ADVERTISEMENT

വലുപ്പം കൊണ്ടു തിമിംഗലങ്ങളാണു മുന്നിലെങ്കിലും സമുദ്രത്തില്‍ എല്ലാവരും ഭയപ്പെടുന്ന ഒരു ജീവിയുണ്ടെങ്കില്‍ അതു സ്രാവുകളാണ്. ആക്രമണോത്സുകത കൊണ്ടും വേഗം കൊണ്ടും കടല്‍ജീവികളുടെ മാത്രമല്ല കടലില്‍ ഇറങ്ങുന്ന മനുഷ്യരുടെ കൂടി പേടിസ്വപ്നമാണു സ്രാവുകള്‍. എന്താണ് സ്രാവുകളെ ഇത്രയധികം കരുത്തുള്ള ജീവികളാക്കി മാറ്റുന്നത്. പുറം കാഴ്ചകള്‍ മാത്രമല്ല മറ്റുചില ശാരീരികമായ സവിശേഷതകള്‍ കൂടി സ്രാവിനുണ്ട്. ഇവയുടെ നീണ്ട ആയുസ്സും വേഗത്തിൽ കരിയുന്ന മുറിവുകളും അത്യപൂര്‍വമായി മാത്രം ക്യാന്‍സര്‍ പിടിപെടുന്ന ശരീരവുമെല്ലാം സ്രാവുകളുടെ പ്രത്യേകതകളാണ്.  നിരവധി ജനിതക ഘടകങ്ങള്‍ കൊമ്പന്‍ സ്രാവുകളുടെ ഈ സവിശേഷതകള്‍ക്കു പിന്നിലുണ്ടെന്നാണു ഗവേഷകര്‍ വിശദീകരിക്കുന്നത്. 

ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക് എന്ന കൊമ്പന്‍ സ്രാവ്

ഇന്നു സമുദ്രത്തില്‍ കാണപ്പെടുന്ന മത്സ്യവിഭാഗത്തില്‍ പെട്ട ജീവികളില്‍ ഏറ്റവും വലുപ്പമേറിയവയാണ് സ്രാവുകള്‍. വലുപ്പത്തിന്‍റെ കാര്യത്തില്‍ സ്രാവുകള്‍ക്കിടയില്‍ രണ്ടാം സ്ഥാനത്താണെങ്കിലും മറ്റെല്ലാം കാര്യത്തിലും കൊമ്പന്‍ സ്രാവുകള്‍ തന്നെയാണ് മുന്‍പന്തിയില്‍.  വേഗതയിലും വേട്ടയാടാനുള്ള കഴിവിലും ജനിതകപരമായ പല ഘടകങ്ങളിലും മറ്റു സ്രാവുകള്‍ ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കുകളേക്കാള്‍  പിന്നിലാണെന്നു പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.

സേവ് ഔവര്‍ സീ ഫൗണ്ടേഷന്‍ ഷാര്‍ക്ക് റിസേര്‍ച്ച് സെന്‍ററിലെ ഗവേഷകരും ഗേ ഹാര്‍വി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിനുള്ള ജനിതകപരമായ ഒട്ടേറെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞത്. ഈ ജനിതകപരമായ പ്രത്യേകതകളാണ് സമുദ്രത്തിലെ സമാനതകളില്ലാത്ത ജീവികളായി കൊമ്പന്‍ സ്രാവുകളെ മാറ്റുന്നതും.

Great white shark

ജനിതക പഠനം

സ്രാവുകളുടെ ജനിതക പഠനം അത്ര എളുപ്പമുള്ള ദൗത്യമല്ലായിരുന്നുവെന്ന് ഇതു പൂര്‍ത്തിയാക്കിയ ഗവേഷകര്‍ പറയുന്നു. ദശലക്ഷക്കണക്കിനു വര്‍ഷം പഴക്കമുള്ള ജീവികളാണ് കൊമ്പന്‍ സ്രാവുകള്‍. അതുകൊണ്ട് തന്നെ ഇവയുടെ ജനിതക രഹസ്യം അന്വേഷിച്ചുള്ള യാത്രയും അതിന്‍റെ ഡീ കോഡിങ്ങും ഗവേഷകരെ ശരിക്കും കുഴക്കി. സ്രാവിന്‍റെ ഒരു ജീനില്‍ മാത്രമുണ്ടായിരുന്നത് 463 കോടി ബേസ് പെയറുകളായിരുന്നു. ഡിഎന്‍എ ഗോവണി നിര്‍മ്മിക്കുന്ന നൈട്രജന്‍ അടങ്ങിയ മോളിക്യൂളുകളാണ് ഈ ബേസ് പെയറുകള്‍. ഇവ വേര്‍തിരിച്ചെടുത്തു പഠിക്കുകയെന്നത് സമാനതകളില്ലാത്ത പരിശ്രമമായിരുന്നുവെന്ന് പഠനത്തില്‍ പങ്കാളികളാകാത്ത ഗവേഷകര്‍ പോലും പറയുന്നു.

സ്രാവുകളുടെ ജീനിന്‍റെ 60 ശതമാനവും മനുഷ്യരുടേതിനു സമാനമാണെന്നു ഗവേഷകര്‍ പറയുന്നു. മനുഷ്യരിലുള്ളതു പോലെ അവര്‍ത്തിക്കുന്ന ജനിതക ഘടകങ്ങള്‍ സ്രാവുകളിലും കാണാം. എന്നാല്‍ സ്രാവുകളില്‍ ഒരു വ്യത്യാസമുണ്ട്. ഈ ആവര്‍ത്തിക്കുന്ന ജനിതക ഘടകങ്ങള്‍ ചേര്‍ന്ന് ലൈന്‍സ് (LINES) എന്നു വിളിക്കുന്ന ഒരു കൂട്ടം ജനിതക ഘടകങ്ങളായി മാറും. ഈ ലൈനുകള്‍ സ്വന്തം പകര്‍പ്പുകളുണ്ടാക്കി സൂക്ഷിക്കുന്നവയാണ്. തുടര്‍ന്ന് ഇത്തരം പകര്‍പ്പുകള്‍ ഡിഎൻഎയില്‍ അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ളപ്പോള്‍ അത്തരം സ്ഥലങ്ങളില്‍ ഉപയോഗിക്കും.

Great white shark

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഘടകം

ഡിഎന്‍എയില്‍ തുടര്‍ച്ചയായുണ്ടാകുന്ന തകര്‍ച്ചയാണ് വൈകാതെ ജനിതക മ്യൂട്ടേഷന്‍ വരുത്തുന്നതും ഇതുവഴി ക്യാന്‍സറിനു കാരണമാകുന്നതും. എന്നാല്‍ സ്രാവുകളിലെ ലൈനുകളുടെ പ്രവര്‍ത്തനം ഇത്തരം ജനിതക മ്യൂട്ടേഷനുകള്‍ മിക്കവാറും ഒഴിവാക്കുന്നു. അതുവഴി ക്യാന്‍സറും. അതായത് ലൈന്‍സ് എന്ന ജനിതക പ്രത്യേകത തന്നെയാണ് സ്രാവുകളെ ക്യാന്‍സറുകളില്‍ നിന്നു പരമാവധി രക്ഷിച്ചു നിര്‍ത്തുന്നതെന്നു പഠനത്തില്‍ പങ്കെടുത്ത കോര്‍ണല്‍ സര്‍വകലാശാലയിലെ മൈക്കള്‍ സ്റ്റാന്‍ഹോപ്, കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് മഹമൂഗ് ശിവ്ജി, നോവാ  സൗത്ത് ഈസ്റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകർ എന്നിവര്‍ പറയുന്നു.

ജനിതക സ്ഥിരത കാത്തുസൂക്ഷിക്കാനുള്ള സ്രാവുകളുടെ ഈ കഴിവാണ് ക്യാന്‍സര്‍, ട്യൂമര്‍ പോലുള്ള അവസ്ഥകളില്‍ നിന്നു ഇവയെ സംരക്ഷിക്കുന്നതും ഇവയെ നട്ടെല്ലുള്ള മത്സ്യങ്ങളില്‍ ഏറ്റവുമധികം ആയുസ്സുള്ളവയാക്കി മാറ്റുന്നതും.അതേസമയം തന്നെ സ്രാവിനെ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ക്യാന്‍സര്‍ വരുന്നതു തടയാനാകുമെന്ന ധാരണ തെറ്റാകാനാണ് സാധ്യതയെന്നും ഈ പഠനം ചൂണ്ടിക്കാട്ടുന്നു. ജനിതകമായ പ്രത്യേകതകളാണ് സ്രാവിനെ ക്യാന്‍സറില്‍നിന്നു സംരക്ഷിക്കുന്നത്. സ്രാവിനെ കൂടുതല്‍ ഭക്ഷിക്കുന്നത് കൊണ്ട് ഈ പ്രത്യേകതകള്‍ മനുഷ്യര്‍ക്കു ലഭിക്കില്ല. അതിനാല്‍ തന്നെ സ്രാവിനെ കഴിക്കുന്നത് കൊണ്ടു ക്യാന്‍സറില്‍ നിന്നു രക്ഷനേടാന്‍ കഴിയുമെന്നത് അബദ്ധ ധാരണയാണെന്നും ഗവേഷകര്‍ പറയുന്നു.

Great white shark

പെട്ടെന്ന് മുറിവുണങ്ങാനുള്ള കഴിവ്

ജനിതകപരമായ പ്രത്യേകതകള്‍ തന്നെയാണു സ്രാവുകളുടെ ഈ കഴിവിനും പിന്നില്‍. നട്ടെല്ലുള്ള മറ്റു ജീവികളില്‍ കാണുന്നതിനേക്കാളും പല ഇരട്ടിയിലധികമാണ് സ്രാവുകളില്‍ മുറിവുണക്കുന്ന ജീനുകളുള്ളത്. ഈ ജീനുകളുടെ എണ്ണക്കൂടുതല്‍ തന്നെയാണ് സ്രാവുകളുടെ മുറിവ് വേഗത്തില്‍ ഉണക്കാന്‍ സഹായിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. മനുഷ്യരില്‍ ഒരു മാസം കൊണ്ട് ഉണങ്ങുന്ന മുറിവ് മൂന്നോ നാലോ ദിവസത്തിനുള്ളില്‍ സ്രാവുകള്‍ക്കു ഭേദമാകും.

മുറിവുണങ്ങുന്നതു പോലെ തന്നെ അസാധാരണമായ ഘ്രാണശക്തിയാണ് സ്രാവുകള്‍ക്കുള്ള മറ്റൊരു പ്രത്യേകത. സ്രാവുകളിലുള്ള ഓല്‍ഫാക്ടറി റിസപ്റ്റര്‍ ജീനുകളാണ് ഇവയുടെ ഉയര്‍ന്ന ഘ്രാണശക്തിക്കു പിന്നിലെന്നായിരുന്നു ഗവേഷകര്‍ കരുതിയത്. നട്ടെല്ലുള്ള മറ്റു ജീവികളിലെ ഉയര്‍ന്ന ഘ്രാണശക്തിയുള്ളവയില്‍ ധാരാളമായി കാണപ്പെടുന്ന ജീനാണിത്. എന്നാല്‍ ഗവേഷകരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഈ ജീനുകള്‍ വളരെ ചെറിയ അളവില്‍ മാത്രമാണ് സ്രാവുകളില്‍ കണ്ടെത്തിയത്. പകരം മറ്റൊരു ജീനുകളാണ് സ്രാവുകൾക്ക് ഘ്രാണശക്തി നല്‍കുന്നതെന്നു ഗവേഷകര്‍ കണ്ടെത്തി. വോമറോനസല്‍ എന്നാണ് ഗവേഷകര്‍ ഈ ജീനുകള്‍ക്കു നല്‍കിയിരിക്കുന്ന പേര്. 

നിലനില്‍പ്പിനു വേണ്ടി പോരാടുന്ന കടലിലെ സൂപ്പര്‍മാന്‍

കാര്യം ഒട്ടേറെ പ്രത്യേകതകളും കരുത്തും വേഗതയുമുണ്ടെങ്കിലും കടലിലെ സൂപ്പര്‍മാനെന്നും സൂപ്പര്‍ വില്ലനെന്നും ഗവേഷകര്‍ വിശേഷിപ്പിക്കുന്ന സ്രാവ് നിലനില്‍പിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്. വ്യാപകമായ വേട്ടയും, മാറിവരുന്ന കാലാവസ്ഥയും, ആവാസവ്യവസ്ഥയിലുണ്ടാകുന്ന നാശവുമാണ് ഇതിനു പിന്നിൽ . സ്രാവുകളെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചു ലോകത്തെ ബോധ്യപ്പെടുത്തുകയെന്നതു കൂടിയായിരുന്നു സ്രാവുകളെക്കുറിച്ചുള്ള ജനിതക പഠനത്തിന്‍റെ ഉദ്ദേശമെന്ന് ഇതില്‍പങ്കെടുത്ത രാജ്യാന്തര ഗവേഷക സംഘം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com