ADVERTISEMENT

ഈ ചൂടിൽ അൽപനേരം തണലത്തോ ഫാനിനു ചുവട്ടിലോ ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. മാർച്ച് മാസം മരണച്ചൂടിൽ വലയുന്ന മൃഗങ്ങളെക്കുറിച്ച് എത്ര പേർ ഓർക്കാറുണ്ട്. അടുത്തിടെയാണു സൂര്യാഘാതം മൂലം തൃക്കുന്നപ്പുഴ കിഴക്കേക്കരയിൽ ജി.വിജയന്റെ പശു ചത്തത്. വീടിനു സമീപത്തു തന്നെയുള്ള പറമ്പിൽ പുല്ലു തിന്നാൻ കെട്ടിയതായിരുന്നു. ഈ സാഹചര്യത്തിൽ വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ ഒരൽപം ശ്രദ്ധ വേണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

കൂടുതൽ ശ്രദ്ധ വേണം

∙രാവിലെ 11 മുതൽ വൈകിട്ട് 5 വരെയാണ് കൂടുതൽ സൂക്ഷിക്കേണ്ടത്. ഈ സമയത്തു വളർത്തുമൃഗങ്ങളെ വെയിലിനു വിട്ടുകൊടുക്കരുത്. 

∙മൃഗങ്ങൾ ശരീരതാപനില കുറയ്ക്കാൻ സ്വയം മുൻകരുതൽ സ്വീകരിക്കുമ്പോൾ ഇതിനു ശേഷിയില്ലാത്ത വിഭാഗമാണ് പക്ഷികൾ. അണയ്ക്കാനും വിയർക്കാനും കഴിവില്ലാത്ത ഇവരുടെ ശ്വാസകോശവും താരമ്യേന ചെറുതാണ്. ശരീരതാപത്തേക്കൾ ഒരു ഡിഗ്രി ഉയർന്നാൽ തന്നെ ഇവർ കുഴഞ്ഞു വീഴും. ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണ‌ം. 

∙ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ളവരല്ല സങ്കര ഇനം പശുക്കൾ. തൊഴുത്തിൽ ചൂടിന്റെ വികിരണവും ശ്വാസവും തങ്ങി നിൽക്കുന്നത് ഇവരെ ക്ഷീണിപ്പിക്കും. ഇതു കറവയെ ബാധിക്കും. 

∙ചൂടുള്ളതു കൊണ്ടു മൃഗങ്ങളെ കുളിപ്പിക്കാം എന്നു കരുതരുത്. ശരീരതാപം ഒറ്റയടിക്കു കുറയുന്നതോടെ ഇതു തിരിച്ച് എത്തിക്കാൻ ശരീരത്തിനു കൂടുതൽ ഊർജം ഉപയോഗിക്കേണ്ടിവരും. ഇതവർക്കു ദോഷകരമാണ്. രാവിലെയും വൈകിട്ടും കുളിപ്പിക്കാം.

∙പുറത്തു കെട്ടിയാൽ ചൂടിൽ നിന്നു മാറി നിൽക്കാൻ മാത്രം ബുദ്ധിവികാസവും പശുവിനില്ലെന്ന് ഓർക്കുക. 

∙വേനലിനെ നേരിടാൻ ഒട്ടേറെ ഉഷ്ണകാല മരുന്നുകൾ മൃഗാശുപത്രികളിൽ ലഭ്യമാണ്. ഇവ വിദഗ്ധ ഡോക്ടർമാരുടെ നിർദേശപ്രകാരം ഉപയോഗിക്കാം. 

Doves

ഇക്കാര്യങ്ങളും ശ്രദ്ധിക്കുക

∙ പശുവല്ലാത്ത വളർത്തുമൃഗങ്ങളെ സ്വതന്ത്രരാക്കി വിടുക. ചൂടു കൂടുമ്പോൾ തണുപ്പു സ്ഥലങ്ങളും തണലും കണ്ടെത്താൻ അവർക്കു സാധിക്കും.

∙ പക്ഷികൾക്കു വെള്ളം കൊടുക്കുമ്പോൾ പാത്രത്തിൽ ഐസ് കട്ടകൾ ഇടുന്നതു ഗുണം ചെയ്യും. 

∙ 11 മുതൽ 5 വരെയുള്ള സമയത്ത് മൃഗങ്ങളെ കൂടുകളിലോ തൊഴുത്തിലോ സൂക്ഷിക്കാതിരിക്കുക, പരമാവധി തണലുള്ളിടത്തു വേണം കെട്ടിയിടാൻ. 

∙ തൊഴുത്തിൽനിന്നു മാറ്റാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ വായുസഞ്ചാരം ഉറപ്പാക്കുക, ഡയറി ഫാനുകൾ ഉപയോഗിക്കാം, കൂളർ നല്ലതല്ല. 

∙ തൊഴുത്തിന്റെ മേൽക്കൂരയിൽ ഒരു പാളി തുറന്നിടുക, ഉള്ളിലുള്ള ഉഷ്ണവായു മുകളിലേക്കു തള്ളാൻ ഇതു സഹായിക്കും.

∙ മേൽക്കൂരയുടെ മുകളിൽ വായുസഞ്ചാരത്തിന് ഇടം വിട്ട ശേഷം ഓല വിതറാം, ചുടുകട്ട നിരത്തിയ ശേഷം അതിനു മുകളിൽ ഓല ഇട്ടാൽ നല്ലത്. 

∙ തൊഴുത്തിന്റെ മേൽക്കൂരയിൽ കോവൽ, പാഷൻ ഫ്രൂട്ട് തുടങ്ങിയ വള്ളിച്ചെടികൾ പടർത്തിയാൽ ചൂടിൽ നിന്നു രക്ഷ കിട്ടും. 

∙ പശുക്കൾക്കു 11 മുതൽ 5 വരെ തീറ്റ കൊടുക്കരുത്. ആമാശയപ്രവർത്തനം ശരീരതാപം വർധിപ്പിക്കുന്നതിനാലാണിത്. ഈ സമയം വെള്ളം ധാരാളമായി കൊടുക്കാം.

∙ വെള്ളം കൊടുക്കുമ്പോഴും ശരീരത്തെ തണുപ്പിക്കുന്ന നറുനീണ്ടി, കൊത്തമല്ലി, രാമച്ചം തുടങ്ങിയവ ചേർക്കാം. 

∙ ചാക്കിലോ തുണിയിലോ പഞ്ഞി, അറക്കപ്പൊടി എന്നിവ പൊതിഞ്ഞ് നനച്ചു തലയിൽ വയ്ക്കാം, തല തണുത്താൽ  ശരീരതാപം കുറയും. 

∙ ചാക്ക് നനച്ച് ദേഹത്തിടുന്നതും നല്ലതാണ്‌. 

∙ തൈര്, സവാള, പച്ചപ്പുല്ല് തുടങ്ങിയ ഘടകങ്ങൾ തീറ്റയിൽ ചേർക്കണം. ശുദ്ധമായ വെള്ളം മാത്രം കൊടുക്കുക. 

വിവരങ്ങൾ: ഡോ. ഡി.ഷൈൻകുമാർ (മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com