ADVERTISEMENT

തിരുപ്പൂർ ജില്ലയിലെ കൃഷിയിടങ്ങളിൽ രണ്ടാഴ്ചയായി തമ്പടിച്ചു കൃഷിനാശം വരുത്തിയ ചിന്നത്തമ്പി എന്ന കൊമ്പനെ ഒൻപതു മണിക്കൂറോളം നീണ്ട ശ്രമങ്ങൾക്കൊടുവിൽ പിടികൂടി തമിഴ്നാട് വനംവകുപ്പിന്റെ ടോപ് സ്ലിപ്പിലെ ആനക്കൊട്ടിലിൽ എത്തിച്ചു.മയക്കുവെടിവച്ചു തളർത്തിയ ചിന്നത്തമ്പിയെ വയനാട് വന്യജീവി സങ്കേതത്തിൽ നിന്നെത്തിയ എലിഫന്റ് ആംബുലൻസിൽ കുങ്കിയാനകളുടെ സഹായത്തോടെ കയറ്റുകയായിരുന്നു.ആനയെ പിടികൂടുമ്പോൾ ദേഹോപദ്രവമേൽപിക്കരുതെന്ന മദ്രാസ് ഹൈക്കോടതിയുടെ കർശന നിർദേശം ഉണ്ടായിരുന്നതിനാൽ ഏറെ ജാഗ്രതയോടെയായിരുന്നു നീക്കങ്ങൾ.വ്യാഴാഴ്ച നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഇന്നലെ രാവിലെ അഞ്ചരയ്ക്കു തന്നെ ഓപ്പറേഷൻ  ആരംഭിച്ചു. മടത്തുകുളം കണ്ണാടിപുത്തൂരിലെ കരിമ്പിൻ തോട്ടമായിരുന്നു ഇന്നലെ ആനയുടെ താവളം.

ചിന്നത്തമ്പിയുടെ നീക്കങ്ങൾ ഡ്രോൺ ഉപയോഗിച്ച് മനസ്സിലാക്കിയ വനപാലകർ കലിം, മാരിയപ്പൻ എന്നീ കുങ്കിയാനകളെ തോട്ടത്തിനുള്ളിലേക്ക് അയച്ച് പുറത്തെത്തിക്കാൻ ശ്രമിച്ചു. ആദ്യമൊന്നും വഴങ്ങാതിരുന്ന ചിന്നത്തമ്പി ഒൻപതരയോടെ തോട്ടത്തിനു പുറത്തെ  വയലിലെത്തി.തിരുപ്പൂർ ഫോറസ്റ്റ് ഓഫിസർ പി.കെ.ദിലീപ്, വെറ്ററിനറി ഡോക്ടർ ഡോ.അശോകൻ, വനംവകുപ്പ് മുൻ ഉദ്യോഗസ്ഥൻ തങ്കരാജ് പനീർസെൽവം എന്നിവർ മയക്കുവെടി വയ്ക്കാനുള്ള ഒരുക്കങ്ങളുമായി നിന്നിരുന്നു.ആദ്യവെടി ആനയുടെ ശരീരത്തിൽ കൊണ്ടില്ല. രണ്ടാമത്തേതു കാലിൽ തട്ടിയെങ്കിലും ആന സമീപത്തെ കരിമ്പിൻകാട്ടിലേക്ക് ഓടിക്കയറിയതിനാൽ ശരീരത്തിൽ ഏറ്റോ എന്നു വ്യക്തമായില്ല.

കൂടുതൽ ഡോസ് ചെന്നാൽ അപകടമാകുമെന്നതിനാൽ ഉദ്യോഗസ്ഥർ കാത്തുനിന്നു. ഒരു മണിക്കൂറിനു ശേഷം പുറത്തിറങ്ങിയ ചിന്നത്തമ്പി തികച്ചും ശാന്തനായി  ഉദ്യോഗസ്ഥർക്കു മുന്നിൽ നിന്നതോടെ വീണ്ടും മയക്കുവെടിവച്ചു.പരാക്രമത്തോടെ കരിമ്പിൻ തോട്ടത്തിലേക്ക് ഓടിയ ആനയെ കുങ്കികളുടെ സഹായത്തോടെ വാഴത്തോട്ടത്തിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് ഒരടിപോലും നീങ്ങാൻ തയാറായില്ല.ഒടുവിൽ കുങ്കിമാരെ അടുത്തു നിർത്തിയ ശേഷം പാപ്പാന്മാരിലൊരാൾ ചിന്നത്തമ്പിയുടെ പുറത്തു കയറി കഴുത്തിൽ വടം വെട്ടി. തോട്ടത്തിനു പുറത്തെത്തിച്ചു വാഹനത്തിൽ കയറ്റാനുള്ള ശ്രമം നടക്കില്ലെന്നു മനസ്സിലാക്കിയതോടെ തോട്ടത്തിലേക്കു വാഹനം എത്തിക്കാനായി മണ്ണുമാന്തി ഉപയോഗിച്ചു വഴി വെട്ടി.

കേരളത്തിൽ നിന്നുള്ള രണ്ടും തമിഴ്നാട്ടിലെ ഒന്നും എലിഫന്റ് ആംബുലൻസുകൾ ഒരുമിച്ചു നിർത്തിയ ശേഷം ചിന്നത്തമ്പിയെ അങ്ങോട്ട് എത്തിക്കാനായി ശ്രമം. ആദ്യമൊക്കെ അനങ്ങാതെ നിന്ന ചിന്നത്തമ്പി ഉച്ചയ്ക്ക് 3 മണിയോടെ കുങ്കികൾക്കു വഴങ്ങി ലോറിയിൽ കയറി. ചിന്നത്തമ്പിയെ എന്തു ചെയ്യണമെന്ന് ഏതാനും ദിവസത്തെ ചികിത്സയും വിശ്രമവും നൽകിയ ശേഷം തീരുമാനിക്കുമെന്നു തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com