sections
MORE

പ്രജനനം ഗണ്യമായി കുറഞ്ഞു; എംപറര്‍ പെന്‍ഗ്വിനുകള്‍ വംശനാശത്തിന്‍റെ വക്കിൽ

Emperor Penguins
SHARE

അന്‍റാര്‍ട്ടിക് മേഖലയിലെ വെഡല്‍ കടലിനു സമീപമുള്ള പ്രദേശമാണ് ഹാലെബെ. ഇവിടുത്തെ ഐസ് ബ്രണ്ട് ഷെല്‍ഫ് എംപറര്‍ പെന്‍ഗ്വിനുകളുടെ ഏറ്റവും വലിയ രണ്ടാമത്ത പ്രജനന കേന്ദ്രമാണിത്. പക്ഷെ 2016 ന് ശേഷം ഈ പ്രദേശം കാലിയാണ്. പ്രജനനത്തിനായി ഒരു എംപറര്‍ പെന്‍ഗ്വിന്‍ കൂട്ടം പോലും ഇവിടേക്കെത്തിയിട്ടില്ല. വിജനമായി കിടക്കുന്ന ഐസ് ബ്രണ്ട് ഷെല്‍ഫ് ഒരു സൂചനയാണെന്നു ഗവേഷകര്‍ പറയുന്നു. എംപറര്‍ പെന്‍ഗ്വിനുകളുടെ പ്രജനനം ഗണ്യമായി കുറയുന്നതിന്‍റെയും അവയുടെ എണ്ണം കുത്തനെ ഇടിയുന്നതിന്‍റെയും.

സാധാരണ ഗതിയില്‍ ഏകദേശം 25000 പെന്‍ഗ്വിനുകള്‍ വരെ ഹാലെബേയിലേക്കെത്തേണ്ടതാണ്. ലോകത്തുള്ള ആകെ എംപറര്‍ പെന്‍ഗ്വിനുകളുടെ 9 ശതമാനത്തോളം വരുമിത്. വെഡല്‍ സീ നീന്തിക്കടന്ന് ഈ പെന്‍ഗ്വിനുകള്‍ ഹാലെബേയിലെത്തി കൃത്യമായി പ്രജനനം നടത്തി വന്നിരുന്നതുമാണ്. പക്ഷേ 2016 ഓടെ ഇതവസാനിച്ചു. അന്‍റാര്‍ട്ടിക്കില്‍ ആകെയുണ്ടായിരുന്ന എംപറര്‍ പെന്‍ഗ്വിനുകളുടെ എണ്ണം കുറഞ്ഞതു കൂടാതെ ഹാലെബേയിലേക്കെത്തുന്ന പെന്‍ഗ്വിനുകളുടെ എണ്ണം കുറയാന്‍ മറ്റൊരു കാരണം കൂടിയുണ്ട്.

ഹാലെബേയിലെ മഞ്ഞിടിച്ചില്‍ 

2016 ഒക്ടോബറില്‍ ഉണ്ടായ ഒരു ദുരന്തമാണ് എംപറര്‍ പെന്‍ഗ്വിനുകളെ അന്‍റാര്‍ട്ടിക്കില്‍ നിന്നകറ്റാന്‍ മറ്റൊരു കാരണം. അന്ന് ആയിരക്കണക്കിനു പെന്‍ഗ്വിന്‍ കുഞ്ഞുങ്ങളാണ് ചത്തുപോയത്. നീന്താന്‍ പ്രായമാകാത്തവയാണ് മഞ്ഞിടഞ്ഞതിനൊപ്പം കടലിനടിയിലേക്കു പോയത്. ഈ സംഭവത്തോടെയാണ് എംപറര്‍ പെന്‍ഗ്വിനുകള്‍ ഏതാണ്ട് പൂര്‍ണമായും ഹാലെബേയില്‍ നിന്നകന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഹാലെബേയിലുണ്ടായ ഈ മാറ്റം സാറ്റ്‌ലെറ്റ് ദൃശ്യങ്ങളിലും വ്യക്തമാണ്. 

ഹാലെ ബേയ്ക്കു പകരം മറ്റൊരു പ്രദേശം ഈ മേഖലയിലെ എംപറര്‍ പെന്‍ഗ്വിന്‍ കൂട്ടം കണ്ടെത്തിയിരുന്നു. ചെറിയ തോതില്‍ മാത്രം പ്രജനനം നടന്നിരുന്ന ഡോവ്സണ്‍ ലാംബ്ടണ്‍ എന്ന പ്രദേശത്തേക്കാണ് ഈ സംഘം കുടിയേറിയത്. പക്ഷേ സീലുകള്‍ ഉള്‍പ്പടെയുള്ള വേട്ടക്കാരായ ജീവികളുടെ സാന്നിധ്യം നിമിത്തം ഈ പ്രദേശത്തെ പ്രജനനം ഹാലെബേയുടെ അത്ര സുരക്ഷിതമല്ല. അതുകൊണ്ട് തന്നെ പ്രജനന കാലം കഴിയുമ്പോള്‍ ശേഷിക്കുന്ന പെന്‍ഗ്വിന്‍ കുട്ടികളുടെ എണ്ണം കുറവാണ്. അതുകൊണ്ട് തന്നെ 2018 ലെ തീരെ ചെറിയൊരു പെന്‍ഗ്വിന്‍ സംഘം ഹാലെബേയിലേക്ക് തിരികെയെത്തിയിരുന്നു. പക്ഷേ ഇവിടെയും ജനിച്ച കുട്ടികളില്‍ ഏറെയും ചത്തുപോയതോടെ പ്രജനനം അത്ര വിജയമായിരുന്നില്ല.

513253942

എംപറര്‍ പെന്‍ഗ്വിനുകളുടെ എണ്ണത്തില്‍ ഏതാനും വര്‍ഷത്തിനിടെയുണ്ടായ ഗണ്യമായ കുറവ് ശ്രദ്ധിച്ചതോടെയാണ് ബ്രിട്ടിഷ് അന്‍റാര്‍ട്ടിക് സര്‍വേയിലെ ഗവേഷകര്‍ കാരണം അന്വേഷിച്ചിറങ്ങിയത്. ഈ അന്വേഷണത്തിലാണ് എംപറര്‍ പെന്‍ഗ്വിനുകള്‍ പ്രജനനത്തിനു നേരിടുന്ന പ്രശ്നങ്ങളും ഹാലെബേയിലെ മഞ്ഞുപാളിയിലുണ്ടായ ദുരന്തവുമെല്ലാം കണ്ടെത്തിയത്. നേരിട്ടല്ലെങ്കിലും മനുഷ്യര്‍ക്ക് എംപറര്‍ പെന്‍ഗ്വിനുകള്‍ നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധിയില്‍ പങ്കുണ്ട്. ഇതിനുദാഹരണമാണ് ആഗോളതാപനത്തിന്‍റെ ഫലമായുണ്ടായ മഞ്ഞുരുകല്‍ മൂലം സംഭവിച്ച ഹാലെബേയിലെ ദുരന്തം.

2015 ലെ എല്‍ നിനോ

പത്ത് വര്‍ഷമായി ഹൈ റെസല്യൂഷന്‍ സാറ്റ്‌ലെറ്റ് ക്യമാറകള്‍ ഉപയോഗിച്ച് ബ്രിട്ടിഷ് അന്‍റാര്‍ട്ടിക് സര്‍വേ ഗവേഷകര്‍ അന്‍റാര്‍ട്ടിക്കിനെയും അന്‍റാര്‍ട്ടിക്കിലെ ജീവികളെയും നിരീക്ഷിക്കുന്നുണ്ട്. ഈ ക്യമാറകളില്‍ നിന്നുള്ള ദൃശ്യമാണ് പെന്‍ഗ്വിനുകളുടെ എണ്ണക്കുറവിലേക്കു നയിച്ച വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ദുരന്തം അടക്കം ഗവേഷകര്‍ അറിയാനിടയായത്. ഹാലെബേയിലെ പ്രജനനത്തിലുണ്ടായ കുറവ് സാറ്റ്‌ലെറ്റ് ദൃശ്യങ്ങളിലൂടെ വെറുതെ കണ്ണോടിച്ചാല്‍ തന്നെ അറിയാന്‍ കഴിയും.

സാറ്റ്‌ലെറ്റ് ദൃശ്യങ്ങലളിലൂടെ ഓരോ പെന്‍ഗ്വിനുകളെയായി പോലും നിരീക്ഷിക്കാന്‍ സാധിക്കുമെന്ന് ' ബാസ് ' ഗവേഷക സംഘത്തിന്‍റെ തലവനായ പീറ്റര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനവും അന്‍റാര്‍ട്ടിക്കിലെ താപനിലയിലുണ്ടാകുന്ന മാറ്റങ്ങളും എംപറര്‍ പെന്‍ഗ്വിനുകളെ പ്രതിസന്ധിയിലാക്കിയിരിക്കാമെന്നാണ് പീറ്റര്‍ കരുതുന്നത്. 2015 -16 കാലഘട്ടത്തിലുണ്ടായ ശക്തമായ എല്‍ നിനോയും അന്‍റാര്‍ട്ടിക്കിലെ ജൈവവ്യവസ്ഥയ്ക്കു സാരമായ ആഘാതം ഏല്‍പിച്ചിട്ടുണ്ടെന്നാണു ഗവേഷകര്‍ കരുതുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA