ADVERTISEMENT

സമുദ്രത്തെ മാലിന്യം നിക്ഷേപിക്കാനുള്ള ചവറ്റുകുട്ടയാക്കി മാറ്റിയ മനുഷ്യന്‍റെ ക്രൂരതയ്ക്ക് ഒരു ഇര കൂടി. ഫിലിപ്പീന്‍സ് തീരത്ത് ചത്തടിഞ്ഞ ഒരു തിമിംഗലത്തിന്‍റെ വയറ്റില്‍ നിന്നു ലഭിച്ചത് 40 കിലോയോളം വരുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ്. ഫിലിപ്പീന്‍ ദ്വീപായ മിന്‍ഡാനാവോയിലാണ് തിമിംഗലത്തെ കണ്ടെത്തിയത്. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ മുതല്‍ ചാക്കുകള്‍ വരെ തിമിംഗലത്തിന്‍റെ വയറ്റില്‍ നിന്നു ലഭിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങളില്‍ പെടുന്നു. ചോര ഛര്‍ദിച്ചാണ് പൂര്‍ണ വളര്‍ച്ചയെത്താത്ത ഈ തിമിംഗലം മരിച്ചതെന്ന് ജീവിയെ പരിശോധിച്ച ജൈവശാസ്ത്രജ്ഞന്‍ ഡാരല്‍ ബ്ലാഷ്‌ലെ പറയുന്നു. 

15 അടിയോളം നീളം വരുന്ന തിമിംഗലം ഹംപ്ബാക്ക് അഥവാ കൂനന്‍ തിമിംഗലം എന്ന വിഭാഗത്തില്‍ പെട്ടതാണ്. തിമിംഗലത്തിന്‍റെ വയറു കീറി പരിശോധിക്കുന്നതിനു മുന്‍പ് തന്നെ ഡാരല്‍ ബ്ലാഷ്‌ലെ തിമിംഗലത്തിന്‍റെ മരണകാരണം എന്തെന്നു വ്യക്തമായിരുന്നു. ഇത്തരം സംഭവങ്ങള്‍ അറ്റ്ലാന്‍റിക്കില്‍ വർധിച്ചു വരികയാണെന്നും ഡാരല്‍ ബ്ലാഷ്‌ലെ ചൂണ്ടിക്കാട്ടി. ലോകത്ത് ഏറ്റവുമധിക പ്ലാസ്റ്റിക് മാലിന്യം സമുദ്രത്തിലേക്കു പുറന്തള്ളുന്നത് തെക്കുകിഴക്കനേഷ്യന്‍ മേഖലയിലാണെന്നാണു കണക്കാക്കുന്നത്.

കാല്‍സിഫിക്കേഷന്‍
ഭക്ഷണമെന്നു കരുതിയാണ് ഈ തിമിംഗലം പ്ലാസ്റ്റിക് ഭക്ഷിച്ചിട്ടുണ്ടാകുക. പ്ലാസ്റ്റിക് വയറ്റിലേക്കു ചെല്ലുന്നതോടെ ഇവ രാസമാറ്റത്തിനു വിധേയമാകും. ഇതിനെ വിളിക്കുന്നത് കാല്‍സിഫിക്കേഷന്‍ എന്നാണ്. കാല്‍സിഫിക്കേഷനിലൂടെ പ്ലാസ്റ്റിക്ക് വസ്തുക്കള്‍ കൂടിച്ചേര്‍ന്ന് പരസ്പരം ഒട്ടും. ചിലപ്പോള്‍ പന്തു പോലുള്ള രൂപത്തിലും ഇവ കാണപ്പെടാറുണ്ട്. ഇതോടെ പ്ലാസ്റ്റിക് കഴിച്ച ജീവിക്ക് വിശപ്പ് അറിയാതെയാകും. ഭക്ഷണം കഴിക്കാതെ വരുന്നതോടെ തുടര്‍ന്ന് ശരീരത്തിന് അതിന്‍റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. ഇതിന്‍റെ ഫലമായാണ് തിമിംഗലം ചോര ഛര്‍ദിച്ചു മരിച്ചതെന്നാണു ഡാരല്‍ ബ്ലാഷ്‌ലെ വ്യക്തമാക്കി.

തിമിംഗലത്തിന്‍റെ മരണ കാരണം ഊഹിച്ചെങ്കിലും ഇത്ര വലിയ അളവില്‍ പ്ലാസ്റ്റിക് ലഭിക്കുമെന്നു കരുതിയില്ലെന്ന് ജീവിയുടെ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ഡാരല്‍ ബ്ലാഷ്‌ലെ പറഞ്ഞു. ഫിലിപ്പീന്‍സിലെ ഡിബോണ്‍ കളക്ടര്‍ മ്യൂസിയം അധിക്യതര്‍ ഫേസ്ബുക്കിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. കൂടുതലും  ക്യാരിബാഗുകളാണ് തിമിംഗലത്തിന്റെ വയറ്റില്‍ നിന്നും ലഭിച്ചത്.  16 പ്ലാസ്റ്റിക്ക് അരിച്ചാക്കുകളും തിമിംഗലത്തിന്‍റെ വയറ്റില്‍നിന്നു ലഭിച്ച പ്ലാസ്റ്റിക് വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. 

Dead Whale With 40kg of Plastic in Its Guts
Image Credit: Mary Gay Blatchley

ഫിലിപ്പീന്‍സിലേത് ഒറ്റപ്പെട്ട സംഭവമല്ല

കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്ലാസ്റ്റിക് വിഴുങ്ങി ജീവൻ നഷ്ടപ്പെട്ട 57 തിമിംഗലങ്ങളെയാണ് ഡിബോൺ കളക്ടര്‍ മ്യൂസിയം കണ്ടെത്തി പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്. തീരത്തേക്കെത്താതെ ഇതേ രീതിയില്‍ ജീവനറ്റു പോകുന്ന എത്രയോ തിമിംഗലങ്ങളുണ്ടാകാം എന്ന് ഓഷ്യാനിക് സൊസൈറ്റി ബ്ലൂ ഹാബിറ്റ്സ് പ്രൊജക്ട് മാനേജര്‍ ലിൻസേ മോഷര്‍ ചോദിക്കുന്നു. തിമിംഗലങ്ങള്‍ മാത്രമല്ല ഡോള്‍ഫിനുകള്‍ മുതല്‍ കടല്‍ പക്ഷികള്‍ ഉള്‍പ്പടെ പല ഇനം ജീവികളും ഇതേ രീതിയില്‍ മരണമടയുന്നുണ്ടെന്നും ലിൻസേ മോഷര്‍ ചൂണ്ടിക്കാട്ടുന്നു. 

2016 നു ശേഷം യൂറോപ്പില്‍ മാത്രം പ്ലാസ്റ്റിക് ഭക്ഷിച്ച് ചത്തടിഞ്ഞ മുപ്പത് തിമിംഗലങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഫിലിപ്പീന്‍സിലോ ഏഷ്യയിലോ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഈ പ്രതിസന്ധിയെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഇടങ്ങളിലായി തിമിംഗലങ്ങള്‍ മുതല്‍ കടല്‍പക്ഷികളും ആമകളും വരെയുള്ള ജീവികളെ പ്ലാസ്റ്റിക് ഭക്ഷിച്ച് മരിച്ച നിലയിലും പ്ലാസ്റ്റികില്‍ കുടുങ്ങിയ നിലയിലും കണ്ടെത്തുന്ന സംഭവങ്ങള്‍ വർധിച്ച് വരികയാണ്. കടലില്‍ നിന്നു പ്ലാസ്റ്റിക് നീക്കം ചെയ്യാനുള്ള ശ്രമങ്ങളും പ്ലാസ്റ്റിക് കടലിലേക്കെത്തുന്നത് തടയാനുള്ള നീക്കങ്ങളും ശക്തമായി പുരോഗമിക്കുകയാണ്. ഈ പദ്ധതികള്‍ ഭാവിയിലെങ്കിലും കടല്‍ജീവികളെ പ്ലാസ്റ്റിക് എന്ന മരണദൂതന്‍റെ പിടിയില്‍നിന്നു രക്ഷിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com