ADVERTISEMENT

തിമിംഗലങ്ങളൊരിക്കലും മനുഷ്യരെ ഭക്ഷിക്കാറില്ല. മനുഷ്യരെ മാത്രമല്ല ഡോള്‍ഫിന്‍ ഉള്‍പ്പടെയുള്ള സമുദ്രത്തിലെ മറ്റു വലിയ ജീവികളെയൊന്നും ഇവ ഭക്ഷണമാക്കാറില്ല. ക്രീല്‍ എന്നറിയപ്പെടുന്ന ചെറിയ മീനുകളും മറ്റുമാണ് ഇവയുടെ പ്രധാന ആഹാരം. എന്നാല്‍ ഇതിനര്‍ത്ഥം ഒരു തിമിംഗലത്തിന്‍റെ വായില്‍ അകപ്പെട്ടാല്‍ മനുഷ്യന്‍ ജീവനോടെ തിരിച്ചു വരുമെന്നല്ല. പക്ഷേ അങ്ങനെയും സംഭവിച്ചു. സൗത്ത് ആഫ്രിക്കയിലെ മുങ്ങല്‍ വിദഗ്ദ്ധനും ക്യാമറാമാനുമായ റെയ്നര്‍ ഷിംഫാണ് തിമിംഗലത്തിന്‍റെ വായിൽ അകപ്പെട്ട ശേഷം ഒരു പോറൽ പോലുമേൽക്കാതെ തിരിച്ചിറങ്ങിയത്. ഏകദേശം 49 അടിയോളം നീളമുണ്ടായിരുന്നു കൂറ്റൻ തിമിംഗലത്തിന്.എന്തായാലും തിമിംഗലത്തിന്റെ വായിലെത്തിയ ശേഷം തിരിച്ചിറങ്ങാന്‍ സാധിച്ച ലോകത്തെ ഒരേ ഒരു മനുഷ്യനാണ് ഇപ്പോൾ റെയ്നർ.

ബ്രൈഡ്സ് വെയില്‍ വിഭാഗത്തില്‍ പെട്ട തിമിംഗലമാണ് റെയ്നറെ അബദ്ധത്തില്‍ വായിലാക്കിയത്. ആഫ്രിക്കയുടെ തെക്കേയറ്റത്തു നിന്നും 24 നോട്ടിക്കല്‍ മൈല്‍ദൂരം അകലെയാണ് സംഭവം നടന്നത്. അഞ്ച് സംഘാംഗങ്ങള്‍ക്കൊപ്പം മത്സ്യക്കൂട്ടങ്ങളുടെ പ്രയാണം നിരീക്ഷിക്കുകയായിരുന്നു റെയ്നര്‍. ഡോള്‍ഫിനുകളും സീലുകളുമുൾപ്പെടെയുള്ള ജീവികളും ഇരപിടിക്കാനായി ഇവിടെയുണ്ടായിരുന്നു. സ്വിമ്മിങ് സ്യൂട്ടിലായിരുന്നു റെയ്നറും സഹ ക്യമാറമാനായ ഹെന്‍സ് ടോപ്പിന്‍സറും ഒപ്പം മറ്റു മൂന്നു പേരും.

മരണം മുന്നില്‍ കണ്ട നിമിഷങ്ങള്‍

ചെറു മത്സ്യങ്ങളുടെ കൂട്ടം എത്തിയതിനൊപ്പം തന്നെ ഇവയെ വേട്ടയാടാന്‍ തിമിംഗലങ്ങളും ഈ പ്രദേശത്തേക്കെത്തി. ഇതിനിടയിലാണ് തന്നെ ഇരുട്ടു വന്നു മൂടുന്നതായി റെയ്നറിനു തോന്നിയത്. സെക്കന്‍റുകള്‍ക്കുള്ളില്‍ തന്നെ താന്‍ തിമിംഗലത്തിന്‍റെ വായിലകപ്പെട്ടതായി റെയ്നര്‍ക്കു മനസ്സിലായി. നടുവിലായി വലിയ ഭാരം അനുഭവപ്പെട്ടതോടെ തിമിംഗലത്തിന്‍റെ വായില്‍ തന്‍റെ പാതി ശരീരം അകപ്പെട്ടെന്നു തിരിച്ചറിഞ്ഞ റെയ്നര്‍ പെട്ടെന്നു തന്നെ അതിന്‍റെ അപകടവും തിരിച്ചറിഞ്ഞു.

തിമിംഗലം തന്നെ വിഴുങ്ങിയില്ല എന്ന പൂര്‍ണമായ ബോധ്യം റെയ്നര്‍ക്കുണ്ടായിരുന്നു. എങ്കിലും പൂര്‍ണമായും വായിലകപ്പെട്ടാല്‍ ഒരു പക്ഷെ പിന്നെ മോചനം സാധ്യമാകുന്നത് കടലിന്‍റെ ആഴത്തില്‍ എവിടെയെങ്കിലുമായിരിക്കും. കാരണം ചെറു മത്സ്യങ്ങളെ വിഴുങ്ങിയാല്‍ അവയ്ക്കൊപ്പമുള്ള വെള്ളം കളയുന്നതിനായി തിമിംഗലം ആഴത്തിലേക്കു പോകും. അതുവരെ വായ തുറക്കുകയുമില്ല. അതിനാല്‍ തന്നെ ആഴത്തിലേക്കു പോയാല്‍ തന്‍റെ ജീവന്‍ അപകടത്തിലാകുമെന്നു തിരിച്ചറിഞ്ഞ റെയ്നര്‍ എന്തു ചെയ്യണമെന്നു ചിന്തിക്കുന്നതിനിടെയിലാണ് നടുവിനു അനുഭവപ്പെട്ട കനം കുറഞ്ഞതായി തോന്നിയത്. വൈകാതെ ചുറ്റും വീണ്ടും വെളിച്ചം തെളിയുന്നതായും റെയ്നര്‍ തിരിച്ചറിഞ്ഞു. തിമിംഗലം വാ തുറന്നതാണെന്നു മനസ്സിലാക്കിയ റെയ്നര്‍ തൊട്ടടുത്ത നിമിഷം തന്നെ പുറത്തു കടന്നു.

തിമിംഗലത്തിന്‍റെ പരിഭ്രമം

തിമിംഗലവും പരിഭ്രമിച്ചിരിക്കാമെന്ന് റെയ്നര്‍ പറയുന്നു. താന്‍ ഒരു ഡോള്‍ഫിനാണെന്നാകും തിമിംഗലം കരുതിയത്. ഡോള്‍ഫിനുകള്‍ ഇത്തരത്തില്‍ കൂട്ടത്തോടെ ചെറുമീനുകളെ വേട്ടയാടുമ്പോള്‍ തിമിംഗലത്തിന്‍റെ വായില്‍ കുടുങ്ങുന്നതു പതിവാണെന്നും ഇവ വൈകാതെ പുറത്തു ചാടാറുണ്ടെന്നും റെയ്നര്‍ വിവരിക്കുന്നു. അതേസമയം റെയ്നര്‍ തിമിംഗലത്തിന്‍റെ വായില്‍ കുടുങ്ങുന്നതും പുറത്തു വരുന്നതുമെല്ലാം ഒരാള്‍ ക്യാമറയിലാക്കിയിരുന്നു. റെയ്നറിന്‍റെ സഹപ്രവര്‍ത്തകനായ ഹെന്‍സ് ടോപ്പിന്‍സറാണ് ഈ അപൂര്‍വ ദൃശ്യങ്ങള്‍ പതറാതെ ക്യാമറയില്‍ ഒപ്പിയെടുത്തത്.

എന്തു സംഭവിക്കുമെന്ന ആശങ്കയ്ക്കിടയിലാണ് താന്‍ ചിത്രങ്ങളെടുത്തതെന്ന് ഹീന്‍സ് ടോപ്പിന്‍സര്‍ പറയുന്നു. എന്താണു സംഭവിക്കുന്നതെന്നു തിരിച്ചറിയുന്നതിനൊപ്പം ക്യാമറയില്‍ തുടര്‍ച്ചയായി ചിത്രങ്ങളെടുത്തു. എന്നാല്‍ ഒരു നിമിഷത്തേക്കു റെയ്നറെ കാണാതെ വന്നതോടെ പരിഭ്രമിച്ചു പോയി. ഈ സമയത്തെ ചിത്രങ്ങളെടുത്തില്ല. ഇക്കാര്യം ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുകയും ചെയ്യും. ടോപ്പിന്‍സര്‍ മാത്രമല്ല സംഘത്തിലുള്ള എല്ലാവരും ഈ സമയത്ത് എന്തു ചെയ്യണമെന്നറിയാത്ത മാനസികാവസ്ഥയിലായിരുന്നു എന്നു വിശദീകരിച്ചു. ഭയന്നെങ്കിലും തിമിംഗലത്തിന്‍റെ വായില്‍ നിന്നു പുറത്തു വന്ന ഉടന്‍ റെയ്നര്‍ അകലെ നിന്ന് ടോപ്പിന്‍സറോട് ആംഗ്യഭാഷയില്‍ ചോദിച്ചത് ഒരേ ഒരു കാര്യമാണ്. സംഭവത്തിന്‍റെ ചിത്രങ്ങള്‍ ലഭിച്ചോ എന്നു മാത്രം !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com