ADVERTISEMENT

തിമിംഗലകാഴ്ചകള്‍ക്ക് പേര് കേട്ട സ്ഥലമാണ് മെക്സിക്കോ കടലിടുക്കിന് സമീപമുള്ള ബേജാ കാലിഫോര്‍ണിയ മേഖല. മെക്സിക്കോയില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ പ്രദേശം തിമിംഗലങ്ങളെ കാണാനെത്തുന്ന സഞ്ചാരികളെ പരമാവധി നിരാശരാക്കാറില്ല. പക്ഷേ ബേജാ കാലിഫോര്‍ണിയയിലെ മഗ്ഡലേന ബേയില്‍ തിമിംഗലത്തെ നിരീക്ഷിക്കാനെത്തിയവരെ കാത്തിരുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ചയായിരുന്നു. അപൂര്‍വമായി മാത്രം കാണപ്പെടുന്ന വെള്ള തിമിംഗലമാണ് ഇവര്‍ക്ക് വേണ്ടി അവിടേക്ക് വിരുന്നെത്തിയത്.

 

വെള്ള തിമിംഗലം

 

ആല്‍ബിനോ എന്ന അവസ്ഥയമാണ് തിമിംഗലങ്ങള്‍ക്കും വെള്ള നിറം നല്‍കുന്നത്. ശരീരത്തിലെ കറുത്ത പിഗ്മെന്‍റുകള്‍ അഥവാ മെലാനിന്‍റെ അഭാവമാണ് ജീവികള്‍ക്ക് വെള്ള നിറം ലഭിക്കാനുള്ള കാരണം. പക്ഷേ ഈ അവസ്ഥയില്‍ പോലും ഒരു പാട് പോലും ഇല്ലാതെ തൂവെള്ള നിറത്തിലുള്ള ജീവികളെ കണ്ടെത്തുക പ്രയാസമാണ്. മെക്സിക്കോയില്‍ പ്രത്യക്ഷപ്പെട്ട ഈ തിമിംഗലം അത്തരത്തിലുള്ളതായിരുന്നു. ഗ്രെ വെയില്‍ എന്ന ഇനത്തില്‍ പെട്ടതായിരുന്നു തിമിംഗലം.

 

മാനുവല്‍ ഗോണ്‍സാല്‍വസ് എന്ന സ്കൂബാ ഡൈവിങ് ഇന്‍സ്ട്രക്ടറാണ് ഈ തിമിംഗലത്തെ ക്യാമറയില്‍ പകര്‍ത്തിയത്. ആദ്യം വെള്ള നിറം കലര്‍ന്ന ഗ്രേ തിമിംഗലമാണ് എന്നാണ് താന്‍ കരുതിയതെന്ന് മാനുവല്‍ പറയുന്നു. എന്നാല്‍ വൈകാതെ തിമിംഗലംവെള്ളത്തില്‍ ഒന്നു ഉയര്‍ന്ന് ചാടിയതോടെ അത് ആല്‍ബിനോ തിമിംഗലമാണെന്ന് ഉറപ്പിക്കുകയായിരുന്നു. നൂറു ശതമാനവും ആല്‍ബിനിസം ഉള്ള തിമിംഗലമായിരുന്നു അതെന്ന് മാനുവല്‍ പറയുന്നു. 

 

പൂര്‍ണ വളര്‍ച്ചയെത്തിയതെന്ന് കരുതുന്ന ഈ തിമിംഗലത്തെ ആദ്യമായല്ല മെക്സിക്കന്‍തീരത്ത് കാണുന്നതെന്ന് മേഖലയിലെ സമുദ്രജീവി ഗവേഷകര്‍ പറയുന്നു. 2008 ലാണ് ആദ്യമായി മെക്സിക്കന്‍ തീരത്ത് ഒരു വെള്ള തിമിംഗലത്തെ കണ്ടെത്തുന്നത്. തുടര്‍ന്ന് 2011ലും, 2016 ലും ഈ തിമിംഗലത്തെ കാണുകയുണ്ടായി. ഇതെല്ലാം ഒരേ തിമിംഗലം തന്നെയാണ് എന്നാണ് വിവരണങ്ങളിലൂടെ വ്യക്തമായത്. ഇപ്പോള്‍ കണ്ടെത്തിയ തിമിംഗലത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും അതേ തിമിംഗലം തന്നെയാണ് മഗ്ലേന ബേയിലും എത്തിതെന്ന് തെളിയിക്കുന്നവയാണ്.

 

ഗാലന്‍ ഡേ ലേച്ചെ അഥവാ പാല്‍ക്കുടം എന്നതാണ് ഈ വെള്ള തിമിംഗലത്തിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. 2008ല്‍ ഈ തിമിംഗലത്തെ ആദ്യമായി കണ്ടെത്തുമ്പോള്‍ ഇത് കുട്ടിയായിരുന്നു. ഗാലന്‍ ഡേ ലേച്ചെയെ കൂടാതെ 2017ല്‍ ഒരു വെള്ള കുട്ടി തിമിംഗലത്തെയും ഈ മേഖലയില്‍ കണ്ടെത്തിയിരുന്നു. കാസ്റ്റാലിറ്റോ ഡേ സാള്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ കുട്ടി തിമിംഗലത്തെ തന്‍റെ അമ്മയ്ക്കൊപ്പം നീന്തുമ്പോഴാണ് ഇന്ന് കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com