sections
MORE

അധോലോക വെടിവയ്പിൽ കാഴ്ച പോയി, പാമ്പുകടിയേറ്റു, ഒടുവിൽ തട്ടിക്കൊണ്ടും പോയി; അദ്ഭുതം ഈ അതിജീവനം!

HIGHLIGHTS
  • മരണത്തിന്റെ വായിലെത്തിയ ശേഷം ഫ്രഡ്ഡി ജീവിതത്തിലേക്കു തിരിച്ചെത്തിയത് 3 തവണ
  • വെടിവയ്പിൽ ഇടതു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടു
Parrot
SHARE

ലോകത്ത് ഒരു തത്തയെ നായകനാക്കി ആക്ഷന്‍ സിനിമ എടുക്കണമെങ്കില്‍ നിസ്സംശയം അതിനു വേണ്ടി ഫ്രെഡ്ഡി എന്ന തത്തയുടെ ജീവിത കഥ തിരഞ്ഞെടുക്കാം. കാരണം ഫ്രഡ്ഡി ക്രൂഗറിന്‍റെ ജീവിതം ഒരു സിനിമയ്ക്കു വേണ്ട ചേരുവകളെല്ലാം ഉള്‍പ്പെട്ടതാണ്. മൂന്ന് തവണയാണ് പല കാരണങ്ങളാല്‍ മരണത്തിന്റെ വായിലെത്തിയ ശേഷം ഫ്രഡ്ഡി ജീവിതത്തിലേക്കു തിരിച്ചെത്തിയത്.  ഏറ്റവുമൊടുവില്‍ തട്ടിക്കൊണ്ട് പോയതിന്‍റെ പേരിലാണ് ഫ്രഡ്ഡി ക്രൂഗര്‍ എന്ന ആമസോണ്‍ പാരറ്റ് വിഭാഗത്തില്‍ പെട്ട തത്ത ബ്രസീലിലെ മാധ്യമങ്ങളുടെയും ചില ലോകമാധ്യമങ്ങളുടെയും തലക്കെട്ടില്‍ ഇടം പിടിച്ചത്. 

പൊലീസ് വെടിവയ്പ് അതിജീവിച്ച കഥ

തുടക്കം തന്നെ അല്‍പം അധോലോക ബന്ധമൊക്കെ ഈ കഥയ്ക്കുണ്ട്. കാരണം ഫ്രെഡ്ഡിയുടെ ആദ്യ ഉടമ ഒരു ഗ്യാങ്സ്റ്റര്‍ ആയിരുന്നു, കള്ളക്കടത്തുകാരനും റൗഡിയുമായ ഇയാളുടെ വീട്ടില്‍ പൊലീസ് വെടിവയ്പ് നടത്തിയപ്പോഴാണ് ഫ്രെഡി ആദ്യം മരണത്തെ മുഖാമുഖം കാണുന്നത്. ഒരു പൊലീസ് വെടിവയ്പില്‍ അകപ്പെട്ട തത്ത രക്ഷപ്പെടുകയെന്നത് അത്ര അദ്ഭുതകരമായ കാര്യമല്ല. പക്ഷേ വെടിയുണ്ട ദേഹത്തു കൊണ്ട് പരിക്കേറ്റിട്ടും മരണത്തോടു പോരാടി ഫ്രെഡി ജീവിതത്തിലേക്കു തിരികെയെത്തി എന്നതിലാണ് കൗതുകം. 

വെടിവയ്പിനിടയില്‍ വെടിയുണ്ട കൊണ്ട് ഫ്രെഡ്ഡിയുടെ കണ്ണുകള്‍ക്കിടയിലുള്ള തൂവലുകള്‍ കരിഞ്ഞു പോയി. കൂടാതെ ഫ്രെഡ്ഡിയുടെ ഇടതു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. നാല് വര്‍ഷം മുന്‍പാണ് ഇതു സംഭവിച്ചത്. തുടര്‍ന്ന് പൊലീസുകാര്‍ തന്നെയാണ് ഫ്രെഡ്ഡിയെ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്ന് രക്ഷിച്ചതും മൃഗാശുപത്രിയില്‍ എത്തിച്ചു വേണ്ട ചികത്സ നല്‍കിയതും. സംസാരിക്കാന്‍ കഴിവുള്ള ഫ്രെഡ്ഡിയെ മുന്നറിയിപ്പുകള്‍ നല്‍കാനാണ് കള്ളക്കടത്തുകാര്‍ ഉപയോഗിച്ചിരുന്നതെന്നാണു കണക്കാക്കുന്നത്.

പാമ്പിന്‍റെ കടി

കസാകവെല്‍ മുന്‍സിപ്പല്‍ മൃഗശാലയാണ് തുടര്‍ന്ന് ഫ്രെഡിയുടെ പരിചരണം ഏറ്റെടുത്തത്. മൃഗശാലയില്‍ മറ്റു പക്ഷികള്‍ക്കൊപ്പം ഫ്രെഡ്ഡിയും സ്വസ്ഥമായ ജീവിതമാരംഭിച്ചു. കണ്ണിന്‍റെ കാഴ്ചക്കുറവ് ആദ്യ കാലങ്ങളില്‍ മറ്റു പക്ഷികളുമായി ഫ്രെഡ്ഡി പ്രശ്നങ്ങളുണ്ടാക്കാന്‍ കാരണമായെങ്കിലും വൈകാതെ എല്ലാവരുമായി രമ്യതയിലാണ് കഴിഞ്ഞിരുന്നത്. കാഴ്ചക്കുറവ് ഫ്രെഡിയുടെ ഭക്ഷണത്തെയും ബാധിച്ചു. കടല പോലുള്ള വസ്തുക്കള്‍ കൊത്തിയെടുക്കാനുള്ള വിഷമം മൂലം പിന്നീടങ്ങോട്ട് പഴം മാത്രമായിരുന്നു ഭക്ഷണം.

ഇതിനിടെയാണ് ഫ്രെഡിയ്ക്ക് പാമ്പു കടിയേല്‍ക്കുന്നത്. കൂട്ടിനകത്ത് എങ്ങനെയോ കയറിപ്പറ്റിയ പാമ്പ് ഫ്രെഡ്‍ഡിയെയും മറ്റു പക്ഷികളെയും ആക്രമിക്കുകയായിരുന്നു. ഫ്രെഡ്ഡി ഉള്‍പ്പെടെ മൂന്ന് പക്ഷികള്‍ക്ക് കടിയേറ്റു. മറ്റ് രണ്ട് പക്ഷികളും ചോര വാര്‍ന്നു മരിച്ചെങ്കിലും ഫ്രെഡ്ഡി രക്ഷപെട്ടു. പാമ്പിനു വിഷമില്ലാതിരുന്നതും ഫ്രെഡ്ഡിക്കു തുണയായി. ചോര വാര്‍ന്നു പോയെങ്കിലും ഫ്രെഡ്ഡി മരണത്തിനു കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. രാത്രിയില്‍ പാമ്പു കടിയേറ്റ ശേഷം രാവിലെയാണ് മൃഗശാല അധികൃതര്‍ ഫ്രെഡ്ഡിയെ അവശ നിലയില്‍ കണ്ടെത്തിയത്. ഏതായാലും കൃത്യമായ ചികിത്സ ലഭിച്ചതോടെ ഫ്രെഡി വീണ്ടും മരണത്തെ അതിജീവിച്ചു.

തട്ടിക്കൊണ്ട് പോകല്‍

ഏതാണ്ട്  ഒരാഴ്ച മുന്‍പാണ് ഫ്രെഡ്ഡി നേരിട്ട അവസാന പരീക്ഷണം. ഏതാനും പേര്‍ ഫ്രെഡ്ഡിയെ മൃഗശാലയില്‍ നിന്നു മോഷ്ടിച്ചു കൊണ്ടു പോയി. ഫ്രെഡ്ഡി ഉള്‍പ്പെടെ 7 തത്തകളെയാണ് ഇവര്‍ കൊണ്ടുപോയത്. ഫ്രെഡ്ഡിയുടെ ഇനത്തില്‍ പെട്ട മുഖത്ത് നീല പൊട്ടുകളുള്ള തത്തകളായിരുന്നു മോഷ്ടിക്കപ്പെട്ടവയെല്ലാം. ഇവ വളര്‍ത്തു പക്ഷികള്‍ എന്ന നിലയില്‍ ലോകമെമ്പാടും തന്നെ വ്യാപകമായി വന്‍ വിലയ്ക്കു വിറ്റു പോകുന്നുണ്ട്.

എന്നാല്‍ ഫ്രെഡ്ഡി ഈ പ്രതിസന്ധിയെയും അതിജീവിച്ചു. തട്ടിക്കൊണ്ടു പോയി മൂന്നാം ദിവസം ഫ്രെഡ്ഡി മൃഗശാലയില്‍ തിരിച്ചെത്തി. മേല്‍ക്കൂരയില്‍ ഇരിക്കുന്ന നിലയിലാണ് ഫ്രെഡ്ഡിയെ കണ്ടെത്തിയത്. ഒരു പക്ഷേ അന്ധനായ പക്ഷിക്ക് വില ലഭിക്കില്ല എന്നതിനാല്‍ തട്ടിക്കൊണ്ടു പോയവര്‍ തന്നെ ഉപേക്ഷിച്ചു പോയതാകാം എന്നാണു കരുതുന്നത്.

ഏതായാലും ഒരു പക്ഷേ ലോകത്തെ ഒരു തത്തയും കടന്നു പോയിട്ടില്ലാത്ത വെല്ലുവിളികളിലൂടെ കടന്നു പോയ ഫ്രെഡ്ഡി ഇപ്പോള്‍ സാകവെല്‍ മൃഗശാലയില്‍ വിശ്രമത്തിലാണ്. പുതിയ വെല്ലുവിളി ജീവിതത്തിലേക്കു കടന്നു വരുന്നതും കാത്ത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA