sections
MORE

കപ്പൽ ഡോക്കിൽ കൂറ്റൻ സൺ ഫിഷ്, ഭാരം 1000 കിലോ; രക്ഷിക്കാൻ ക്രെയിനും 2 മനുഷ്യരും!

sunfish rescued from dry dock
SHARE

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലാണ് കൂറ്റന്‍ സണ്‍ ഫിഷ് തുറമുഖത്തിനു സമീപം കുടുങ്ങിയത്. പുറത്തു കടക്കാനാകാതെ ദിവസങ്ങളോളം അകപ്പെട്ടു പോയ സണ്‍ ഫിഷിന് ഒടുവില്‍ രക്ഷരായെത്തിയത് കേപ് ടൗണിലെ മറൈന്‍ പാര്‍ക്കിലെ ജീവനക്കാരുടെ സംഘമാണ്. ഒരു ദിവസം മുഴുവന്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് 3 മീറ്ററോളം നീളമുള്ള സണ്‍ ഫിഷിനെ കുട്ടയിലാക്കി സമുദ്രത്തിലേക്കു തിരികെ അയയ്ക്കാന്‍ കഴിഞ്ഞത്.

കേപ് ടൗണ്‍ തുറമുഖത്തെ കപ്പല്‍ ഡോക്കുകളിലൊന്നിലെ വെള്ളം വറ്റിക്കുന്നതിനിടെയാണ് അസാധാരണ വലുപ്പമുള്ള മത്സ്യത്തെ ജീവനക്കാര്‍ കണ്ടെത്തിയത്. ആദ്യം പിടികൂടാന്‍ ശ്രമിച്ചെങ്കിലും മത്സ്യത്തിന്‍റെ വലുപ്പം കണ്ട് ഇവര്‍ പിന്‍മാറി. തുടര്‍ന്ന് തുറമുഖ അധികൃതര്‍ മറൈന്‍ ഫിഷറീസ് വിഭാഗത്തെ വിവരമറിയിച്ചു. ഇവരാണ് സഹായത്തിനായി കേപ് ടൗണിലെ  മറൈന്‍ പാര്‍ക്കിലെ ജീവനക്കാരുടെ സഹായം തേടിയത്.

പിടി തരാതെ സണ്‍ഫിഷ്

ഡോക്കിലേക്കു കടല്‍ വെള്ളം കയറുന്നതു തടയാനുള്ള ഗെയിറ്റ് തുറക്കാമെന്നതായിരുന്നു ആദ്യം ഉയര്‍ന്ന ആശയം. എന്നാല്‍ കൂടുതല്‍ വെള്ളം ഡോക്കിലേക്കെത്തിയാലും ഇതുവഴി സണ്‍ ഫിഷ് പുറത്തു പോകുമെന്ന് ഉറപ്പില്ലാത്തതിനാൽ ഈ പദ്ധതി ഉപേക്ഷിച്ചു. ഇതോടെയാണ് സണ്‍ ഫിഷിനെ പിടികൂടാന്‍ തീരുമാനിച്ചത്. വല ഉപയോഗിച്ചു പിടികൂടാനുള്ള ശ്രമം മത്സ്യത്തെ പരിക്കേല്‍പ്പിക്കാന്‍ സാധ്യതയുണ്ട് അതുവഴി ചിലപ്പോള്‍ ജീവന്‍ തന്നെ നഷ്ടമായേക്കും.അതിനാൽ ആ ശ്രമവും ഉപേക്ഷിച്ചു

മത്സ്യത്തെ പിടികൂടിയ ശേഷം ഉടന്‍ തന്നെ വെള്ളം നിറഞ്ഞ പാത്രത്തിലേക്കു മാറ്റേണ്ടതുണ്ട്. ഇതിനുള്ള സജ്ജീകരണങ്ങളാണ് ഇവര്‍ ആദ്യമൊരുക്കിയത്. മുകൾ ഭാഗം മൂടിക്കെട്ടാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു കൂറ്റന്‍ ചെമ്പിന്‍റെ വലുപ്പമുള്ള പാത്രം ആദ്യം തയ്യാറാക്കി. ഇതിനുശേഷം രക്ഷാപ്രവര്‍ത്തകരില്‍ രണ്ടു പേര്‍ ഡോക്കിലേക്കിറങ്ങി. എന്നാല്‍ അത്ര എളുപ്പത്തില്‍ ഇവര്‍ക്ക് പിടി കൊടുക്കാന്‍ സണ്‍ ഫിഷ് തയാറായിരുന്നില്ല. അസാമാന്യമായ വലുപ്പം മൂലം രക്ഷാപ്രവര്‍ത്തകരുടെ കയ്യില്‍ സണ്‍ഫിഷ് ഒതുങ്ങിനിന്നുമില്ല.

എന്നാല്‍ ഡോക്കിലെ വെള്ളത്തിന്‍റെ അളവു കൂടുതലായതിനാല്‍ സണ്‍ ഫിഷ് രക്ഷാപ്രവര്‍ത്തകരുടെ കയ്യില്‍ നിന്ന് തെന്നി മാറുന്നത് തുടര്‍ന്നു. ഇതോടെ ഡോക്കിലെ വെള്ളം കൂടുതല്‍ വറ്റിക്കാമെന്ന് തുറമുഖ അധികൃതര്‍ സമ്മതിച്ചു. ഒരു രാത്രി മുഴുവന്‍ പമ്പ് ചെയ്ത ശേഷമാണ് ഡോക്കിലെ വെള്ളത്തിന്‍റെ അളവു കുറയ്ക്കാന്‍ സാധിച്ചത്. ഒടുവില്‍ മത്സ്യത്തെ കാണാന്‍ തക്ക ആഴത്തില്‍ വെള്ളം എത്തിയതോടെ പമ്പിങ് അവസാനിപ്പിച്ചു.

രക്ഷാപ്രവര്‍ത്തനം

sunfish rescued from dry dock

വെള്ളം കുറഞ്ഞതോടെ മത്സ്യത്തെ പിടികൂടുകയെന്നത് എളുപ്പമായി. പക്ഷെ ഏതാണ്ട് ആയിരം കിലോയോളം ഭാരവും മൂന്നു മീറ്ററോളം നീളവുമുള്ള മത്സ്യത്തെ വെള്ളം നിറഞ്ഞ പാത്രത്തിലേക്കു മാറ്റിയാലും എങ്ങനെ ഡോക്കിനു പുറത്തെത്തിക്കും എന്നതായിരുന്നു അടുത്ത പ്രതിസന്ധി. ഇതോടെ തുറമുഖത്തു ചരക്കു നീക്കത്തിനുപയോഗിക്കുന്ന ക്രയിനിന്‍റെ സഹായം തേടി. ഇതിനു ശേഷം രണ്ട് പേര്‍ കൂടി സണ്‍ ഫിഷിനെ ഭക്ഷണം നല്‍കി കരയ്ക്കടുപ്പിച്ച ശേഷം കൈ കൊണ്ടു പിടികൂടി പാത്രത്തിലാക്കി ക്രയ്നില്‍ കയറ്റുകയായിരുന്നു.

പ്രതീക്ഷിച്ചതിലും ചെറുതായിരുന്നു സണ്‍ ഫിഷ് എങ്കിലും ഭാരത്തിനു കുറവില്ലായിരുന്നു എന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ക്ലയര്‍ ടെയ്ലര്‍ പറയുന്നു. രക്ഷിച്ച അതേ ക്രയിനുപയോഗിച്ചു തന്നെയാണ് സമുദ്രത്തില്‍ കൊണ്ടുപോയി മത്സ്യത്തെ തുറന്നു വിട്ടതും. മറ്റ് ആരോഗ്യപ്രശ്നങ്ങളിലെങ്കിലും മത്സ്യം ക്ഷീണിതനായാണ് കാണപ്പെട്ടത്. അതിനാല്‍ തന്നെ സണ്‍ ഫിഷ് നീന്തുന്നുണ്ടെന്നും  മറ്റ് പ്രശ്നങ്ങളില്ലെന്നും ഉറപ്പു വരുത്താന്‍ സമുദ്രത്തില്‍ സ്വതന്ത്രമാക്കിയ ശേഷവും ക്ലയര്‍ ടയര്‍ മത്സ്യത്തിനൊപ്പം അല്‍പ ദൂരം നീന്തിയിരുന്നു.

സണ്‍ഫിഷ് എന്ന പേര്

എപ്പോഴും കടലിന്‍റെ ഉപരിതലത്തിന്‍ കാണപ്പെടുന്ന മത്സ്യങ്ങളാണ് സണ്‍ ഫിഷുകള്‍, അതിനാല്‍ തന്നെ സണ്‍ബാത്തിനു സമാനമാണ് ഇവയുടെ നീന്തലെന്ന വ്യാഖ്യാനത്തില്‍ നിന്നാണ് സണ്‍ ഫിഷ് എന്ന പേരു ലഭിക്കുന്നത്. എപ്പോഴും കടലിന്‍റെ ഉപരിതലത്തില്‍ കാണുന്നതിനാല്‍ ഡോക്കില്‍ അടിത്തട്ടില്‍ കുടുങ്ങി പോയത് ഈ മത്സ്യത്തിനു പരിക്കേല്‍ക്കാനുള്ള സാധ്യതകള്‍ സൃഷ്ടിച്ചിരുന്നു. പരിക്കുകളില്ലാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്ന് പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ വിശദീകരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA