ADVERTISEMENT

വായൊന്നു പിളർന്ന് ഞൊടിയിടയി‍ൽ ഭീമനൊരു മനുഷ്യനെ അകത്താക്കി കാടിന്റെ ഇരുട്ടിലേക്കു നിശബ്ദം പിൻവാങ്ങുന്ന ഭീകരജീവിയാണു നമുക്ക് അനാക്കോണ്ട. സിനിമകളിൽ കണ്ടു ഭയന്ന ആ ഭീകര രൂപം കാണുകയെന്ന കൗതുകത്തോടെ  മൃഗശാലയിൽ എത്തുന്നവർക്കു പക്ഷേ കാണാൻ സാധിക്കുക മര്യാദരാമൻമാരായ ഏഴു പാവം അനാക്കോണ്ടകളെ. കൂട്ടിനുള്ളിലെ വെള്ളത്തിൽ മുങ്ങി സുഖിച്ചങ്ങനെ കിടക്കുകയും ഇടയ്ക്കൊന്നു തലപൊക്കി കൂട്ടത്തിലുള്ളവരെ നോക്കുകയും ചെയ്യുന്നു.

ശ്രീലങ്കയിലെ ദഹിവാല മൃഗശാലയിൽ നിന്ന് ഏഴ് അനാക്കോണ്ടകളെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത് 2014ൽ.  ഒരാണും ആറു പെണ്ണും അടങ്ങിയ  കുഞ്ഞുങ്ങളിൽ 7 കിലോ മുതൽ 800 ഗ്രാം വരെ തൂക്കമുള്ളവയുണ്ടായിരുന്നു. നാലു വയസ്സിന് അടുത്ത് പ്രായമുണ്ടായിരുന്ന ഇവയ്ക്ക് ഇപ്പോൾ പ്രായം 9 വയസ്. കൂട്ടത്തിൽ തൂക്കം കൂടുതൽ ഏഞ്ചലാ എന്ന പെൺ അനാക്കോണ്ടയ്ക്കാണ്, 95 കിലോ.  ഏക ആൺ തരി ദില്ലിനു തൂക്കം 85 കിലോ.

അരുന്ധതി, രമണി, ഗംഗ, രേണുക, റൂത്ത് എന്നിങ്ങനെയാണ് ബാക്കിയുള്ളവരുടെ പേരുകൾ. 230 കിലോ വരെ തൂക്കം കൂടുന്ന ഇവ ഇനിയും വലുതാകുമെന്നും പൂർണ വളർച്ചയെത്താൻ പത്തുവർഷത്തിലധികം വേണമെന്നും മൃഗശാലയിലെ ഡോ. അലക്സാണ്ടർ ജേക്കബ് പറയുന്നു. 

ഇവയ്ക്ക് ഭക്ഷണമായി ഗിനിപന്നി, മുയൽ, കോഴി എന്നിവയെ ജീവനോടെയാണു നൽകുന്നത്. ചതുപ്പുനിലങ്ങളിൽ കാണപ്പെടുന്ന ഇവയ്ക്ക് വെള്ളത്തിൽ കിടക്കാനാണു കൂടുതലിഷ്ടം. ചൂടുകാലത്തെ നേരിടാനായി എസി ഫാൻ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിലെ കാലാവസ്ഥ അപരിചിതമല്ല. അതിനാൽ തന്നെ കാലാവസ്ഥ സംബന്ധമായ പ്രശ്നങ്ങളൊന്നു ഇവയെ അധികമായി ബാധിക്കാറില്ലെന്നും ഡോക്ടർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com