sections
MORE

പിഗ്‌മി അണലികളെ ഇഞ്ചിഞ്ചായി കൊല്ലുന്ന പാരാസൈറ്റിക് വിരകള്‍; വില്ലൻ ബർമീസ് പെരുമ്പാമ്പ്!

HIGHLIGHTS
  • അണലികളെ കൊല്ലുന്നത് പെന്‍റാസ്റ്റോം വിഭാഗത്തില്‍ പെട്ട വിരകള്‍
  • ഏറ്റവുമധികം നാശനഷ്ടം പരിസ്ഥിതിക്കുണ്ടാക്കിയ ജീവികളാണ് ബർമീസ് പെരുമ്പാമ്പുകള്‍.
Pygmy Rattlesnake
SHARE

ഭൂമിയിലെ അധിനിവേശ ജീവികളില്‍ ഏറ്റവുമധികം നാശനഷ്ടം പരിസ്ഥിതിക്കുണ്ടാക്കിയ ജീവികളാണ് ബർമീസ് പെരുമ്പാമ്പുകള്‍. തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നു വളര്‍ത്തുമൃഗങ്ങളായി അമേരിക്കയിലെത്തിച്ച ഈ ജീവികള്‍ ഫ്ലോറിഡയിലെ അനുകൂല സാഹചര്യത്തില്‍ പെറ്റുപെരുകി ഉണ്ടാക്കിയ പ്രശ്നങ്ങള്‍ ചില്ലറയല്ല. അപൂര്‍വ ഇനത്തില്‍ പെട്ട ദേശാടന പക്ഷികള്‍ക്കു മുതല്‍ വളര്‍ത്തു മൃഗങ്ങള്‍ക്കും പ്രാദേശിക ജൈവ വൈവിധ്യത്തിനും വരെ ഭീഷണിയായി ഇവ ഇന്നു നിലകൊള്ളുകയാണ്.

അടുത്തിടയായി മറ്റൊരു ജീവിക്കു കൂടി ഈ പെരുമ്പാമ്പുകള്‍ ഭീഷണിയായിരിക്കുകയാണ്. പാമ്പ് വര്‍ഗത്തില്‍ തന്നെ പെട്ട പിഗ്‌മി അണലികള്‍ക്കാണ് നേരിട്ടല്ലെങ്കിലും ബർമീസ് പെരുമ്പാമ്പുകള്‍ ജീവനു ഭീഷണിയാകുന്നത്. ബർമീസ് പെരുമ്പാമ്പുകളുടെ ശരീരത്തില്‍ വളരുന്നതും എന്നാല്‍ ഇവയ്ക്കു ദോഷകരമല്ലാത്തതുമായ ഒരിനം ഈ പാരാസൈറ്റിക് വിരകളാണ് ഇപ്പോൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്‍. ബർമീസ് പെരുമ്പാമ്പുകളും പിഗ്‌മി അണലികളും ഒരേ ജൈവമേഖലയല്ല പങ്കിടുന്നത്. ബർമീസ് പെരുമ്പാമ്പുകളില്‍ കാണപ്പെടുന്ന പാരസൈറ്റുകള്‍ പ്രാണികളെയും മറ്റും വാഹകരാക്കി മാറ്റിയാണ് നൂറ് കണക്കിനു കിലോമീറ്ററുകള്‍ സഞ്ചരിച്ച് പിഗ്‌മി അണലികളുടെ ശരീരത്തിലെത്തുന്നത്. 

പെന്‍റാസ്റ്റോം വിരകള്‍

പെന്‍റാസ്റ്റോം എന്ന വിഭാഗത്തില്‍ പെട്ട ഈ വിരകള്‍ അണലികളുടെ ചോര ഊറ്റി കുടിച്ചാണ് അവയെ കൊല്ലുന്നത്. ഫ്ലോറിഡയിലെ വുഡ്റൂഫ് വന്യജീവി പാര്‍ക്കില്‍ ചത്ത നിലയില്‍ കണ്ടെത്തിയ മൂന്നു അണലികളിൽ ഈ വിരകളുടെ സാന്നിധ്യം ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വിര അണലികള്‍ക്കുയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചും ഈ വിരകളുടെ ഉദ്ഭവത്തെക്കുറിച്ചും ഗവേഷകര്‍ വിശദമായി പഠിച്ചത്. 

സാധാരണ പാരാസൈറ്റിക് വിരകളെ പോലെ വലുപ്പം കുറഞ്ഞതോ കണ്ടെത്താന്‍ പ്രയാസമുള്ളതോ ആയ വിരകളല്ല പെന്‍റാസ്റ്റോം വിരകള്‍. ഗവേഷകര്‍ പരിശോധിക്കുന്നതിനിടെ ചത്ത അണലിയുടെ വായില്‍ നിന്ന് ഒരു വിര ഇഴഞ്ഞു പുറത്തേക്കു വന്നിരുന്നു. പാരാസൈറ്റിക് വിരകള്‍ ശരീരത്തിന്‍റെ ഉള്ളിലെത്തിയാണ് അണലികളുടെ ചോര ഊറ്റി കുടിക്കുന്നത്. അതുകൊണ്ട് തന്നെ ഈ അണലികളുടെ ശരീരത്തിന്‍റെ ഉള്‍ഭാഗം കണ്ടാല്‍ എത്ര ക്രൂരമായാണ് അവ കൊല്ലപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാകുമെന്ന് ഗവേഷകര്‍ പറയുന്നു. 

അണലികളുടെ ശ്വാസകോശത്തിലും ശ്വാസനാളത്തിലുമായാണ് വിരകളെ കണ്ടെത്തിയത്. ഒരു വിരയുടെ വണ്ണം ശ്വാസനാളത്തോളമുണ്ടായിരുന്നു. ഇത് പാമ്പിന്‍റെ ശ്വസനത്തെ പൂര്‍ണമായും തടസ്സപ്പെടുത്തിയിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ എവര്‍ഗ്ലേഡ്സ് ദേശീയ പാര്‍ക്കിലേയും പരിസരത്തേയും പിഗ്‌മി അണലികളുടെ എണ്ണത്തില്‍ സാരമായ കുറവുണ്ടായിരുന്നു. ഈ കുറവിനു പിന്നില്‍ പെന്‍സ്റ്റോം വിരകളുടെ പങ്ക് വലുതാണെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA