ADVERTISEMENT

ആഴ്ചകള്‍ക്കു മുന്‍പാണ് ലോകത്തെ ഏറ്റവും വലിയ സ്രാവിനെ കണ്ടെത്തിയത്. ഓസ്ട്രേലിയന്‍ തീരത്തു നിന്നു കണ്ടെത്തിയ ഈ ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക് സ്രാവിന്‍റെ വലുപ്പം ഏതാണ്ട് 10.3 മീറ്ററായിരുന്നു. പക്ഷേ ഏതാണ്ട് 20 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവയേക്കാള്‍ വമ്പന്‍മാരായ ചില സ്രാവുകള്‍ ജീവിച്ചിരുന്നു. മെഗാഷാര്‍ക്ക് അഥവാ മെഗാലഡോണ്‍ എന്നറിയപ്പെട്ടിരുന്ന ഈ സ്രാവുകളുടെ നീളം ശരാശരി 18 മീറ്ററിനും മുകളിലായിരുന്നു. അതായത് ഏകദേശം 50 അടി. 

ഈ മെഗാ സ്രാവുകളുടെ വലുപ്പം കൊണ്ടു തന്നെ ഇന്നും പല നോവലുകള്‍ക്കും സിനിമകള്‍ക്കും പ്രചോദനമാകുന്നുണ്ട്. ഈ സമയത്ത് അവ ജീവിച്ചിരുന്നെങ്കില്‍ സമുദ്രം അടക്കിഭരിക്കുന്ന ജീവികളയി മെഗാലഡോണുകള്‍ മാറിയേനെയെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ സത്യം അല്‍പം വ്യത്യസ്തമാണ്. കാരണം ഈ മെഗാലഡോണുകളുടെ വംശത്തെ തന്നെ ഇല്ലാതാക്കിയ ജീവികള്‍ ഇന്നും കടലില്‍ സ്വാതന്ത്ര്യത്തോടെ വിഹരിക്കുന്നുണ്ട്. ഒരു പക്ഷേ മറ്റൊരു സമുദ്രജീവിക്കും കീഴ്പ്പെടുത്താനാകാതെ സമുദ്രം തന്നെ അടക്കി ഭരിച്ച് കൊണ്ട്. ആ ജീവികള്‍ മറ്റാരുമല്ല സാക്ഷാല്‍ ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കുകള്‍ തന്നെയാണ്. 

Megalodon

മെഗാലഡോണ്‍

ഒട്ടോഡസ് മെഗാലഡോണ്‍ എന്നതാണ് മെഗാലഡോണുകളുടെ ശാസ്ത്രീയ നാം. മുന്‍ കണ്ടെത്തലുകള്‍ പ്രകാരം ഏതാണ്ട്  രണ്ടര മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇവയ്ക്ക് വംശനാശം സംഭവിച്ചത്. ഇതിനു കാരണമായത് ഭൂമിയില്‍ പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റങ്ങളാണെന്നും ഗവേഷകര്‍ വിലയിരുത്തി. ഭൂമിയില്‍ നിന്ന് 150 മില്യണ്‍ പ്രകാശ വര്‍ഷം അകലെയുള്ള ഒരു സൂപ്പര്‍നോവ നക്ഷത്രം പൊട്ടിത്തറിച്ചതാണ് ഈ മാറ്റങ്ങളിലേക്കു നയിച്ചതും. എന്നാല്‍ മോഗാലഡോണുകളുടെ ഫോസിലുകളില്‍ നടത്തിയ പരിശോധനയില്‍ ഈ കണ്ടെത്തലുകള്‍ തെറ്റായിരുന്നു എന്നാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ഫോസിലുകളിലെ അടയാളങ്ങളിലും മറ്റും തെറ്റായ രീതിയിലാണ് മുന്‍പ് വിലയിരുത്തപ്പെട്ടതെന്നും പുതിയ പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു.

സൂപ്പര്‍നോവയ്ക്കു പകരം പുതിയ പഠനം നടത്തിയ ഗവേഷകര്‍ മുന്നോട്ടു വയ്ക്കുന്നത് ശ്രദ്ധേയമായ ചില കണ്ടെത്തലുകളാണ്. പുതിയ കണക്കു കൂട്ടലനുസരിച്ച് മെഗാലഡോണിന് വംശനാശം സംഭവിച്ചത് പിന്നെയും ഒരു മില്യണ്‍ വര്‍ഷം പുറകിലായാണെന്നു ഗവേഷകര്‍ തിരിച്ചറിഞ്ഞു. അതായത് പുതിയ നിഗമനം അനുസരിച്ച് മെഗാലഡോണുകള്‍ ഇല്ലാതായത് ഏതാണ്ട് 36 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. 

Great white shark

ഗ്രേറ്റ് വൈറ്റ് അഥവാ കൊമ്പന്‍സ്രാവുകളുടെ വരവ്

സൂപ്പര്‍നോവ സൃഷ്ടിച്ച ആഘാതത്തിനും 10 ലക്ഷം വര്‍ഷം മുന്‍പാണ് മെഗാലഡോണുകള്‍ക്കു വംശനാശം സംഭവിച്ചത് എന്നിരിക്കെ ഈ വംശനാശത്തിനുള്ള കാരണം എന്താകാം എന്നായിരുന്നു ഗവേഷകരുടെ അടുത്ത ചോദ്യം. ഈ ചോദ്യത്തിനുള്ള ഉത്തരം അവരെ തന്നെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. താരതമ്യേന ചെറുതും എന്നാല്‍ കൂടുതൽ ആക്രമകാരികളുമായ ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കുകളുടെ വ്യാപനവുമായാണ് ഇവര്‍ മെഗാലഡോണുകളുടെ നാശത്തെ ബന്ധിപ്പിക്കുന്നത്. 

great-white-shark2

ഏതാണ്ട് 60 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കൊമ്പന്‍ സ്രാവുകളുടെ വംശത്തിന്‍റെ ഉദയം. പസിഫിക്കിലായിരുന്നു ഇവയുടെ ജനനം എങ്കിലും അടുത്ത ഇരുപതു ലക്ഷം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവ എല്ലാ സമുദ്രമേഖലയിലേക്കും വ്യാപിച്ചു. കാര്യമായ എതിരാളികള്‍ ഇല്ലാത്തതും വേഗത്തില്‍ വേട്ടയാടാനുള്ള കഴിവും ഇവയുടെ വ്യാപനത്തിന് അനുകൂലമായ സാഹചര്യമൊരുക്കി. വലുപ്പത്തന്‍റെ കാര്യത്തില്‍ കൊമ്പന്‍സ്രാവുകളുടെ ഇരട്ടി ശരീരമുണ്ടെങ്കിലും വേഗത്തിലും വേട്ടയാടാനുള്ള പ്രാപ്തിയിലും മെഗാലഡോണുകള്‍ കൊമ്പന്‍സ്രാവുകള്‍ക്കു പിന്നിലായിരുന്നു. രണ്ട് സ്രാവുകളുടെയും ഇരകള്‍ ഏതാണ്ട് ഒരേ ജീവികളായിരുന്നു എന്നത് ഇരു വിഭാഗവും തമ്മിലുള്ള മത്സരത്തിലേക്കെത്തിച്ചു. പക്ഷേ മത്സരത്തില്‍ കൊമ്പന്‍സ്രാവുകളോടു മെഗാലഡോണുകള്‍ക്കു പിടിച്ചു നിൽക്കാനായില്ല.

പുതിയ കണ്ടെത്തല്‍ ശാസ്ത്രലോകത്തെ അമ്പരപ്പിച്ചുവെങ്കിലും എല്ലാവരും ഇക്കാര്യം പെട്ടെന്ന് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. സൗത്ത് കാരൊലിന ചാള്‍സ്റ്റണ്‍ കൊളേജിലെ പാലിയന്‍റോളജിസ്റ്റ് റോബര്‍ട്ട് ബോസ്നെക്കറും സംഘവുമാണ് ഈ കണ്ടെത്തല്‍ മുന്നോട്ടു വച്ചത്. എന്നാല്‍ ബോസ്നെക്കറുടെ ആശയത്തെ നാഷണല്‍ ജിയോഗ്രഫിക് ഉള്‍പ്പടെയുള്ള പല ശാസ്ത്ര പ്രസിദ്ധീകരണങ്ങളിലും വന്ന ചില ലേഖനങ്ങള്‍ എതിര്‍ക്കുന്നു. കൊമ്പന്‍ സ്രാവുകള്‍ മാത്രമാണ് മെഗാസ്രാവുകളുടെ വംശനാശത്തിനു കാരണമായതെന്ന വാദം അംഗീകരിക്കാനാകില്ലെന്നാണ് ഇവര്‍ പറയുന്നത്. മറ്റു ചിലരാകട്ടെ കൊമ്പന്‍ സ്രാവുകള്‍ക്കൊപ്പം തന്നെ മുന്‍ കണ്ടെത്തലായ സൂപ്പര്‍ നോവയുടെ ആഘാതവും ചേര്‍ത്തു വച്ചാല്‍ തൃപതികരമായ ഉത്തരം ലഭിച്ചേക്കുമെന്നും വാദിക്കുന്നു. ഏതായാലും മെഗാലഡോണുകളുടെ വംശനാശത്തെ ചൊല്ലിയുള്ള തര്‍ക്കം ഇപ്പോഴൊന്നും അവസാനിക്കില്ല എന്ന് നിസ്സംശയം പറയാനാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com