ADVERTISEMENT

എയ്ഡ്സ് രോഗത്തെ പൂർണമായും ഭേദപ്പെടുത്തുന്ന ഒരു മരുന്നും ഇന്നേവരെ ലോകത്ത് കണ്ടെത്തിയിട്ടില്ല. പക്ഷേ ആ രോഗം മാറ്റി നൽകാമെന്ന പേരിൽ നടക്കുന്ന കള്ളപ്രചാരങ്ങൾക്ക് ഇന്നും ഒരു കുറവുമില്ല. അത്തരമൊരു പ്രചാരണത്തിന്റെ ഫലമായി ഭൂമിയിലെ നിലനിൽപു തന്നെ ഭീഷണിയിലായ ഒരു ജീവിയുണ്ട്–ടോക്കേ ഗെക്കോ. പല്ലി വിഭാഗത്തിൽപ്പെട്ട ഈ ജീവി ഇന്ത്യയിൽ മണിപ്പുരിലും അസമിലും കാണപ്പെടുന്നുണ്ട്. ഫിലിപ്പീന്‍സ്, തായ്‌ലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളും സുലഭം. എന്നാൽ ഇവയുടെ ആവശ്യക്കാരിലേറെയും ചൈനയിൽ നിന്നാണ്. അവിടത്തെ പരമ്പരാഗത ഔഷധങ്ങളിലെ പ്രധാന ‘കൂട്ട്’ ആണ് ഉണക്കിപ്പൊടിച്ച ടോക്കേ ഗെക്കോ. ചൈനീസ് വ്യാജ ഔഷധങ്ങളിൽ വിശ്വസിക്കുന്ന പാശ്ചാത്യരും ടോക്കേയുടെ ആവശ്യക്കാരാണ്. ഇവയ്ക്കു വേണ്ടി എത്ര പണവും മുടക്കാൻ ആളുകളെത്തിയതോടെയാണ് ഐയുസിഎൻ തങ്ങളുടെ റെഡ് ലിസ്റ്റിലേക്ക് ടോക്കേ ഗെക്കോകളെയും ചേർത്തത്. നിലവിൽ വംശനാശത്തിനു സാധ്യതയുള്ള ജീവികളുടെ പട്ടികയിലാണിത്. 

Tokay Gecko

എന്നാൽ അന്ധവിശ്വാസങ്ങൾ ഇവ്വിധം തുടർന്നാൽ വൈകാതെ തന്നെ ഇവയുടെ നിലനിൽപ് ഭീഷണിയിലാകും. ‘ഗെ ജീ’ എന്നറിയപ്പെടുന്ന ചൈനീസ് മരുന്നിലെ നിർണായക ഘടകമാണ് ടോക്കേ. വൃക്കകൾ, ശ്വാസകോശം എന്നിവയുടെ ആരോഗ്യത്തിന് ടോക്കേ ഉപയോഗിച്ചുള്ള മരുന്ന് നല്ലതാണെന്നാണു വിശ്വാസം. എന്നാൽ ഇത് ഇന്നേവരെ ശാസ്ത്രീയമായി തെളിയിക്കാൻ സാധിച്ചിട്ടില്ല. അതിനിടെയാണ് 2009ലാണ് ഇവ എയ്ഡ്സിനു മരുന്നാണെന്ന പ്രചാരം വരുന്നത്. അതോടെ 2011–11 സമയത്ത് ഇവയുടെ ആവശ്യം രാജ്യാന്തര തലത്തിൽത്തന്നെ കുതിച്ചുകയറി. കരിഞ്ചന്തയിൽ ഡിമാൻഡേറി. വേട്ട വൻതോതിലായതോടെ ഇവയെ പിടികൂടുന്നത് ഫിലിപ്പീൻസ് ഉൾപ്പെടെ നിയമം മൂലം നിരോധിച്ചു. പരിസ്ഥിതി പ്രവർത്തകരുടെയും ലോകാരോഗ്യ സംഘടനയുടെയും സന്ദർഭോചിത ഇടപെടൽ കാരണം ‘എയ്ഡ്സ്’ പ്രചാരണം അധികം വൈകാതെ പത്തി താഴ്ത്തുകയും ചെയ്തു. 

എന്നാൽ നൂറിലേറെ വർഷമായി കിഴക്കനേഷ്യയിൽ ഇവയുടെ ഔഷധ ഗുണം സംബന്ധിച്ച അന്ധവിശ്വാസം നിലനിൽക്കുന്നുണ്ട്. അതിനാൽത്തന്നെ കരിഞ്ചന്തയിൽ ആവശ്യക്കാരൊട്ടും കുറഞ്ഞിട്ടുമില്ല. ദേഹത്തു മുഴുവൻ പലതരം പുള്ളിക്കുത്തുകളുണ്ട് ഗേക്കോയ്ക്ക്. ഇതിനനുസരിച്ചാണ് അവയെ തരംതിരിച്ചിരിക്കുന്നത്. നിലവിൽ തായ്‌ലൻഡ് ആണ് ടോക്കേകളുടെ പ്രധാന കച്ചവട കേന്ദ്രം. ഏറ്റവുമധികം ആവശ്യക്കാരാകട്ടെ സിംഗപ്പൂർ, ചൈന, ഹോങ്കോങ്, തായ്‌വാൻ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നും. ചില യൂറോപ്യൻ–വടക്കേ അമേരിക്കൻ രാജ്യങ്ങളിലെ ഗവേഷണ സ്ഥാപനങ്ങളും ഇവയെ വിലകൊടുത്തു വാങ്ങുന്നുണ്ടെന്നാണ് മേഖലയിലെ നിരീക്ഷകര്‍ പറയുന്നത്. 400 ഗ്രാമിൽ കൂടുതൽ ഭാരമുള്ള ടോക്കേകൾക്ക് ആറരക്കോടി രൂപ വരെ വില പറയാൻ ആളുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

Tokay Gecko

300–400 ഗ്രാം ഭാരമാണ് സാധാരണ ഇവയ്ക്കുള്ളത്. എന്നാൽ വിലയുടെ കാര്യത്തിൽ ഇന്നും പലരും കള്ളക്കടത്തുകാരുടെ കണക്കുകൾ വിശ്വസിക്കുന്നില്ല. കൂടുതൽ പേരെ ഈ ‘വേട്ട’യിലേക്ക് ആകർഷിക്കാനുള്ള തന്ത്രമായാണ് പ്രകൃതി സംരക്ഷകർ ഇതിനെ കാണുന്നത്. പലരും ഇതിലേക്ക് ആകർഷിക്കപ്പെടുന്നുണ്ടെന്നതിന് കസ്റ്റംസ് കണക്കുകൾ തന്നെ സാക്ഷ്യം– 2004ൽ തായ്‌വാൻ മാത്രം കയറ്റി അയച്ചത് ഒന്നരക്കോടി ടോക്കേകളെയാണ്. ഇന്തൊനീഷ്യയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് കയറ്റിഅയച്ച, ഉണക്കിയ 12 ലക്ഷം ടോക്കേകളെ 2011ൽ പിടിച്ചെടുത്തിരുന്നു. ഇന്നും ലോകത്തിന്റെ പല ഭാഗത്തും ഈ കടത്ത് തുടരുന്നു. ഈ ഭൗമദിനത്തിൽ ഒന്നു മാത്രമോർക്കുക– ഈ കുഞ്ഞൻ ജീവിയുമായി ബന്ധപ്പെട്ടുള്ളത് വെറും അന്ധവിശ്വാസമാണ്. അവയ്ക്കും ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്. അതില്ലാതാക്കരുത് നാം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com