തന്നേക്കാള്‍ മൂന്നിരട്ടി വലുപ്പമുള്ള ഒപ്പോസത്തെ ഭക്ഷണമാക്കുന്ന എട്ടുകാലി; ദൃശ്യങ്ങൾ കൗതുകമാകുന്നു!

HIGHLIGHTS
  • ലോകത്തെ ഏറ്റവും അപകടകാരിയായ ചിലന്തികളാണ് തരാന്തുലകള്‍
  • കശേരു മൃഗങ്ങളെക്കുറിച്ചു പഠിക്കുന്നതിനിടയിലാണ് ഗവേഷകര്‍ക്ക് ഈ ദൃശ്യം ലഭിച്ചത്
Tarantula
SHARE

വലുപ്പത്തില്‍ കുഞ്ഞന്‍മാരാണെങ്കിലും അത്തരം വലുപ്പച്ചെറുപ്പമൊന്നും ഭക്ഷണക്കാര്യത്തില്‍ കാണിക്കാത്തവരാണ് എട്ടുകാലികള്‍. വല വിരിച്ച്  ഈച്ചകള്‍ തുടങ്ങി പാമ്പുകളെയും ചെറു പക്ഷികളെയും വരെ പിടിച്ച് അകത്താക്കാന്‍ ഇവയ്ക്കു മടിയില്ല. കൂടാതെ ചെറിയ പല്ലികളും തവളകളും എലികളുമൊക്കെ ചിലന്തികളുടെ ആഹാരമാകാറുണ്ട്, 

ഒപ്പോസത്തെ പിടികൂടിയ എട്ടുകാലി

tarantula

ലോകത്തെ തന്നെ ഏറ്റവും അപകടകാരിയായ ചിലന്തികളാണ് തരാന്തുലകള്‍. ദക്ഷിണ അമേരിക്കയിലെ കാടുകളില്‍ കാണപ്പെടുന്ന ഇവയില്‍ ചിലതിന് ഒരു ശരാശരി ഡിന്നര്‍ പ്ലേറ്റിന്‍റെ വലുപ്പം ഉണ്ടാകാറുണ്ട്. ഇത്രയും വലുപ്പം വയ്ക്കുന്ന തരാന്തുല ചിലന്തികളുടെ വിഷം മനുഷ്യര്‍ക്കു തന്നെ അതീവ അപകടകരമാണ്. ഇതേ വലിപ്പമുള്ള ഒരു തരാന്തുല ചിലന്തിയാണ് തന്നെക്കാള്‍ പത്തിരട്ടിയെങ്കിലും ശരീരഭാരവും മൂന്നിരട്ടി വലുപ്പവുമുള്ള ഒപ്പോസത്തിന്‍റെ കുഞ്ഞിനെ പിടികൂടിയതും ഭക്ഷണമാക്കിയതും. ആമസോണ്‍ കാട്ടില്‍ നിന്നാണ് ഈ അപൂർവ ദൃശ്യം ലഭിച്ചത്.

വിഷം കുത്തിവച്ചാണ് ഒപ്പോസത്തെ എട്ടുകാലി കീഴടക്കിയതെന്നു ദൃശ്യങ്ങളില്‍ വ്യക്തമാണ്. എട്ടുകാലി പിടികൂടിയപ്പോള്‍ കുതറി രക്ഷപെടാന്‍ ശ്രമിച്ച ഒപ്പോസം വൈകാതെ തളര്‍ന്ന് എട്ടുകാലിക്കു കീഴടങ്ങുകയായിരുന്നു. ഏതാണ്ട് 30 സെക്കന്‍റാണ് എട്ടുകാലിയുടെ വിഷം ഒപ്പോസത്തെ തളർത്താന്‍ എടുത്തതെന്നാണു നിഗമനം. ദക്ഷിണ അമേരിക്കയില്‍ മാത്രം കാണപ്പെടുന്ന എലിവര്‍ഗത്തില്‍ പെട്ട ജീവികളാണ് ഒപ്പോസം.

ദൃശ്യത്തിന്‍റെ പ്രാധാന്യം

അമേരിക്കയിലെ വലുപ്പം കുറഞ്ഞ കശേരു മൃഗങ്ങളെക്കുറിച്ചു പഠിക്കുന്നതിനിടയിലാണ് ഗവേഷകര്‍ക്ക് ഈ ദൃശ്യം ലഭിച്ചത്. ഒപ്പോസം കശേരു മൃഗങ്ങളിലൊന്നാണ്. ദക്ഷിണ അമേരിക്കയിലെ പ്രത്യേകിച്ചും ആമസോണിലെ ചെറിയ കശേരു മൃഗങ്ങളെ വേട്ടയാടുന്നതില്‍ ചിലന്തികളുടെ പങ്കും വലുതാണെന്ന് ഈ പഠനത്തിലൂടെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. കൂടുതലായി ചെറു പ്രാണികളെയും മറ്റും ഇരയാക്കുന്ന ചിലന്തികള്‍ വലപ്പോഴും മാത്രമാണ് ഒപ്പോസം, തവള തുടങ്ങിയ ചെറു ജീവികളെ ഭക്ഷണമാക്കയെന്നായിരുന്നു നിലനിന്നിരുന്ന ധാരണ. എന്നാല്‍ ഈ ധാരണ തെറ്റാണെന്ന് ഈ പഠനം ബോധ്യപ്പെടുത്തി.

video courtesy National Geographic

മിഷിഗണ്‍ സര്‍വകലാശാലയിലെ പരിവര്‍ത്തന ജന്തുശാസ്ത്രവിഭാഗം  മേധാവി ഡാനിയേല്‍ റോബോസ്കിയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഈ പഠനം നടത്തിയത്. സംഘത്തിന്‍റെ രാത്രി സഞ്ചാരത്തിനിടെ യാദൃശ്ചികമായാണ് തരാന്തുല ഒപ്പോസത്തെ ഇരയാക്കുന്ന ദൃശ്യം ലഭിച്ചത്. അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു ഇതെന്നാണ് സംഘത്തിലെ ഓരോരുത്തരും പ്രതികരിച്ചത്. ഇത്ര വലുപ്പമുള്ള സസ്തനികളെ ചിലന്തികള്‍ ആഹാരമാക്കുന്നു എന്നുള്ളത് അവയുടെ ഭക്ഷ്യശൃംഖല എത്രമാത്രം വ്യാപിച്ചു കിടക്കുന്നുവെന്നതിനു തെളിവാണെന്ന് ഡാനിയേല്‍ പറയുന്നു. കൂടാതെ തരാന്തുലകള്‍ കശേരുമൃഗങ്ങളെയും സസ്തനികളെയും ആഹാരമാക്കുന്നത് അബദ്ധത്തില്‍ സംഭവിക്കുന്ന കാര്യമല്ലെന്നും ഈ ദൃശ്യങ്ങൾ തെളിയിക്കുന്നുണ്ടെന്നും ഡാനിയേല്‍ വിശദീകരിക്കുന്നു. 

tarantula

പ്രദേശത്തെ എട്ടുകാലികള്‍ തവളകളേയും പല്ലികളേയും പോലുള്ള നട്ടെല്ലുള്ള ജീവികളെ വ്യാപകമായി വേട്ടയാടി ആഹാരമാക്കുന്നതായി സംഘം കണ്ടെത്തി. ഇത്തരത്തില്‍ ചിലന്തികള്‍ ആഹാരമാക്കുന്ന 85 ഉഭയജീവികളുടെയും 90 ഇഴജന്തു വിഭാഗങ്ങളുടെയും പട്ടികയും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിനു പുറമെയാണ് സസ്തനിയായ ഒപ്പോസത്തെയും ചിലന്തികള്‍ ഇരയാക്കുന്നതായി കണ്ടെത്തിയത്. മൂന്ന് വര്‍ഷത്തിലേറെയായി ഇവര്‍ ആമസോണിലെ വിവിധ മേഖലകളിലുള്ള ചെറിയ കശേരുജീവികളെ നിരീക്ഷിച്ചു വരികയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA