എല്ലാ സീബ്രകളും ബ്ലാക്ക് ആന്‍ഡ് വൈറ്റല്ല; ചെമ്പന്‍ സീബ്രയുടെ ചിത്രങ്ങൾ കൗതുകമാകുന്നു!

HIGHLIGHTS
  • ചെമ്പൻ നിറത്തിലുള്ള രോമങ്ങള്‍ സീബ്രകള്‍ക്ക് ഉണ്ടാകാന്‍ കാരണം പാര്‍ഷ്യല്‍ അല്‍ബിനിസം
  • നിറവ്യത്യാസം സീബ്രകള്‍ ഒറ്റപ്പെടാന്‍ കാരണമാകുന്നില്ല
Rare
Image Credit:Twitte/ National Geographic Magazine
SHARE

ടാന്‍സാനിയയിലെ സെറന്‍ഗറ്റി ദേശീയ പാര്‍ക്കിലാണ് ചെമ്പന്‍ മുടിയും ശരീരവുമായി ഒരു സീബ്രയെ കണ്ടെത്തിയത്. ചെമ്പന്‍ മുടിക്കാരായ മനുഷ്യരെ കളിയാക്കി വിളിക്കുന്ന ബ്ലോണ്ടെ എന്ന പേരിലാണ് ഈ സീബ്രയും ഇപ്പോള്‍ അറിയപ്പെടുന്നത്. അത്യപൂര്‍വമായാണ് ചെമ്പന്‍മുടിയും ശരീരവുമുള്ള സീബ്രകളെ വനത്തില്‍ കാണാറുള്ളത്. ഇതിനു മുന്‍പ് കെനിയയിലാണ് ഈ നിറമുള്ള ഒരു സീബ്രയെ കണ്ടെത്തിയത്.

സാധാരണ സീബ്രകളുടെ ശരീരത്തിലെ കറുത്ത രോമങ്ങള്‍ക്കു പകരം ഈ സീബ്രകളുടെ ശരീരത്തില്‍ ചെമ്പന്‍ മുടിയാണ്. അതായത് കറുപ്പും വെളുപ്പും നിറഞ്ഞ ശരീരത്തിനു പകരം സ്വര്‍ണ നിറവും വെളുപ്പും കലര്‍ന്ന വരകളാണ് ഈ സീബ്രകള്‍ക്കുള്ളത് എന്നര്‍ഥം. നാഷനല്‍ ജിയോഗ്രഫിക് ഫോട്ടോഗ്രഫറായ സെര്‍ജിയോ പിറ്റാമിറ്റ്സ് ആണ് ഈ സീബ്രയെ ക്യാമറയില്‍ പകര്‍ത്തിയത്.

ശൈത്യകാലത്തിനു മുന്‍പുള്ള സീബ്രകളുടെ കുടിയേറ്റത്തിന്‍റെ ചിത്രം പകര്‍ത്തുകയായിരുന്നു സെര്‍ജിയോ. ഇതിനിടെയാണ് കറുപ്പും വെളുപ്പും വരകള്‍ക്കിടയില്‍ ഒരു സ്വര്‍ണ നിറം മിന്നി മായുന്നത് കണ്ടത്. വൈകാതെ ആ സ്വര്‍ണവരകളുടെ ഉടമയെ സെര്‍ജിയോ ഒരു തടാകക്കരയില്‍ കണ്ടെത്തി. ചെളിയില്‍ കിടന്നുരുണ്ട സീബ്രയായിരിക്കാം എന്നാണ് സെര്‍ജിയോ ആദ്യം കരുതിയത്. എന്നാല്‍ യഥാര്‍ഥ സ്വര്‍ണത്തലമുടിക്കാരന്‍ സീബ്രയാണ് തന്‍റെ മുന്നില്‍ നില്‍ക്കുന്നതെന്ന് വൈകാതെ സെര്‍ജിയോ മനസ്സിലാക്കി.

സ്വര്‍ണ സീബ്രയ്ക്ക് കാരണവും ആല്‍ബിനിസം

തൊലിയിലെ കറുത്ത പിഗ്‌മെന്‍റുകളുടെ (മെലാനിന്‍) അഭാവം മൂലമുള്ള നിറംമാറ്റമാണ് ആല്‍ബിനിസം. എന്നാല്‍ ആല്‍ബിനിസം ബാധിച്ച സീബ്രകള്‍ പൂര്‍ണ്ണമായും വെളുത്ത നിറത്തിലാണ് കാണപ്പെടുക. അതുകൊണ്ടു തന്നെ സ്വര്‍ണ നിറത്തിലുള്ള രോമങ്ങള്‍ സീബ്രകള്‍ക്ക് ഉണ്ടാകാന്‍ കാരണം പാര്‍ഷ്യല്‍ അല്‍ബിനിസം അഥവാ അര്‍ധ ആല്‍ബിനിസം ആണെന്ന് ജന്തുശാസ്ത്രജ്ഞര്‍ പറയുന്നു. അതായത്, ഇവയിൽ കറുത്ത പിഗ്‌മെന്‍റുകള്‍ പേരിനുണ്ടായിരിക്കും, പക്ഷേ ആവശ്യത്തിന് ഉണ്ടാവില്ല.

സീബ്രകളുടെ വരകളുടെ ഉപയോഗം

എന്തിനാണ് സീബ്രകള്‍ക്ക് വരകള്‍ എന്ന ചോദ്യത്തിന് മനുഷ്യര്‍ ഇവയെ പരിചയപ്പെട്ട കാലത്തോളം പഴക്കമുണ്ടാകും. പുല്ലുകള്‍ക്കിടയില്‍ മറഞ്ഞിരിക്കാനാണെന്നും ശരീരത്തിനു തണുപ്പ് നല്‍കാനാണെന്നുമുള്ള നിഗമനങ്ങളില്‍ ഒരു കാലത്ത് ഗവേഷകര്‍ പോലും എത്തിയിരുന്നു. എന്നാല്‍ വരകളുടെ യഥാര്‍ഥ ഉപയോഗം ഇതൊന്നുമല്ല എന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ആഫ്രിക്കന്‍ സമതലങ്ങളില്‍ വ്യാപകമായി കാണപ്പെടുന്ന വലിയ ഈച്ചകളുടെ കടിയേല്‍ക്കുന്നതില്‍നിന്ന് ഈ വരകള്‍ സീബ്രകളെ സംരക്ഷിക്കുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്.

അതുകൊണ്ടുതന്നെ നിറത്തിലെ ഈ വ്യത്യാസം ഇവയുടെ ജീവന്‍ എളുപ്പത്തിലൊന്നും അപകടത്തിലാക്കില്ലെന്ന് ഗവേഷകര്‍ പറയുന്നു. നിറവ്യത്യാസം മെലാനിന്‍ ബാധിച്ച സീബ്രകള്‍ക്ക് തിരിച്ചടിയാകുന്നത് അവയെ മറ്റ് സീബ്രകള്‍ കൂട്ടത്തില്‍ കൂട്ടിയില്ലെങ്കിലാണ്. എന്നാല്‍ ഇതുവരെ കണ്ടെത്തിയ വെള്ള നിറത്തിലും തവിട്ട് നിറത്തിലുമുള്ള സീബ്രകളെല്ലാം ഏതെങ്കിലും പറ്റത്തിന്‍റെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ നിറവ്യത്യാസം സീബ്രകള്‍ ഒറ്റപ്പെടാന്‍ കാരണമാകുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA