ADVERTISEMENT

യൂറോപ്യന്‍ രാജ്യമായ ചെക്ക് റിപ്പബ്ലിക്കിലാണ് കൂട്ടിലിട്ടു വളര്‍ത്തിയിരുന്ന സിംഹത്തിന്‍റെ ആക്രമണത്തില്‍ ഉടമ കൊല്ലപ്പെട്ടത്. മൈക്കൽ പ്രാസേക്ക് എന്ന യുവാവിനെയാണ് സിംഹം കടിച്ചു കൊന്ന നിലയില്‍ വീട്ട് മുറ്റത്തെ സിംഹകൂട്ടില്‍ കണ്ടെത്തിയത്. കൂട് ഉള്‍വശത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. സിംഹത്തെ വീട്ടില്‍ സൂക്ഷിക്കുന്നതിനെ ചൊല്ലി പ്രാദേശിക അധികൃതരുമായി തര്‍ക്കം നടക്കുന്നതിനിടെയാണ് മൈക്കലിന്റെ മരണം.

അധികൃതരുമായുള്ള തര്‍ക്കം

 Czech Man Killed By Pet Lion
Image Credit: Facebook

34 കാരനായ പ്രാസേക്ക് 9 വയസ്സുള്ള ആണ്‍സിംഹത്തിനെ 2016 ലാണു സ്ലോവാക്യയിൽ നിന്നു വാങ്ങിയത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒരു പെണ്‍സിംഹത്തെയും പ്രാസേക്ക് വാങ്ങിയിരുന്നു. സിംഹങ്ങളെ ഇണചേര്‍ത്തു പ്രത്യുൽപാദനം നടത്തുകയെന്നതായിരുന്നു പ്രാസേക്കിന്‍റെ ലക്ഷ്യം. എന്നാല്‍ ഇതിനു സര്‍ക്കാരില്‍നിന്ന് അനുമതി തേടാത്തതിനെ തുടര്‍ന്ന് പ്രാസേക്കിനു പിഴയൊടുക്കേണ്ടി വന്നിരുന്നു. സിംഹങ്ങളുടെ കൂടിന്‍റെ പ്ലാന്‍ അധികൃതരെ അറിയിക്കാത്തതിന്റെ പേരിലും പ്രാസേക്കിനെതിരെ നിയമ നടപടിപടികൾ പുരോഗമിക്കുകയായിരുന്നു.

കിഴക്കന്‍ ചെക്ക് റിപ്പബ്ലിക്കിലെ ദെഷോവിലാണ് പ്രാസേക്കിന്‍റെ താമസം. ദെഷോവ് മുനിസിപ്പാലിറ്റി അധികൃതര്‍ സിംഹങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രാസേക്കിന്‍റെ വസതിയില്‍ എത്തിയെങ്കിലും പ്രാസേക്ക് ഇവരെ അകത്തു കയറ്റിയിരുന്നില്ല. കൂടാതെ സിംഹങ്ങളെ തുറന്നു വിടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സിംഹങ്ങളെ പീഡിപ്പിക്കുകയാണെന്ന പരാതി ഉണ്ടായിരുന്നുവെങ്കിലും ഇതിനു തെളിവൊന്നും അധികൃതര്‍ക്കു ലഭിച്ചിരുന്നില്ല. കൂടാതെ സിംഹങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ മറ്റു സംവിധാനങ്ങളൊന്നുമില്ലാത്തതിനാൽ ബലം പ്രയോഗിച്ചു സിംഹങ്ങളെ മാറ്റാനും അധികൃതര്‍ക്കു സാധിച്ചില്ല.

ആത്മഹത്യയോ, സിംഹത്തിന്‍റെ ആക്രമണമോ

 Czech Man Killed By Pet Lion
Image Credit: Facebook

സിംഹങ്ങളുമായി അടുത്തിടപഴകുന്നതിനും കളിക്കുന്നതിനുമായി പ്രാസേക്ക് ഇവയുടെ കൂട്ടില്‍ കയറുന്നതു പതിവായിരുന്നു. ഇവയുമായി അടുത്തിടപഴകുന്ന വിഡിയോകളും ഫൊട്ടോകളും പ്രാസേക്ക് ഫേസ് ബുക്ക് പേജിൽ പങ്കുവയ്ക്കാറുമുണ്ട്. സാധാരണയായി കൂടിനകത്ത് ഇവയുമായി കളിക്കാൻ കയറുമ്പോൾ അകത്തുനിന്നു കുറ്റിയിടാറുണ്ട്. അതിനാല്‍ തന്നെ പതിവു പോലെ സിംഹത്തിന്‍റെ സമീപത്തേക്കു പോയപ്പോള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണോ അതോ മനപൂര്‍വം സിംഹത്തിന്‍റെ മുന്നിലേക്കു മരിക്കാനെത്തിയതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രാസേക്കിന്‍റെ പിതാവാണ് മകനെ മരിച്ച നിലയില്‍ സിംഹക്കൂട്ടില്‍ കണ്ടെത്തിയത്. 

പിതാവ് അറിയിച്ചതനുസരിച്ച് പൊലീസ് സംഭവസ്ഥലത്തെത്തി. മൃതദേഹം കൂട്ടിൽ നിന്ന് നീക്കം ചെയ്യാനായി  രണ്ട് സിംഹങ്ങളെയും പൊലീസ് വെടി വച്ചു കൊന്നു. ദീര്‍ഘകാലം നീണ്ടു നിന്ന പ്രതിസന്ധിക്ക് അവസാനമായെന്നാണ് സംഭവത്തെക്കുറിച്ച് ദേഷോവ് മേയര്‍ തോമസ് കോക്കറിക് പ്രതികരിച്ചത്. 

മേയര്‍ തമാശയായി പ്രതികരിച്ചെങ്കിലും പരിസ്ഥിതി പ്രവര്‍ത്തകര്‍ സംഭവത്തെ ഗൗരവമായാണ് കാണുന്നത്. അനധികൃതമായ ഒരു മനുഷ്യന്‍റെ ഇടപെടൽ മൂലം ജീവന്‍ നഷ്ടപ്പെട്ടത് രണ്ട് സിംഹങ്ങള്‍ക്കാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അനധികൃതമായി മൃഗങ്ങളെ വളര്‍ത്തുന്നവര്‍ അവയുടെ ജീവന്‍ അപകടത്തിലാക്കുന്നതിനു തെളിവാണ് ഈ സംഭവമെന്നും ഇവര്‍  വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com