ADVERTISEMENT

നമ്മൾ കേട്ടിട്ടുള്ള കഥകളിലെല്ലാം കഷ്ടപ്പെട്ടു ചൂണ്ടയിട്ടു പിടിച്ച മത്സ്യത്തെ അടിച്ചു മാറ്റാന്‍ തക്കം പാര്‍ത്തിരിക്കുന്നത് പൂച്ചകളാണ്. പക്ഷേ ഓസ്ട്രേലിയയിലെ ഒരു നദിക്കരയില്‍ ചൂണ്ടയിടാനെത്തിയവർ അവർ പിടിച്ച മത്സ്യത്തെ മോഷ്ടിക്കാനെത്തിയ ജീവിയെ കണ്ട് ചൂണ്ട പോലും ഉപേക്ഷിച്ച് ഓടുകയാണു ചെയ്തത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മുതലയായ സാള്‍ട്ട് വാട്ടര്‍ ക്രോക്കഡൈലാണ് ചൂണ്ടയില്‍ കുടുങ്ങിയ മത്സ്യത്തെ പിന്തുടര്‍ന്ന് മീന്‍പിടുത്തക്കാരെ ഭയപ്പെടുത്തി ഓടിച്ചത്.

വടക്കന്‍ ഓസ്ട്രേലിയയിലെ നദിക്കരയിലാണ് ഡാന്‍ ക്രെയ്ഗും സുഹൃത്തായ ഡാനിയേലും ചൂണ്ടയിടാനെത്തിയത്. ഈ മേഖലയില്‍ സ്ഥിരം ചൂണ്ടയിട്ടു പരിചയമുള്ളവരായിരുന്നു ഇരുവരും. പക്ഷെ അവരെ കാത്തിരുന്നത് ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു. പതിവു പോലെ  ഇരയെ കുരുക്കി ഡാനിയല്‍ ചൂണ്ട നദിയിലിലേക്കിട്ട് മീന്‍ കൊത്തുന്നതു കാത്തിരുന്നു. ഒപ്പം ഡാന്‍ ക്രെയ്ഗും. വൈകാതെ ബാരാമുണ്ടി എന്നു വിളിക്കുന്ന കൂറ്റന്‍ മീന്‍ ചൂണ്ടയില്‍ കൊത്തി. പക്ഷെ അത്ര എളുപ്പത്തില്‍ കീഴടങ്ങാന്‍ മത്സ്യം തയ്യാറായില്ല.

ഇതോടെ ഡാനിയേലിനും വാശിയായി. മത്സ്യവും ഡാനിയേലും തമ്മിലുള്ള പിടിവലി തുടര്‍ന്നു. ഡാന്‍ ക്രെയ്ഗാകട്ടെ ഡാനിയലിനെ കൈയ്യടിച്ചും ഒച്ചവച്ചും പ്രോത്സാഹിപ്പിക്കാനും തുടങ്ങി. പക്ഷെ മത്സ്യത്തിന്‍റെ വെള്ളത്തില്‍ കിടന്നുള്ള പിടച്ചിലും ഡാനിന്‍റെ കയ്യടിയും കാരണം വൈകാതെ മറ്റൊരാള്‍ കൂടി അവിടേക്കെത്തി. ഇതിനിടെ മത്സ്യത്തെ നിയന്ത്രിയ്ക്കാന്‍ തുടങ്ങിയ ഡാനിയേല്‍ അതിനെ കരയിലേക്കു വലിച്ചടുപ്പിക്കുകയായിരുന്നു. 

റണ്‍ ബ്രോ റണ്‍

മത്സ്യം കരയ്ക്കെത്താറയാപ്പോള്‍ തന്നെ  പുറകെ  വെള്ളത്തില്‍ വലിയൊരനക്കം ഡാനിയേല്‍ ശ്രദ്ധിച്ചു. പുറകില്‍ നിന്ന് മീന്‍പിടുത്തം ക്യാമറയില്‍ പകര്‍ത്തുകയായിരുന്ന ഡാനും ഈ കാഴ്ച കണ്ടു. മത്സ്യത്തിനടുത്തേക്ക് എന്തോ ഒന്ന് വെള്ളത്തിലൂടെ പാഞ്ഞു വരുന്നതായി ഇരുവരും മനസ്സിലാക്കി. ഇതോടെ ഡാന്‍ ഡാനിയേലിനോട് ഓടാന്‍ ആവശ്യപ്പെട്ട് അലറി വിളിച്ചു. ഡാനിന്‍റെ റണ്‍ ബ്രോ റണ്‍, റണ്‍ ഡാനിയേല്‍ റണ്‍ നിലവിളികള്‍ തുടങ്ങിയപ്പോഴേക്കും മത്സ്യം കരയ്ക്കെത്തിയിരുന്നു, തൊട്ട് പിന്നാലെ കൂറ്റന്‍ മുതലയും.

ഇതോടെ ഇരുവരും ഓടാന്‍ തുടങ്ങി. മത്സ്യത്തെ മുതല കൊണ്ടുപോകാതിരിക്കാന്‍ ചൂണ്ട ശക്തിയായി വലിച്ചുകൊണ്ടായിരുന്നു ഡാനിയേലിന്റെ ഓട്ടം. പക്ഷെ മുതലയുടെ വേഗത്തെ തോല്‍പിക്കാന്‍ ഇത് മതിയായിരുന്നില്ല. വൈകാതെ തന്നെ മത്സ്യത്തെ മുതല വായിലാക്കി. ഒട്ടു താമസിയാതെ തന്നെ ചൂണ്ടയുടെ വള്ളി പൊട്ടിച്ച് മുതല മത്സ്യത്തെ പൂര്‍ണമായി വിഴുങ്ങുകയും ചെയ്തു. ഏതായാലും പിന്നെ ആ പ്രദേശത്തു നിൽക്കാൻ തയ്യാറാകാതെ ഇരുവരും തിരികെ വീട്ടിലേക്കു മടങ്ങി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com