sections
MORE

അമ്മക്കുരങ്ങിന്റെ ദേഹത്ത് 74 വെടിയുണ്ടകൾ, കാഴ്ച പോയി, അസ്ഥികളൊടിഞ്ഞു; പട്ടിണി കിടന്ന കുഞ്ഞിന് ദാരുണാന്ത്യം

HIGHLIGHTS
  • സുമാത്രയിലെ വനമേഖലയിലാണ് ഹോപ് എന്ന ഒറാങ് ഉട്ടാനെ കണ്ടെത്തിയത്
  • ഹോപിനൊപ്പം കുഞ്ഞിനേയും കണ്ടെത്തിയിരുന്നു
 Indonesian rescuers manage to save mother orangutan hit by dozens of air rifle pellets
Image Credit: Facebook: Sumatran Orangutan Conservation Programme
SHARE

ഭൂമിയില്‍ ആമസോണ്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ജൈവവൈവിധ്യമുണ്ടെന്നു ഗവേഷകര്‍ കണക്കാക്കുന്നത് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ്. എന്നാല്‍ വന്യജീവികള്‍ക്കെതിരായ ക്രൂരമായ അതിക്രമങ്ങള്‍ നടക്കുന്നതും ഈ മേഖലയിലാണെന്നതാണ് സത്യം. ഇതിനുദാഹരണമാണ് ദേഹം നിറയെ എയർ ഗണ്ണില്‍ നിന്നുള്ള വെടിയുണ്ടയേറ്റ്, കാഴ്ചശക്തി നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തിയ ഒറാറ് ഉട്ടാൻ. ആൾക്കുരങ്ങുകളുടെ കുടുംബത്തിൽപ്പെട്ട ഒറാങ് ഉട്ടാന്റെ ശരീരത്തിൽ 74 പെല്ലറ്റുകളാണ് ഡോക്ടർമാർ കണ്ടെത്തിയത്. സുമാത്രയിലെ സുബുലുസലാം വനമേഖലയിൽ നിന്നായിരുന്നു ‘ഹോപ്’ എന്നു ഗവേഷകർ പേരിട്ട ഒറാങ് ഉട്ടാനെ കണ്ടെത്തിയത്.

പെല്ലറ്റുകളാൽ പരിക്കേറ്റ് അവശ നിലയിലായിരുന്നു ഹോപ്. ഹോപിനൊപ്പം അതിന്‍റെ കുഞ്ഞിനേയും കണ്ടെത്തിയിരുന്നു. എന്നാല്‍ അമ്മയുടെ സംരക്ഷണം ലഭിക്കാതെ പട്ടിണിയിലായിരുന്ന കുഞ്ഞ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ജീവനറ്റു. ഹോപ് ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മാര്‍ച്ച് പത്തിനാണ് പുതിയതായി വനം തെളിക്കാന്‍ ആരംഭിച്ച മേഖലയില്‍ നിന്ന് ഹോപിനേയും കുട്ടിയേയും ഡോക്ടര്‍മാരും വനപാലകരുമടങ്ങുന്ന സംഘം കണ്ടെത്തിയത്. ഹോപിനെ ആശുപത്രിയിലെത്തിച്ചു പരിശോധിച്ചപ്പോഴാണ് എക്സേറേയില്‍ ശരീരത്തില്‍ 74 വെടിയുണ്ടകള്‍ തറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. എയര്‍ റൈഫിളില്‍ ഉപയോഗിക്കുന്ന പെല്ലറ്റുകളാണ് ഹോപ്പിന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നത്.

ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലായാണ് ഇത്രയധികം വെടിയുണ്ടകള്‍ കണ്ടെത്തിയത്. അതിനാല്‍ തന്നെ എന്തു ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് ഡോക്ടര്‍മാര്‍. എല്ലാ ഭാഗങ്ങളിൽ നിന്നും ഓപ്പറേഷന്‍ നടത്തി വെടിയുണ്ടയെടുക്കുകയെന്നത് അസാധ്യമാണ്. കാരണം ഇത് ഒറാങ് ഉട്ടാന്‍റെ ജീവൻ അപായപ്പെടുത്തും. അതേസമയം പെല്ലറ്റുകള്‍ ശരീരത്തില്‍ തുടര്‍ന്നാല്‍ അവ ജീവിതകാലം മുഴുവന്‍ ഹോപിന് വേദന നല്‍കും. കൂടാതെ ഹോപിന്‍റെ ശരീരത്തില്‍ പല ഭാഗങ്ങളിലായി അസ്ഥികള്‍ക്കും പൊട്ടലുകള്‍ സംഭവിച്ചിട്ടുണ്ട്.

 Indonesian rescuers manage to save mother orangutan hit by dozens of air rifle pellets
Vets removed some of the pellets during a four-hour surgery.Image Credit: Facebook: Sumatran Orangutan Conservation Programme

പ്രതീക്ഷകള്‍ അവസാനിച്ചാല്‍ ഹോപ്പിനെ ദയാവധത്തിനു വിധേയയാക്കുന്ന കാര്യവും ഡോക്ടര്‍മാര്‍ പരിഗണണിക്കുന്നുണ്ട്. ജീവിത കാലം മുഴുവൻ വേദന തിന്നാന്‍ വിടുന്നതിലും നല്ലത് ഇതാകുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. ഒരാഴ്ചയ്ക്കിടെ നാലു സര്‍ജറികള്‍ ഹോപിന്‍റെ ശരീരത്തില്‍ നടത്തിയിട്ടുണ്ട്. പലയിടങ്ങളില്‍ നിന്നായി 43 പെല്ലറ്റുകളാണ് എടുത്തു കളഞ്ഞത്. എന്നാല്‍ ഇനിയും പല ഭാഗങ്ങളിലും പെല്ലറ്റുകളുണ്ട്. ശസ്ത്രക്രിയ കൂടി കഴിഞ്ഞതോടെ കൂടുതല്‍ അവശയായാണ് ഹോപ് കാണപ്പെടുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. 

ഡോക്ടര്‍മാര്‍ കൊടുക്കുന്ന പാലും പഴവും ഹോപ് കഴിക്കുന്നുണ്ട്. എന്നാല്‍ ശരീരത്തിന്‍റെ ക്ഷീണം മാറുന്നില്ലെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ഹോപ് സാധാരണ ജീവിതത്തിലേക്കു തിരികെ എത്താന്‍ വിദൂര സാധ്യതയാണ് ഡോക്ടര്‍മാര്‍ കാണുന്നത്. എന്നാല്‍ ഇതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ശരീരത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുന്നതിനൊപ്പം തന്നെ പ്രധാനമാണ് മനസ്സിന്‍റെ ആരോഗ്യം വീണ്ടെടുക്കുന്നതും. കുട്ടിയെ നഷ്ടപ്പെട്ടതും ഹോപിന്‍റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. 

 Indonesian rescuers manage to save mother orangutan hit by dozens of air rifle pellets
Image Credit: Facebook: Sumatran Orangutan Conservation Programme

ലോകത്ത് ഏറ്റവുമധികം വംശനാശ ഭീഷണി നേരിടുന്ന ജീവി വര്‍ഗങ്ങളില്‍ ഒന്നാണ് ഒറാങ് ഉട്ടാനുകള്‍. കൃഷിക്കും എണ്ണപ്പനത്തോട്ടങ്ങള്‍ക്കും വേണ്ടി വനങ്ങള്‍ വ്യാപകമായി തെളിക്കപ്പെട്ടതോടെയാണ് ഇന്തോനീഷ്യയിലെ ഒറാങ് ഉട്ടാനുകളുടെ ദുര്‍വിധി ആരംഭിച്ചത്. ഇന്നും വനനശികീരണം തുടരുന്നതിനാല്‍ ഒറാങ് ഉട്ടാനുകള്‍ക്കു വേണ്ടി ആരംഭിച്ച സംരക്ഷണ പദ്ധതിൾ പോലും ഇതുവരെ ഗുണം ചെയ്തിട്ടില്ല. ലോകത്ത് ഇന്ന് ഏറ്റവുമധികം എണ്ണപ്പന കൃഷി ചെയ്യുന്നതും പാമോയില്‍ കയറ്റുമതി ചെയ്യുന്നതുമായി രാജ്യമാണ് ഇന്തോനീഷ്യ. ഈ എണ്ണപ്പന കൃഷിയാണ് ഒറങ് ഉട്ടാനുകളുടെ ജൂവനെടുക്കുന്നതും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA