തീരത്തടിഞ്ഞത് 1000 കിലോയിലധികം ഭാരമുള്ള സണ്‍ഫിഷ്; അമ്പരന്ന് ഗവേഷകർ!

HIGHLIGHTS
  • തെക്കന്‍ ഓസ്ട്രേലിയന്‍ തീരമായ മുറേ നദീമുഖത്താണ് സണ്‍ ഫിഷിനെ കണ്ടെത്തിയത്
  • ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന സണ്‍ഫിഷുകളില്‍ അപൂര്‍വ ഇനമാണ് മോലാ മോലാ
 Giant sunfish washes up on a beach in Australia
SHARE

പാതി തിരണ്ടിയുടെ രൂപവും പാതി സാധാരണ മത്സ്യത്തിന്‍റെ രൂപവുമുള്ള മീനുകള്‍ക്കിടയിലെ താരമാണ് കൂറ്റൻ സണ്‍ഫിഷുകള്‍. ഇവയുടെ ശരീരത്തിന്‍റെ തലഭാഗം സാധാരണ മത്സ്യത്തിന്റേതു പോലെയും ഉടല്‍ഭാഗം തിരണ്ടിയുടേതു പോലെയുമാണ്. സാധാരണ നടുക്കടലില്‍ മാത്രം കാണപ്പെടുന്ന ഇവ പക്ഷേ കഴിഞ്ഞ ഒരു മാസത്തിനിടെ കരയോടു ചേര്‍ന്നോ കരയ്ക്കടിഞ്ഞ  നിലയിലോ പലപ്രദേശങ്ങളിലും കാണപ്പെടുന്നുണ്ട്. ഇതില്‍ ഒടുവിലത്തേത് തെക്കന്‍ ഓസ്ട്രേലിയന്‍ തീരമായ മുറേ നദീമുഖത്തു കണ്ടെത്തിയ സണ്‍ ഫിഷാണ്.

ലോകത്തിന്‍റെ മിക്ക ഭാഗങ്ങളിലും സണ്‍ഫിഷുകൾ കാണപ്പെടാറുണ്ട്. പക്ഷേ മുറേ നദീ മുഖത്ത് കണ്ടെത്തിയ സണ്‍ഫിഷ് അസാധാരണ വലുപ്പമുള്ളതും  അപൂർവ ഗണത്തില്‍ പെട്ടതുമാണ്. തെക്കന്‍ ഓസ്ട്രേലിയന്‍ തീരത്ത് 3 ഇനം സണ്‍ഫിഷുകളാണുള്ളത്. ഇവയില്‍ മോലാ മോലോ എന്നു വിളിക്കപ്പെടുന്ന സണ്‍ഫിഷാണു തീരത്തടിഞ്ഞത്. ഈ സണ്‍ഫിഷിന്‍റെ വലുപ്പം തന്നെയായിരുന്നു അതിന്‍റെ മുഖ്യ ആകര്‍ഷണവും.

കാഴ്ചയിലെ ഭീകരത്വം സ്വഭാവത്തിലില്ല

ഏകദേശം 7 അടിയോളം നീളമാണ് ഈ മത്സ്യത്തിനുണ്ടായിരുന്നത്. കൂടാതെ ആറടിയിലധികം വീതിയും.ലോകത്തിലെ ഏറ്റവും ഭാരമുള്ളതും എല്ലുകളുള്ളതുമായ  മത്സ്യങ്ങളിലൊന്നായാണ് സൺഫിഷുകൾ അറിയപ്പെടുന്നത്. വലിയ സൺഫിഷുകൾക്ക്  14 അടിവരെ നീളവും  10 അടി വീതിയും 2 ടൺ വരെ ഭാരവും ഉണ്ടാകും. സാധാരണ മീനുകളിൽ നിന്നും ഏറെ വ്യത്യസ്തമായ രൂപമാണ് ഇവയുടേത്.വൃത്താകൃതിയിലാണ് ഇവയുടെ ശരീരം.പിന്നിലായി രണ്ട് ചിറകുകൾ പോലെ തോന്നിക്കുന്ന ശരീരഭാഗവുമുണ്ട്.വാലില്ല എന്നതും ഇവയുടെ പ്രത്യേകതയാണ്. ഓസ്ട്രേലിയന്‍ തീരത്തു നിന്ന് ലഭിച്ച ഏറ്റവും വലുപ്പമേറിയ സണ്‍ഫിഷാണ് മുറേ നദീമുഖത്ത് നിന്നു ലഭിച്ചതെന്നാണു കരുതുന്നത്. 

 Giant sunfish washes up on a beach in Australia

വലുപ്പവും രൂപവും ഭയപ്പെടുന്നതാണെങ്കിലും ഈ സണ്‍ഫിഷുകള്‍ മനുഷ്യര്‍ക്ക് അപകടകാരികളല്ല. ഇവയുടെ കടിയേറ്റാലും മനുഷ്യര്‍ക്കോ മറ്റു ജീവികള്‍ക്കോ മുറിവു പറ്റില്ല. സണ്‍ഫിഷുകളുടെ പല്ലുകള്‍ ഉള്ളിലേക്കു വളഞ്ഞിരിക്കുന്ന ചുണ്ടു കൊണ്ട് മൂടിയിരിക്കുന്നതാണ് ഇതിനു കാരണം. ഈ ചുണ്ടുകള്‍ കാരണം മുകളിലും താഴെയുമുള്ള പല്ലുകള്‍ തമ്മില്‍ ചേര്‍ത്തു വയ്ക്കാനാകില്ല. ജെല്ലിഫിഷുകളെയും സൂ പ്ലാങ്കത്തണുകളെയും മറ്റും വായ്ക്കുള്ളില്‍ വച്ചു ചവയ്ക്കാന്‍ മാത്രമാണ് ഈ പല്ലുകള്‍ സഹായകരമാകുക.

ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന സണ്‍ഫിഷുകളില്‍ അപൂര്‍വ ഇനമാണ് മോലാ മോലാ എന്നു സമുദ്രഗവേഷകയായ റാല്‍ഫ് ഫോസ്റ്റര്‍ വിശദീകരിക്കുന്നു. അമേരിക്കയിലും ഏഷ്യയിലും ഇവ കാണപ്പെടാറുണ്ടെങ്കിലും ഓസ്ട്രേലിയയില്‍ പ്രത്യേകിച്ച് തെക്കന്‍ ഓസ്ട്രേലിയയില്‍ ഇവയുടെ സാന്നിധ്യം കുറവാണ്. അതുകൊണ്ട് തന്നെ മുറെ നദീമുഖത്തെത്തിയ സണ്‍ഫിഷ് ചത്തതാണെന്നറിഞ്ഞപ്പോള്‍ നിരാശപ്പെട്ടു എന്ന് റാല്‍ഫ് പറയുന്നു. നടുക്കടലില്‍ കാണപ്പെടുന്ന മത്സ്യമായതിനാല്‍ തന്നെ ഇവയെ കണ്ടെത്തുക പ്രയാസമാണ്. ജീവനോടെ ലഭിച്ചിരുന്നെങ്കില്‍ ഈ വര്‍ത്തെക്കുറിച്ചു കൂടുതലറിയാന്‍ അത് സഹായകരമായേനെ എന്നും റാല്‍ഫ് കരുതുന്നു

ലിനറ്റ് ഗ്രെലക് എന്ന സ്ത്രീയാണ് തന്‍റെ ഭര്‍ത്താവ് തീരത്തു തിന്നു കണ്ടെത്തിയ സണ്‍ഫിഷിന്‍റെ ചിത്രം ഫേസ്ബുക്കിലിട്ടത്. വൈകാതെ ആളുകള്‍ ഈ മത്സ്യത്തിന്‍റെ വലുപ്പത്തില്‍ അദ്ഭുതം പ്രകടിപ്പിക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് ഗവേഷകരുടെ ശ്രദ്ധയില്‍ ഈ വാര്‍ത്തയെത്തിയത്. വൈകാതെ മത്സ്യത്തെ കൂടുതല്‍ പഠനങ്ങള്‍ക്കായി സൗത്ത് ഓസ്ട്രേലിയന്‍ മറൈന്‍ മ്യൂസയത്തിലേക്കു കൊണ്ടുപോയി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA