ADVERTISEMENT

ആഴ്ചകള്‍ക്ക് മുന്‍പ് വയററ്റില്‍ 45 ിലോ പ്ലാസറ്റിക്കുമായി ഒരു തിമിംഗലം ഫിലിപ്പീന്‍സ് തീരത്ത് ചത്തടിഞ്ഞതിന്‍റെ ഞെട്ടലില്‍ നിന്ന് പരിസ്ഥിതി ലോകം മാറും മുന്‍പാണ് സമാനമായ ഒരു വാര്‍ത്ത ഇറ്റലിയില്‍ നിന്നും വരുന്നത്. ഇത്തവണ ഒന്നല്ല രണ്ട് ജീവനാണ് മനുഷ്യന്‍ വരുത്തി വച്ച പ്ലാസ്റ്റിക് എന്ന മാരക വിപത്ത് മൂലം പൊലിഞ്ഞത്. പൂര്‍ണഗര്‍ഭിണിയായ ഒരു സ്പേം തിമിംഗലമാണ് ഇറ്റലിയിലെ സാര്‍ഡീനിയ തീരത്ത് വയറ്റില്‍ 23 കിലോ പ്ലാസ്റ്റികുമായി ചത്തടിഞ്ഞത്.

 

മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വലമുതല്‍, ട്യൂബുകളും ബാഗുകളും തിരിച്ചറിയാത്ത മറ്റ് പ്ലാസ്റ്റിക് വസ്തുക്കളും തിമിംഗലത്തിന്‍റെ വയറ്റില്‍ നിന്നു കണ്ടെടുത്തു. വയറ്റിലെ പ്ലാസ്റ്റിക്കുകളുടെ ആധിക്യം മൂലം തിമിംഗലം കരയ്ക്കടിയും മുന്‍പ് തന്നെ വയറ്റിലെ കുഞ്ഞ് മരിച്ചിരുന്നു. വയറ്റിലുണ്ടായിരുന്ന കുഞ്ഞ് അഴുകാന്‍ തുടങ്ങിയ നിലയിലായിരുന്നു എന്നും കണ്ടെത്തി. തിമിംഗലവും കരയ്ക്കടിയുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് മരിച്ചിരുന്നു.

 

സാര്‍ഡിനിയയിലെ പോര്‍ട്ടോ സേവ എന്ന ബീച്ചിലാണ് തിമിംഗലം ചത്തടിഞ്ഞത്. 8 മീറ്റര്‍ നീളമാണ് തിമിംഗലത്തിന് ഉണ്ടായിരുന്നു. പോര്‍ട്ടോ സേവ ഒരു പ്രശസ്ത വിനോദസഞ്ചാര കേന്ദ്രം കൂടിയായതിനാല്‍ തിമിംഗലം കരയ്ക്കെത്തി അധികം താമസിയാതെ തന്നെ ഇക്കാര്യം അധികൃതര്‍ അറിഞ്ഞു. മാര്‍ച്ച് 28 നാണ് തിമിംഗലത്തെ പോര്‍ട്ടോ സേവ തീരത്ത് കണ്ടെത്തിയത്. ഇറ്റലിയുടെ പരിസ്ഥിതി മന്ത്രി സെര്‍ജിയോ കോസ്റ്റ ശക്തമായ ഭാഷയിലാണ് തിമിംഗലത്തിന്‍റെ മരണത്തില്‍ അപലപിച്ചത്. ഇപ്പോള്‍ കടലിലെ പ്ലാസ്റ്റിക് മാലിന്യം ഒരു പ്രധാന വിഷയമല്ല എന്ന് പറയുന്നവര്‍ക്കുള്ള പ്രത്യക്ഷ തെളിവാണ് തിമിംഗലത്തിന്‍റെ മരണമെന്ന് സെര്‍ജിയോ കോസ്റ്റ പറഞ്ഞു.

 

ഐ.യു.സി.എന്‍ റെഡ് ലിസ്റ്റില്‍ വംശനാശ ഭീഷണി നേരിടുന്ന തിമിംഗല വര്‍ഗ്ഗമാണ് സ്പേം തിമിംഗലങ്ങള്‍. ഇപ്പോള്‍ ഇവയെ വേട്ടയാടുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടെങ്കില്‍ 18, 19 നൂറ്റാണ്ടുകളില്‍ നടന്ന വ്യാപകമായ വേട്ടകളാണ് ഈ തിമിംഗലത്തിന്‍റ നിലനില്‍പ്പ് പ്രതിസന്ധിയിലാക്കിയത്. ഭൂമിയിലെ ഏറ്റവും വലിയ തലച്ചോറുള്ള ജീവി കൂടിയാണ് സ്പേം തിമിംഗലങ്ങള്‍.

 

2016 ന് ശേഷം യൂറോപ്പില്‍ മാത്രം പ്ലാസ്റ്റിക് ഭക്ഷിച്ച് ചത്തടിഞ്ഞ മുപ്പത് തിമിംഗലങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ലോകത്തിന്‍റെ വിവിധ ഇടങ്ങളിലായി തിമിംഗലങ്ങള്‍ മുതല്‍ കടല്‍പക്ഷികളും ആമകളും വരെയുള്ള ജീവികളെ പ്ലാസ്റ്റിക് ഭക്ഷിച്ച് മരിച്ച നിലയിലും പ്ലാസ്റ്റികില്‍ കുടുങ്ങിയ നിലയിലും കണ്ടെത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. കടലില്‍ നിന്ന് പ്ലാസ്റ്റിക് നീക്കം ചെയ്യാനുള്ള ശ്രമങ്ങളും പ്ലാസ്റ്റിക് കടലിലേക്ക് എത്തുന്നത് തടയാനുള്ള നീക്കങ്ങളും ശക്തമായി പുരോഗമിക്കുകയാണ്.

 

ഭക്ഷണമെന്ന് കരുതിയാണ് തിമിംഗലങ്ങള്‍ പ്ലാസ്റ്റിക് ഭക്ഷിക്കുന്നത്. പ്ലാസ്റ്റിക് വയറ്റിലേക്ക് ചെല്ലുന്നതോടെ ഇവ രാസമാറ്റത്തിന് വിധേയമാകും. ഇതിനെ വിളിക്കുന്നത് കാല്‍സിഫിക്കേഷന്‍ എന്നാണ്. കാല്‍സിഫിക്കേഷനിലൂടെ പ്ലാസ്റ്റിക്ക് വസ്തുക്കള്‍ കൂടിച്ചേര്‍ന്ന് പരസ്പരം ഒട്ടും. ചിലപ്പോള്‍ പന്ത് പോലുള്ള രൂപത്തിലും ഇവ കാണപ്പെടാറുണ്ട്. ഇതോടെ പ്ലാസ്റ്റിക് കഴിച്ച ജീവിക്ക് വിശപ്പ് അറിയാതെയാകും. ഭക്ഷണം കഴിക്കാതെ വരുന്നതോടെ തുടര്‍ന്ന് ശരീരത്തിന് അതിന്‍റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. വൈകാതെ ഈ അവസ്ഥ തിമിംഗലങ്ങളെ മരണത്തിലേയ്ക്ക് നയിക്കും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com