ADVERTISEMENT

കടലാമകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. എല്ലാവര്‍ഷവും അവ മുട്ടയിടുന്നത് ഒരേ സ്ഥലത്തു തന്നെയായിരിക്കും. ദേശാടനം പൂര്‍ത്തിയാക്കിയെത്തുന്ന കടലാമകള്‍ മുട്ടയിടുന്ന തീരത്തേക്കാണ് മടങ്ങിയെത്തുക. ഇവിടെ താന്‍ വര്‍ഷങ്ങളായി മുട്ടയിടുന്ന മേഖല കണ്ടെത്തിയ അവിടെ മണ്ണിനടിയില്‍ മുട്ടകള്‍ നിക്ഷേപിച്ച് വീണ്ടും ദേശാടനമാരംഭിക്കും.

എന്നാൽ ഇത്തവണ പതിവുപോലെ മുട്ടയിടാന്‍ മാലിദ്വീപിലേക്കെത്തിയ ആമകള്‍ക്ക് തങ്ങളുടെ മണല്‍പ്പരപ്പു കണ്ടെത്താന്‍ കഴിഞ്ഞില്ല. പകരം കണ്ടത് വിമാനത്താവളത്തിനു വേണ്ടി നിര്‍മിച്ച റണ്‍വേയായിരുന്നു. സഹജീവികളെക്കുറിച്ച് ഓര്‍ക്കുക പോലും ചെയ്യാതെ മനുഷ്യൻ പ്രകൃതിക്കു നൽകിയ സമ്മാനം. പക്ഷേ ദയനീയത അതായിരുന്നില്ല. ഒരേ സ്ഥലത്തു തന്നെ മുട്ടയിട്ടു പരിചയമുള്ള കടലാമകള്‍ ആ ടാര്‍ നിര്‍മിതമായ റോഡില്‍ തന്നെ മുട്ടയിടാന്‍ ശ്രമിച്ചു. റോഡില്‍ കുഴി നിര്‍മിക്കാനാകാതെ വന്നതോടെ റോഡിനു മുകളില്‍ തന്നെ മുട്ടകള്‍ നിക്ഷേപിച്ചു മടങ്ങി. ഇങ്ങനെ ആയിരക്കണക്കിന് ആമകളാണ് റണ്‍വേയിലും പരിസരത്തുമായി മുട്ടയിട്ടു തിരികെ പോയത്

കടലാമകള്‍ ഇടുന്ന മുട്ടകളില്‍ ആയിരത്തില്‍ ഒന്നു മാത്രമാണു വിരിയുക. ഇതിനു പുറമെയാണ് ഇക്കുറി മണലില്‍ സുരക്ഷിതമായി മുട്ടയിടാന്‍ പോലും ആമകള്‍ക്കു കഴിയാതെ പോയത്. റണ്‍വേയില്‍ നിക്ഷേപിച്ച മുട്ടകള്‍ക്ക് എന്തു സംഭവിച്ചു എന്ന് വ്യക്തമല്ല. റണ്‍വേയില്‍ മുട്ടയിട്ട ശേഷം തിരികെ പോകാന്‍ തുടങ്ങുന്ന ആമയും സമീപം വിമാനത്താവള ജീവനക്കാരനും നില്‍ക്കുന്ന ചിത്രം ഇതിനകം തന്നെ ലോകശ്രദ്ധ നേടിക്കഴിഞ്ഞു. ആമകളെക്കുറിച്ചു ചിന്തിക്കുക പോലും ചെയ്യാതെ അവ മുട്ടയിടുന്ന പരിസ്ഥിതി ലോല പ്രദേശത്ത് റണ്‍വേ നിര്‍മ്മിച്ച നടപടി ലോകവ്യാപകമായി വിമര്‍ശനം നേരിടുകയാണ്.

ഗ്രീന്‍ സീ ടര്‍ട്ടില്‍ വിഭാഗത്തില്‍ പെട്ട ആമകള്‍ക്കാണ് ഇക്കുറി ടാറിട്ട റോഡില്‍ മുട്ടയിയേണ്ട ദുരവസ്ഥയുണ്ടായത്. മാലി ദ്വീപിലെ മാഫുറു ദ്വീപിലാണ് ഈ റണ്‍വേ നിര്‍മിച്ചത്. ലോകത്തില്‍ തന്നെ ഏറ്റവുമധികം ഗ്രീന്‍ സീ ടര്‍ട്ടിലുകള്‍ മുട്ടയിടാനെത്തുന്ന പ്രദേശമാണിത്. അതുകൊണ്ട് തന്നെ പരിസ്ഥിതി പ്രാധാന്യം കൊണ്ടു പ്രശസ്തമായ ഈ പ്രദേശത്ത് അതിനെക്കുറിച്ചറിയറിയാതെ അല്ല അധികൃതര്‍ ഈ നിര്‍മാണം നടത്തിയതെന്നും വ്യക്തം.

എന്തുകൊണ്ട് മണല്‍പ്പരപ്പില്‍ മുട്ടയിടാതെ റണ്‍വേയില്‍ ആമകള്‍ മുട്ടയിട്ടു എന്നതാണ് മറ്റൊരു കുഴയ്ക്കുന്ന ചോദ്യം. ഒരു പക്ഷേ ടാറിന്‍റെ ചൂട് മണലിന്‍റെ ചൂടായി തെറ്റിധരിച്ചതാകാം ഇതിനു കാരണമെന്നാണ് കരുതുന്നത്. മുട്ടയിട്ട ശേഷം മണല്‍ കോരിയിടുന്നത് പോലെ റോഡില്‍ ചെയ്യാനാകാത്തത് ആമയെ ആശയക്കുഴപ്പത്തിലാക്കിയിരിക്കാമെന്നും ഗവേഷകര്‍ കരുതുന്നു. റോഡ് നിര്‍മിച്ചെങ്കിലും ഇത് മുട്ടയിടാനെത്തുന്ന ആമകളുടെ എണ്ണത്തെ ഇക്കുറി ബാധിച്ചില്ലെന്നും ഗവേഷകര്‍ പറയുന്നു.

പക്ഷേ ഈ റോഡ് നിര്‍മാണം പരിസ്ഥിതിക്ക് മേല്‍ മനുഷ്യന്‍ നടത്തുന്ന കടന്നു കയറ്റത്തിന്‍റെ തെളിവായി എക്കാലവും നിലനില്‍ക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. മാഫുറു പോലുള്ള ചരിത്രപ്രസിദ്ധമായ ആമകളുടെ പ്രജനന സ്ഥലത്ത് വിമാനത്താവളവും റണ്‍വേയും നിര്‍മിച്ചത് അറിവില്ലായ്മ കൊണ്ടാണെന്നു കരുതുന്നില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. പ്രകൃതിയെ ഗൗനിക്കാനുള്ള വിവേകമില്ലായ്മയാണ് ഈ പ്രവര്‍ത്തിക്കു പിന്നിലെന്നും ഇവര്‍ ആരോപിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com