20 ലക്ഷം കാട്ടുപൂച്ചകളെ കൊന്നൊടുക്കും; ഓസ്ട്രേലിയയുടെ കടുത്ത തീരുമാനത്തിനു പിന്നില്‍?

HIGHLIGHTS
  • കാട്ടുപൂച്ചകളായാലും വളര്‍ത്തു പൂച്ചകളായാലും അവ ഓസ്ട്രേലിയയുടെ തദ്ദേശീയ ജീവികളല്ല
  • ഈ പൂച്ചകള്‍ ദിവസേന കൊല്ലുന്നത് ഏതാണ്ട് 14 ലക്ഷം പക്ഷികളെയാണ്
cat
SHARE

ഓസ്ട്രേലിയ അസാധാരണമായ ഒരു യുദ്ധത്തിന് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഒരു പക്ഷേ സമീപകാലത്ത് ഈ രാജ്യം കണ്ട ഏറ്റവും വലിയ പൊതുശത്രുവിനെതിരെ. ആ പൊതുശത്രു മറ്റാരുമല്ല. ലക്ഷക്കണക്കിനു വരുന്ന കാട്ടുപൂച്ചകളാണ്. 2020 ആകുമ്പോഴേയ്ക്കും 20 ലക്ഷം കാട്ടുപൂച്ചകളെയെങ്കിലും കൊന്നു കളയാനാണ് ഓസ്ട്രേലിയയുടെ തീരുമാനം. ഓസ്ട്രേലിയയിലെ കാട്ടുപൂച്ചകളുടെ കണക്കെടുത്താല്‍ അതില്‍ വലിയൊരു പങ്കുവരും ഇത്. ആകെ 30 മുതല്‍ 60 ലക്ഷം വരെ കാട്ടുപൂച്ചകള്‍ ഓസ്ട്രേലിയയില്‍ ഉണ്ടെന്നാണു കണക്കാക്കുന്നത്.

ഓസ്ട്രേലിയയിലെ ചില സംസ്ഥാനങ്ങള്‍ കാട്ടുപൂച്ചകളെ കൊന്നു തെളിവ് കൊണ്ടുവരുന്നവര്‍ക്ക് സമ്മാനം പോലും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു തോലിന് 10 ഡോളര്‍ എന്ന നിരക്കിലാണ് വേട്ടക്കാര്‍ക്ക് വടക്കുകിഴക്കന്‍ സംസ്ഥാനമായ ക്യൂന്‍സ്‌ലന്‍ഡ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരം പ്രഖ്യാപനങ്ങള്‍ക്കെതിരെ ജീവികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പെറ്റ പോലുള്ള സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഓസ്ട്രേലിയ മാത്രമല്ല സമീപ രാജ്യമായ ന്യൂസീലന്‍ഡും ഇതേ പ്രതിസന്ധിയിലാണ്. ന്യൂസീലന്‍ഡും പൂച്ചകളെ ഒഴിവാക്കാനുള്ള വിവിധ പദ്ധതികള്‍ ആലോചിച്ചു വരികയാണ്. 

കാട്ടുപൂച്ചകളെ കൊല്ലാന്‍ കാരണം?

cat

എന്തുകൊണ്ടാണ് പരിസ്ഥിതി, സഹജീവി സംരക്ഷണത്തില്‍ ശ്രദ്ധേയമായ നിലപാടുകള്‍ എടുത്തിട്ടുള്ള ഓസ്ട്രേലിയ കാട്ടുപൂച്ചകളെ കൊന്നൊടുക്കാന്‍ തീരുമാനിച്ചതെന്നത് ശ്രദ്ധേയമായ ചോദ്യമാണ്. കാട്ടുപൂച്ചകള്‍ എന്ന് പൊതുവെ പറയുന്നുണ്ടെങ്കിലും ഇവയില്‍ പണ്ട് വളര്‍ത്തു പൂച്ചകളായിരുന്നവയുടെ പിന്‍തലമുറക്കാരും ഉള്‍പെടും. കാട്ടുപൂച്ചകളായാലും വളര്‍ത്തു പൂച്ചകളായാലും അവ ഓസ്ട്രേലിയയുടെ തദ്ദേശീയ ജീവികളല്ല. ഇപ്പോള്‍ ഓസ്ട്രേലിയയിലെ ജൈവ സമ്പദ്‌വ്യവസ്ഥയ്ക്കു തന്നെ വലിയ ഭീഷണിയിയായി മാറിയ ഈ കാട്ടുപൂച്ചകള്‍ പതിനേഴാം നൂറ്റാണ്ടിലാണ് ഇവിടേക്കെത്തിയതെന്നാണു കരുതുന്നത്.

കാട്ടുപൂച്ചകള്‍ ഓസ്ട്രേലിയയിലെ ജൈവവ്യവസ്ഥയിലുണ്ടാക്കിയ ആഘാതത്തിനു തെളിവാണ് ബുറോവിങ് ബെറ്റോങ്ങ് എന്ന ജീവി. ഒരു കാലത്ത് ഓസ്ട്രേലിയയുടെ എല്ലാ മേഖലയും കാണപ്പെട്ടിരുന്നു എലി വിഭാഗത്തില്‍പെട്ട ഈ ജീവി ഇന്ന് ഒറ്റപ്പെട്ട കംഗാരു ദ്വീപില്‍ മാത്രമാണുള്ളത്. മറ്റെല്ലാ മേഖലയിലും ഈ ജീവികള്‍ക്ക് വംശനാശം സംഭവിച്ചു കഴിഞ്ഞു. ഇതിനു കാരണം കാട്ടുപൂച്ചകളുടെ വേട്ടയാണ്. ഈ ജീവികളെ മാത്രമല്ല യൂറോപ്യന്‍ അധിനിവേശക്കാര്‍ എത്തിച്ച ഈ അധിനിവേശ ജീവി ഇതുവരെ ഓസ്ട്രേലിയയിലെ ഏതാണ്ട് 20 ഇനം ജീവികളുടെ വംശനാശത്തിനിടയാക്കിയെന്നാണു കരുതുന്നത്. 

മറ്റ് വന്‍കരകളുമായി ഒരു തരത്തിലും ബന്ധമില്ലാതെ കിടക്കുന്ന മേഖലയാണ് ഓസ്ട്രേലിയ. അതുകൊണ്ട് തന്നെ ഓസ്ട്രേലിയയിലെ സസ്തനകളിൽ 80 ശതമാനത്തെയും പക്ഷികളില്‍ 45 ശതമാനത്തെയും ലോകത്തു മറ്റെവിടെയും കാണനാകില്ല. ഈ സസ്തനികളില്‍ ഭൂരിഭാഗവും എലികളെ പോലുള്ള ചെറുജീവികളാണ്. ഇവയും നിരവധിയിനം പക്ഷികളും കാട്ടുപൂച്ചകളുടെ പ്രധാന ഇരകളായിരുന്നു. കാര്യമായ ശത്രുക്കളില്ലാതെ കാട്ടുപൂച്ചകള്‍ പെറ്റുപെരുകാന്‍ തുടങ്ങിയതോടെയാണ് ഓസ്ട്രേലിയയുടെ അമൂല്യമായ ജൈവവ്യവസ്ഥയ്ക്ക് ഇവ സാരമായ ഭീഷണിയായി മാറിയത്.

ദിവസേന കൊല്ലുന്നത് ലക്ഷക്കണക്കിനു ജീവികളെ

cat

20 ലക്ഷം പൂച്ചകളെ കൊല്ലുന്ന കാര്യം ഓസ്ട്രേലിയ ചിന്തിക്കുന്നത് കേള്‍ക്കുമ്പോള്‍ ആദ്യം ആശങ്ക തോന്നുമെങ്കിലും മറ്റുചില കണക്കുകള്‍ കേട്ടാല്‍ ഈ തീരുമാനം ശരിയാണോയെന്ന് ഏതു മൃഗസ്നേഹിയും ചിന്തിച്ചുപോകും. കാരണം ഈ പൂച്ചകള്‍ ദിവസേന കൊല്ലുന്നത് ഏതാണ്ട് 14 ലക്ഷം പക്ഷികളെയാണ്. ഒപ്പം 17 ലക്ഷം ഇഴജന്തുക്കളെയും. ഓസ്ട്രേലിയയുടെ ഒദ്യോഗിക പാരിസ്ഥിതിക ഏജന്‍സിയുടെ കണക്കാണിത്. ഇവയെ കൂടാതെ മുയലുകള്‍ ഉള്‍പ്പടെയുള്ള സസ്തനികളും പൂച്ചകള്‍ മൂലം ദിവസേന കൊല്ലപ്പെടുന്നുണ്ട്. 

ഈ കണക്കുകളെല്ലാം ചൂണ്ടിക്കാണിച്ചാണ് ഓസ്ട്രേലിയുടെ പരിസ്ഥിതിവകുപ്പ് പൂച്ചകളെ കൂട്ടത്തോടെ കൊല്ലാനുള്ള പദ്ധതി വിശദീകരിക്കുന്നത്. പൂച്ചകള്‍ ജൈവവൈവിധ്യത്തിനുണ്ടാക്കുന്ന ഈ നാശനഷ്ടങ്ങള്‍ തന്നെയാണ് ഇവയെ കൊല്ലാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതെന്നു പരിസ്ഥിതി വകുപ്പ് വക്താവ് ആന്‍ഡ്രൂസ് പറയുന്നു. അല്ലാതെ പൂച്ചകളോടുള്ള വെറുപ്പു മൂലമോ, പൂച്ചകളെ കൊല്ലുന്നത് മൂലമുള്ള സന്തോഷം കൊണ്ടോ അല്ലെന്നും ആന്‍ഡ്രൂസ് വ്യക്തമാക്കുന്നു.

എതിര്‍പ്പുകള്‍

cat

ഏതാനും ചില പരിസ്ഥിതി സംഘടനകള്‍ അല്ലാതെ മറ്റാരും ഓസ്ട്രേലിയന്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടില്ല. പക്ഷെ 5 വര്‍ഷങ്ങൾക്ക് മുന്‍പ് പ്രഖ്യാപിച്ച പദ്ധതി ഇതുവരെ നടപ്പാക്കാനായിട്ടില്ല. 50 ലക്ഷം ഡോളറാണ് ഈ പദ്ധതിക്കു വേണ്ടി ഓസ്ട്രേലിയ മാറ്റി വച്ചിട്ടുള്ളത്. പക്ഷേ അന്ന് എത്ര കാട്ടുപൂച്ചകള്‍ ഓസ്ട്രേലിയയില്‍ ഉണ്ടെന്നു വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. ഇപ്പോള്‍ഏകദേശ ധാരണ ഓസ്ട്രേലിയന്‍ പരിസ്ഥിതി വകുപ്പിനുണ്ടെങ്കിലും ചില ഗവേഷകരെങ്കിലും ഇതിനെ എതിര്‍ക്കുന്നുണ്ട്. 

ഇപ്പോഴത്തെ കണക്കുകള്‍ യഥാർഥത്തിലുള്ളതിലും ഊതിപ്പെരുപ്പിച്ചതാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഇത്രയധികം പൂച്ചകളെ കൊല്ലേണ്ടതില്ലെന്നും ഇവര്‍ പറയുന്നു. 2020 ഒരു അന്തിമ ലക്ഷ്യമായി വയ്ക്കാതെ ഘട്ടം ഘട്ടമായി വേണം കാട്ടുപൂച്ചകളുടെ സംഖ്യ നിയന്ത്രിക്കാനെന്നും ഇവര്‍ വിശ്വസിക്കുന്നു. പക്ഷേ കാട്ടുപൂച്ചകളുടെ അതിക്രമം ജൈവവൈവിധ്യത്തിനും മനുഷ്യ ജീവിതത്തിനും ഒരു പോലെ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഇനിയും നടപടി വൈകിക്കേണ്ടതില്ലെന്നാണ് ഓസ്ട്രേലിയയുടെ തീരുമാനം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA