sections
MORE

ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷിയെ വളർത്തിയ ഉടമയ്ക്ക് സംഭവിച്ചത്?

HIGHLIGHTS
  • ലോകത്തെ ഏറ്റവും അപകടകാരിയായ പക്ഷിയാണ് കാസോവരി
  • എമു പക്ഷികളോട് ഏറെ സാമ്യമുള്ളവയാണ് കാസോവരി പക്ഷികള്‍
 Cassowsary
SHARE

ഫ്ലോറിഡയിലെ ഗെയ്ൻസ്‌വില്ലെയിലാണ് 75 കാരനായ  മാര്‍വിന്‍ ഹാജോസ് വളര്‍ത്തു പക്ഷിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നാലിഞ്ച് വലുപ്പമുള്ള കൂര്‍ത്ത നഖങ്ങളുള്ള കാസോവരി എന്ന പക്ഷിയാണ് ഇയാളെ ആക്രമിച്ചു കൊലപ്പെടുത്തിയത്. ലോകത്തെ ഏറ്റവും അപകടകാരിയായ പക്ഷിയായാണ് കാസോവരിയെ വിലയിരുത്തുന്നത്. വെള്ളിയാഴ്ചയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. 

യാദൃശ്ചികമായിട്ടാകാം മാര്‍വിന്‍ കൊല്ലപ്പെട്ടതെന്നാണ് അധികൃതരുടെ നിഗമനം. കാസോവരി ഉള്‍പ്പടെയുള്ള നിരവധി പക്ഷികളെ ബ്രീഡിങ് നടത്തി വില്‍ക്കുകയായിരുന്നു മാര്‍വിന്‍റെ തൊഴില്‍. പക്ഷിക്കൂട് വൃത്തിയാക്കുന്നതിനിടെ മാര്‍വിന്‍ ഒരു കാസോവരി പക്ഷിയുടെ സമീപം വീണു പോയെന്നും ഈ സമയത്തു ഭയന്നു പോയ പക്ഷി ഇയാളെ ആക്രമിക്കുകയായിരുന്നു എന്നുമാണ് കരുതുന്നത്.

കാസോവരി പക്ഷികള്‍

 Cassowsary

എമു പക്ഷികളോട് ഏറെ സാമ്യമുള്ളവയാണ് കാസോവരി പക്ഷികള്‍. പക്ഷേ ഓസ്ട്രേലിയയിലും പപുവാ ന്യൂഗിനിയയിലും മാത്രമാണ് ഈ പക്ഷികൾ കാണപ്പെടുന്നത്. ശരീരം മുഴുവന്‍ കറുത്ത നിറമുള്ള തൂവലുകൾ  നിറഞ്ഞതാണ്. കഴുത്ത് മഞ്ഞ നിറത്തിലും നീല നിറത്തിലും കാണപ്പെടാറുണ്ട്. തലയുടെ നിറവും നീലയാണ്. മയിലുകളോട് സാമ്യമുള്ള രീതിയില്‍ തലയില്‍ ഒരു പൂവും ഇവയ്ക്കുണ്ട്.  

ആറടി വരെ ഉയരവും 60 കിലോയോളം ഭാരവുമുള്ള ഈ പക്ഷികളെ സാന്‍ഡിയാഗോ മൃഗശാലയാണ് ലോകത്തെ ഏറ്റവും അപകടകാരികളായ പക്ഷികളെന്നു വിശേഷിപ്പിച്ചത്. നീളമേറിയ കാലുകളും അവയിലെ കൂര്‍ത്ത നഖങ്ങളുമാണ് ഇവയുടെ പ്രധാന ആയുധം. ഒറ്റ മാന്തലില്‍ തന്നെ ഏതൊരു ജീവിയുടെയും ശരീരത്തില്‍ മാരകമായ മുറിവു സൃഷ്ടിക്കാന്‍ ഇവയ്ക്കു കഴിയും. മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടാന്‍ സാധിക്കുന്നവയാണ് ഈ പക്ഷികള്‍.

എമുക്കളെ പോലെ മുട്ടയ്ക്കോ ഭക്ഷണത്തിനോ വേണ്ടി കസോവരി പക്ഷികളെ അമേരിക്കയില്‍ വളര്‍ത്താറില്ല. പക്ഷേ വലുപ്പവും സൗന്ദര്യവും ഉള്ളതിനാൽ ഇവയെ ഓമനിച്ചു വളര്‍ത്താനായി നിരവധി പേര്‍ തയാറാകുന്നുണ്ട്. ഇവര്‍ക്കു വേണ്ടി വില്‍പനയ്ക്കായാണ് കൊല്ലപ്പെട്ട മാര്‍വിന്‍ ഈ പക്ഷികളെ വളർത്തിയത്. ഇതിനുള്ള ലൈസന്‍സും മറ്റും നേടി നിയമപരമായി തന്നെയാണ് മാര്‍വിന്‍ കസോവരികളെ വളര്‍ത്തിയിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA