപയോഗം ചെയ്താണ് കമ്പനികളുടെ പ്രവര്‍ത്തനം. 2013 നും 2016 നും ഇടയില്‍ 13 ഓര്‍ക്ക തിമിംലഗലങ്ങളെ ഇത്തരത്തില്‍ ചൈനയിലേക്ക് അയച്ചിട്ടുണ്ട്. കാഴ്ചയിലുള്ള ഭംഗിയാണ് ഓഷ്യന്‍ തീം പാര്‍ക്കുകള്‍ പ്രദര്‍ശനത്തിനായി ഓര്‍ക്കകളെയും ബെലൂഗ തിമിംഗലങ്ങളെയും തിരഞ്ഞെടുക്കാന്‍ കാരണം.

നിയമ പോരാട്ടം

 Russian Whale Jail

നാലു കമ്പനികളാണ് ഇത്തരത്തില്‍ സൈബീരിയന്‍ മേഖലയലില്‍  തിമിംഗല ജയില്‍ നടത്തുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇവര്‍ക്കെതിരെ പ്രാദേശിക തലത്തിലും രാജ്യാന്തര തലത്തിലും വിവിധ എന്‍ജിഒകള്‍ കോടതികളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലുമായി നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ട്. മൂന്ന് കമ്പനികൾ അവകാശപ്പെടുന്നത് നിയമപരമായാണ് ഈ തിമിംഗലങ്ങളെ അവര്‍ക്കു ലഭിച്ചതെന്നാണ്. എന്നാല്‍ തിമിംഗലങ്ങളെ വില്‍ക്കാനോ, വാങ്ങാനോ, പിടികൂടാനോ അനുവാദമില്ലെന്നിരിക്കെ ഇവര്‍ക്ക് എങ്ങനെ നിയമപരമായി തിമിംഗലങ്ങളെ ലഭിക്കുമെന്നാണ് എന്‍ജിഒകള്‍ ഉയര്‍ത്തുന്ന ചോദ്യം.

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും സമുദ്ര ഗവേഷകനുമായി ജീന്‍ മൈക്കിള്‍ കോസ്റ്റെ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിന്‍റെ ശ്രദ്ധയിലും തിമിംഗല ജയിലിന്‍റെ കാര്യം ഇതിനകമെത്തിച്ചിരുന്നു. തിമിംഗലങ്ങളെ സ്വതന്ത്രമാക്കണമെന്ന് അഭ്യര്‍ത്ഥിക്കയും ചെയ്തു. എന്നാല്‍ ഇതുവരെ ഈ വിഷയത്തില്‍ ആര്‍ക്കെങ്കിലുമെതിരെ നടപടി എടുത്തതായി വിവരമില്ല. നിയമത്തിലെ പഴുതുകളാണ് കൂട്ടത്തോടെ തിമിംഗലങ്ങളെ പിടിക്കാനും അവയെ കൂട്ടിലടയ്ക്കാനും കമ്പനികളെ സഹായിക്കുന്നതെന്നാണു പലരും ചൂണ്ടിക്കാട്ടുന്നത്. ഈ പഴുതുകളടച്ചുള്ള രാജ്യാന്തര നിയമം നിര്‍മ്മാണം നടത്തണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA