ADVERTISEMENT

പഴമൊഴിയില്‍ പറഞ്ഞാല്‍ ആണ്ടിലും സംക്രാന്തിക്കുമൊക്കെയാണു പരിസ്ഥിതി ലോകത്തു നിന്നു നല്ല വാര്‍ത്തകള്‍ വരുന്നത്. തയ്‌വാനില്‍ നിന്നു കഴിഞ്ഞ ആഴ്ച ലഭിച്ചത് ഇത്തരമൊരു വാര്‍ത്തയാണ്. ക്ലൗഡഡ് ലെപഡ് അഥവാ മേഘപ്പുലിയെ രാജ്യത്തു വീണ്ടും കണ്ടെത്തി. ഇന്ത്യയിലും ചൈനയിലും ഭൂട്ടാനിലും ഹിമാലയന്‍ മേഖലകളില്‍ കണ്ടു വരുന്ന ക്ലൗഡഡ് ലെപഡിന്റെ ഉപവിഭാഗമാണ് തയ്‌വാനിലെ ഈ മേഘപ്പുലി.

മേഘത്തിനു സമാനമായ അടയാളങ്ങള്‍ ശരീരത്തിലുള്ളതിനാലാണ് ഈ പുലിക്ക് മേഘപ്പുലി എന്ന പേരു ലഭിച്ചത്. 1983 ലാണ് തയ്‌വാനിലെ കാടുകളില്‍ അവസാനമായി മേഘപ്പുലിയെ കണ്ടത്. തുടര്‍ന്ന് ഇവ അപ്രത്യക്ഷമായി. 20 വര്‍ഷത്തോളം കാത്തിരുന്ന് ഒടുവില്‍ 2013 ലാണ് ഐയുസിഎന്‍ തയ്‌വാനിൽ മേഘപ്പുലിക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചത്. എന്നാല്‍ തങ്ങള്‍ക്കു തെറ്റു പറ്റിയതാണെന്നറിഞ്ഞിട്ടും അതില്‍ സന്തോഷിക്കുകയാണ് ഇപ്പോള്‍ തയ്‌വാനിലെ ഗവേഷകരും ഐയുസിഎന്നും.

2018 ലാണ് തയ്‌വാനിലെ ഡാരെന്‍ മേഖലയില്‍ മേഘപ്പുലിയെ കണ്ടതായി ഏതാനും ഗ്രാമീണര്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് തവണ ഈ പുലിയ കണ്ടതായി പ്രാദേശിക വാര്‍ത്താ ഏജന്‍സി അന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈകാതെ കഴിഞ്ഞ വര്‍ഷം അവസാനം ഇതേ മേഖലയിലെ ഫോറസ്റ്റ് റേഞ്ചര്‍മാരും മേഖപ്പുലിയെ കണ്ടെത്തി. ആടുകളെ വേട്ടയാടുന്ന ജീവിയെ തിരഞ്ഞുള്ള യാത്രയിലാണ് ഇവര്‍ മേഘപ്പുലിയ കണ്ടത്. മേഘപ്പുലിയുടെ സാന്നിധ്യമറിഞ്ഞു വന്യജീവി വകുപ്പ് നിരീക്ഷണത്തിനായി ഏര്‍പ്പെടുത്തിയ സംഘത്തില്‍ പെട്ടവരായിരുന്നു ഇവര്‍.

464745194

വംശനാശ പട്ടികയില്‍ നിന്ന് നീക്കില്ല

പക്ഷെ ഇത്തരം കാഴ്ചകള്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്നതിനാല്‍ മേഘപ്പുലിയെ വംശനാശം സംഭവിച്ച ജീവികളുടെ പട്ടികയില്‍ നിന്നു നീക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അതേസമയം ഈ പുലികളെ കണ്ടെത്തി നിരീക്ഷിക്കാനും അവയുടെ സംരക്ഷണം ഉറപ്പാക്കാനുമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും. 30 വര്‍ഷത്തിനു ശേഷമാണ് ഈ പുലികളെ കണ്ടെത്തുന്നത് എന്നതിനാല്‍ തീര്‍ച്ചയായും ഇവ ഒന്നില്‍ കൂടുതല്‍ ഉണ്ടാകുമെന്നു ഗവേഷകര്‍ പറയുന്നു. കര്‍ഷകരും റേഞ്ചര്‍മാരും കണ്ടത് രണ്ട് വ്യത്യസ്ത പുലികളെ ആകാനുള്ള സാധ്യതയുണ്ടെന്നും ഇവര്‍ കണക്കു കൂട്ടുന്നു. 

പുള്ളിപ്പുലിയുടെ സാംസ്കാരിക പ്രാധാന്യം

തയ്‌വാനിലെ ഗോത്രവര്‍ഗക്കാരുടെ സംസ്കാരവുമായി ഇഴചേര്‍ന്നു കിടക്കുന്ന ജീവിയായിരുന്നു മേഘപ്പുലി. തയ്‌വാന്‍ ഗോത്രവര്‍ഗത്തിന്റെ ആരാധന മൂര്‍ത്തിയാണ് ഈ പുലി. പുലിയെ വീണ്ടും കണ്ടെത്തിയ സാഹചര്യത്തില്‍ ഇനി ഇവയെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്ന് ഗോത്ര തലവനായ കായ് ചൊങ് ഹീ പറയുന്നു.  ഈ വര്‍ഷം ജനുവരി ആദ്യം പുറത്തിറക്കിയ തയ്‌വാന്‍ വന്യജീവി വകുപ്പിന്‍റെ ലക്ഷ്യങ്ങളുടെ പട്ടികയില്‍ ക്ലൗഡഡ് ലെപഡിന്‍റെ സംരക്ഷണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

മേഘപ്പുലിയുടെ രഹസ്യം

തയ്‌വാനിലെ മേഘപ്പുലി ശാസ്ത്രത്തിന് എന്നും ഒരു രഹസ്യമായിരുന്നു. ജാപ്പനീസ് ജന്തുശാസ്ത്രജ്ഞനായ ടോറി റ്യൂസോ ഒഴികെ ഒരു വിദേശി പോലും മേഘപ്പുലിയെ ഇതുവരെ ജീവനോടെ കണ്ടിട്ടില്ല. 1900 ത്തിലാണ് ടോറി റ്യൂസോ മേഘപ്പുലിയെ കണ്ടത്. അതുകൊണ്ട് തന്നെ ഈ ജീവിയുടെ അസ്ഥിത്വം തന്നെ പല തവണ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഏതായാലും വീണ്ടും പുലിയെ വനത്തില്‍ കണ്ടെത്താന്‍ സാധിച്ചതോടെ  ഈ അഭ്യൂഹങ്ങള്‍ക്കെല്ലാം അവസാനമാകുമെന്നും മേഘപ്പുലിയെ ലോകത്തിനു മുമ്പിൽ കാണിക്കാനാകുമെന്നുമാണ് തയ്‌വാനിലെ ശാസ്ത്ര സമൂഹത്തിന്‍റെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com