sections
MORE

രക്ഷകർക്ക് ആനന്ദാശ്രു കൊണ്ട് നന്ദി പറഞ്ഞ് രാജു, ഇപ്പോൾ മുൾച്ചങ്ങലയില്ല, ഭിക്ഷാടനവും!

HIGHLIGHTS
  • അന്‍പത് വര്‍ഷത്തിലേറെ മുൾച്ചങ്ങലയുമായി ഭിക്ഷാടനം; ഒടുവിൽ മോചനം
  • ആ കണ്ണീർ സങ്കടം കൊണ്ടല്ല, നന്ദി പറയാൻ മനുഷ്യന്റെ ഭാഷ അറിയാഞ്ഞിട്ട്
Raju The Elephant
SHARE

മനസ്സു നിറഞ്ഞ് സന്തോഷിക്കുമ്പോഴും ചിരിക്കുമ്പോഴും മനുഷ്യരുടെ കണ്ണില്‍ നിന്നു ആനന്ദാശ്രുക്കൾ വരാറുണ്ട്. എന്നാല്‍ മൃഗങ്ങളും ഇങ്ങനെ ആനന്ദാശ്രുക്കള്‍ പൊഴിക്കാറുണ്ടെന്ന കാര്യം ഇതുവരെ തിരിച്ചറിഞ്ഞിരുന്നില്ല. ഒരുപക്ഷേ രാജു എന്ന ആനയുടെ ആനന്ദാശ്രുക്കള്‍ കാണും വരെ. ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളിലായി കഴിഞ്ഞ അന്‍പതു വര്‍ഷത്തിലേറെയായി ചങ്ങലയിൽ കഴിഞ്ഞിരുന്ന ആനയാണ് രാജു. വന്യജീവി വകുപ്പും എന്‍ജിഒ പ്രവര്‍ത്തകരും കഴിഞ്ഞ ജൂലൈയിൽ കണ്ടെത്തുമ്പോള്‍ രാജു പട്ടിണി കിടന്നും ചൂടു കൊണ്ടും മുറിവുകൾ പൊട്ടിയൊലിക്കുന്ന നിലയിൽ തീർത്തും അവശനായിരുന്നു. ഒടുവില്‍ തന്‍റെ കാലില്‍ നിന്ന് മുള്ളു നിറഞ്ഞ ചങ്ങല അഴിച്ചു മാറ്റിയപ്പോഴാണ് രാജു കരഞ്ഞതെന്നു രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു.

ഇരുപത് വര്‍ഷമായി ഒരേ ചങ്ങലയില്‍

മുള്ളുകള്‍ നിറഞ്ഞ ചങ്ങല രാജുവിന്‍റെ പിൻകാലുകളിലൊന്നിൽ ബന്ധിച്ചിരുന്നു. കഴിഞ്ഞ ഇരുപതിലേറെ വര്‍ഷമായി ഈ മുൾച്ചങ്ങല ആനയുടെ കാലില്‍ നിന്നു അഴിച്ചിട്ടില്ലെന്നാണു നിഗമനം. രക്ഷപ്പെടുത്തുമ്പോള്‍ രേഖകളനുസരിച്ച് തന്‍റെ  ഇരുപത്തിയേഴാമത്തെ ഉടമയുടെ കൂടെയായിരുന്നു രാജു. ഇത്രയധികം ഉടമകളാല്‍ കൈമാറ്റം ചെയ്യപ്പെട്ട രാജുവിന്‍റെ ആരോഗ്യനില പരിതാപകരമായതില്‍ അദ്ഭുതമില്ലെന്ന് രക്ഷാപ്രവര്‍ത്തകരും പറയുന്നു.

ചങ്ങലയിലെ കൂർത്ത മുള്ളു കൊണ്ട് കാലു മുറിഞ്ഞ് പഴുത്ത നിലയിലായിരുന്നു. ഇതില്‍ മരുന്നു വയ്ക്കാറുണ്ടെങ്കിലും ചങ്ങല അഴിക്കുകയുോ മുറിവു വൃത്തിയാക്കുകയോ ചെയ്യാറില്ലെന്ന് ആനയുടെ മേല്‍നോട്ടക്കാരനും സമ്മതിച്ചു. അമ്പലങ്ങളില്‍ ഭിക്ഷയെടുക്കുന്നതിനും മറ്റുമാണ് ആനയെ പ്രധാനമായും ഉപയോഗിച്ചിരുന്നത്. പൊരിഞ്ഞ വെയിലത്തും മറ്റും ടാറിട്ട റോഡിലൂടെ നടന്ന് കാല്‍പ്പാദങ്ങള്‍ പൊള്ളി വീര്‍ത്ത നിലയിലായിരുന്നു ആനയെ രക്ഷിക്കുമ്പോള്‍. നഖങ്ങളും അമിതമായി വളര്‍ന്നിരുന്നു.

Raju

കാലിലെ മുറിവിനു പുറമേ മര്‍ദ്ദനമേറ്റും മറ്റുമുണ്ടായ നിരവധി പാടുകള്‍ രാജുവിന്‍റെ ശരീരത്തിലുണ്ടായിരുന്നു. കൂടാതെ ആനയുടെ കൊമ്പ് ചുവടെ മുറിച്ചു മാറ്റിയ നിലയിലാണു കാണപ്പെട്ടത്. ഇത് ഏതുടമയാണ് ചെയ്തതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ആനക്കേറ്റ പീഡനങ്ങള്‍ കണക്കിലെടുത്തു നിലവിലെ ഉടമയെ പ്രതിയാക്കിയാണു പൊലീസ് കേസെടുത്തിരിക്കുന്നത്. പക്ഷെ നിലവിലെ ഉടമ ആനയെ മേടിച്ചപ്പോഴല്ലാതെ കണ്ടിട്ടു പോലുമുണ്ടാകാൻ സാധ്യതയില്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ആനയെ വാങ്ങി മേല്‍നോട്ടക്കാരനു വാടകയ്ക്കു നല്‍കുകയാണു ചെയ്തത്.

ആനയുടെ ആനന്ദകണ്ണീര്‍

ചങ്ങലയില്‍ നിന്നഴിച്ച് ലോറിയിലേക്കു കയറാന്‍ നേരത്താണ് ആന കരഞ്ഞതെന്ന് രക്ഷാപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. ആദ്യം മുറിവിലെ വേദന കൊണ്ടു കരഞ്ഞതാകാമെന്നാണ് കരുതിയത്. എന്നാല്‍ വൈകാതെ ഇതല്ല സന്തോഷം കൊണ്ടയിരിക്കാം ആന കരയുന്നതെന്നു രക്ഷാപ്രവര്‍ത്തകര്‍ ഊഹിച്ചു. തുമ്പിക്കൈ കൊണ്ട് ഇവരെ തൊട്ട് ആന സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആനകള്‍ അതീവ ബുദ്ധിശക്തിയുള്ള ജീവികളാണ്. അതുകൊണ്ടു തന്നെ അവ സന്തോഷം വന്നാല്‍ കരയുന്നതില്‍ അദ്ഭുതമില്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

2018 ജൂലൈയിലാണ് ആനയെ ഉടമയില്‍ നിന്നു രക്ഷിച്ച് മഥുരയിലെ ആനസംരക്ഷണ കേന്ദ്രത്തിലാക്കിയത്. ഒരു പക്ഷേ ജീവിതത്തിലാദ്യമായി സ്വാതന്ത്ര്യവും സന്തോഷവും എന്തെന്നു ഭാഗികമായെങ്കിലും രാജു തിരിച്ചറിഞ്ഞത് മഥുരയിലെത്തിയ ശേഷമാകും. കഴിഞ്ഞ ഏഴ് മാസമായി ചികിത്സയില്‍ കഴിയുന്ന രാജുവിന്‍റെ ആരോഗ്യം ഭേദപ്പെട്ടു വരികയാണ്.രാജു പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാൻ ഇനിയും സമയമേറെയെടുക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

രേഖകളനുസരിച്ച് തീരെ കുഞ്ഞായിരിക്കുമ്പോഴാണു രാജുവിനെ അമ്മയുടെ പക്കല്‍ നിന്നു വേര്‍പെടുത്തി മറ്റൊരാള്‍ക്കു വിറ്റത്. അതുകൊണ്ട് തന്നെ രാജു അനുഭവിച്ച പീഡനങ്ങള്‍ക്കും അത്രയും തന്നെ പഴക്കമുണ്ടാകുമെന്നാണു കരുതുന്നത്. 53നും 55 നും ഇടയിൽ പ്രായം രാജുവിനുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോള്‍ രാജുവിന്‍റെ ചികിത്സയ്ക്കും സംരക്ഷണത്തിനുമായി സ്പോണ്‍സര്‍മാരെ തേടുകയാണ് അധികൃതര്‍. wildlifesos.org എന്ന വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA