sections
MORE

കഴുത്തിൽ ഘടിപ്പിച്ച ബെൽറ്റുമായി നോര്‍വേ തീരത്തെത്തിയ ബലൂഗ തിമിംഗലം റഷ്യന്‍ ചാരനോ?

Whale with mysterious harness
Image Credit: Jorgen Ree Wiig / Norwegian Directorate of Fisheries ,Sea Surveillance Service
SHARE

കഴിഞ്ഞ ആഴ്ചയാണ് കിഴക്കന്‍ നോര്‍വെയിലെ ഫിന്‍മാര്‍ക്കില്‍ അസാധാരണ രൂപത്തിലുള്ള ഒരു തിമിംഗലമെത്തിയത്. മത്സ്യബന്ധന ബോട്ടിനരികിലേക്കെത്തിയ തിമിംഗലത്തിന്‍റെ ചിത്രങ്ങള്‍ ബോട്ടിലുണ്ടായിരുന്നവര്‍ പകര്‍ത്തി. പതിവില്‍ കൂടുതല്‍ വെളുത്ത നിറത്തില്‍ കാണപ്പെട്ട തിമിംഗലത്തിന്‍റെ കഴുത്തില്‍ ഒരു ബെല്‍റ്റും അതില്‍ ഘടിപ്പിച്ച തിരിച്ചറിയാന്‍ കഴിയാത്ത ഒരു വസ്തുവും ഉണ്ടായിരുന്നു. മിലിട്ടറി പരിശീലനം ലഭിച്ച  തിമിംഗലമായിരിക്കാം ഇതെന്നും ചാരപ്രവര്‍ത്തിക്കായി റഷ്യ ഇത്തരം തിമിംഗലങ്ങളെ ഉപയോഗിക്കാറുണ്ടെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.

വല കടലില്‍ വിരിക്കാന്‍ ഒരുങ്ങുമ്പോഴാണ് രണ്ട് ബോട്ടുകളുടെ മധ്യത്തിലേക്ക് ഈ തിമിംഗലം എത്തിയതെന്ന് ബോട്ടിലുണ്ടായിരുന്നവര്‍ വിശദീകരിക്കുന്നു. തിമിംഗലങ്ങളെ ഈ പ്രദേശത്തു കാണാറുണ്ടെങ്കിലും ഒരു ജീവി ഇത്രയധികം ബോട്ടിനടുത്തേക്കു വരുന്നത് ആദ്യമായിട്ടാണെന്ന് മത്സ്യത്തൊഴിലാളികളില്‍ ഒരാളായ ജോവര്‍ ഹെസ്റ്റണ്‍ പറയുന്നു. ഇത്രയധികം അടുത്തു വന്നതിനാലാണ് തങ്ങള്‍ കണ്ടതെന്നും സാധാരണ തിമിംഗലമല്ലെന്നു തിരിച്ചറിയാന്‍ സാധിച്ചതെന്നും ജോവര്‍ വിശദീകരിക്കുന്നു.

ചാരപ്രവര്‍ത്തിയോ  അതോ രക്ഷപെട്ടെത്തിയതോ?

Whale with mysterious harness
Image Credit: Jorgen Ree Wiig / Norwegian Directorate of Fisheries ,Sea Surveillance Service

ഹെസ്റ്റണും സംഘവും ഈ തിമിംഗലത്തെ കണ്ടതിനു ശേഷം പലരും ഇതിനു സമാനമായ അനുഭവങ്ങള്‍ ഉണ്ടായതായി പറഞ്ഞു. എപ്പോഴും ബോട്ടുകള്‍ കണ്ടാല്‍ അടുത്തേക്കു വന്നു പരിശോധിക്കുന്നതു പോലെ പെരുമാറുന്ന ഒരു തിമിംഗലത്തെക്കുറിച്ചാണ് പലര്‍ക്കും വിവരിക്കാനുണ്ടായിരുന്നത്. അതേസമയം തങ്ങളുടെ സമീപത്തെത്തിയ തിമിംഗലത്തിന്‍റെ കഴുത്തില്‍ ഘടിപ്പിച്ചിരുന്ന ബെല്‍റ്റ് ഹെസ്റ്റണും സംഘവും ഊരിയെടുത്തു. ഇത് നോര്‍വെയിലെ പ്രതിരോധ വിഭാഗത്തിനു പരിശോധനയ്ക്കു വേണ്ടി ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നും ഹെസ്റ്റണ്‍ വ്യക്തമാക്കി. സെന്‍റ് പീറ്റേഴ്സ് ബര്‍ഗ് എന്ന് ബെല്‍റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഹെസ്റ്റണ്‍ കണ്ടെത്തി. 

അതേസമയം ഈ തിമിംഗലങ്ങള്‍ ചാരന്‍മാരായിരിക്കില്ലെന്നും നോര്‍വേയില്‍ നിന്ന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന റഷ്യയുടെ മുര്‍മാന്‍സ്ക് നേവല്‍ ബേസില്‍ നിന്നു രക്ഷപെട്ടെത്തിയതാകാമെന്നും മറ്റു ചിലര്‍ വിശദീകരിക്കുന്നു. റഷ്യന്‍ നേവി തിമിംഗലങ്ങളെ പരിശീലിപ്പിച്ചു സേനയുടെ ഭാഗമാക്കാറുണ്ട്. എന്നാല്‍ ഇവ മിക്കപ്പോഴും മുങ്ങിക്കപ്പലുകള്‍ക്കൊപ്പമാണ് സഞ്ചരിക്കാറുള്ളത്. റഷ്യന്‍ മുങ്ങിക്കപ്പലുകളൊന്നും തന്നെ നോര്‍വേക്ക് സമീപത്തേക്കെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ തിമിംഗലം രക്ഷപെട്ടെത്തിയതാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് ചില ഗവേഷകര്‍ വിശദീകരിക്കുന്നു.

ഇത്തരം തിമിംഗലങ്ങള്‍ക്ക് ബോട്ടിലെത്തിയാണ് ഭക്ഷണം നല്‍കുന്നത്. അതുകൊണ്ട് തന്നെ സമാനമായ രീതിയില്‍ ഭക്ഷണം പ്രതീക്ഷിച്ചായിരിക്കാം തിമിംഗലം ബോട്ടിനരികത്തേക്കെത്തിയത്. മനുഷ്യരുമായി ഇടപഴകി വളര്‍ന്നതു കൊണ്ട് ബോട്ടിലുള്ളവരോട് തിമിംഗലത്തിന് അപരിചിതത്വവും തോന്നിയിരിക്കില്ല.

കാവല്‍ക്കാരായി തിമിംഗലങ്ങളും സീലുകളും.

നേവല്‍ബേസിനും മുങ്ങിക്കപ്പലുകള്‍ക്കും കാവല്‍ക്കാരായി തിമിംഗലങ്ങളെയും സീലുകളെയും ഉപയോഗിക്കുന്നു എന്ന ആരോപണം റഷ്യ ഏറെനാളായി നേരിടുന്നുണ്ട്. തങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ തക്ക പരിശീലനം ഈ ജീവികള്‍ക്ക് റഷ്യ നല്‍കുന്നുണ്ടെന്ന് ഗ്രീന്‍പീസും കുറ്റപ്പെടുത്തിയിരുന്നു. നിശ്ചിത പരിധിക്കുള്ളില്‍ കടന്നു ചെല്ലുന്നവരെ കടിച്ചു കീറാന്‍ പോലും തിമിംഗലങ്ങളും സീലുകളും മടിക്കില്ല. അതേസമയം അതിര്‍ത്തി കാവലില്‍ ബലൂഗ തിമിംഗലങ്ങള്‍ സീലുകളുടെ അത്ര ശോഭിക്കുന്നവരല്ലെന്നും വിദഗ്ധര്‍ പറയുന്നു. 

റഷ്യ തിമിംഗലങ്ങളെ പിടികൂടി പരിശീലിപ്പിക്കുന്നതായി മുന്‍പേ തന്നെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇവ ബോട്ടുകളും മറ്റും പരിശോധിയ്ക്കുന്ന അനുഭവം തനിയ്ക്കും ഉണ്ടായിട്ടുണ്ടെന്ന് ഗവേഷകനായ റിക്കാര്‍ഡ്സണ്‍ വിശദീകരിക്കുന്നു. അതേസമയം ഈ തിമിംഗലങ്ങളെ റഷ്യ അയച്ചതാണെന്നോ അല്ലെന്നോ എന്ന് തീര്‍ത്തു പറയാനാകില്ല. തിമിംഗലങ്ങളെ ആര്‍ട്ടിക് സമുദ്രത്തില്‍ നിരീക്ഷണത്തിനയയ്ക്കുന്ന പതിവ് റഷ്യയ്ക്കുണ്ട്. കൂടാതെ തിമിംഗലങ്ങള്‍ രക്ഷപെട്ടു പോരാനും സാധ്യതയുണ്ട്. അതിനാല്‍ തന്ന ഇപ്പോള്‍ കണ്ടെത്തിയ തിമിംഗലം ഇവയിലേതാണെന്നു തിരിച്ചറിയുക അത്ര എളുപ്പമാകില്ലെന്നും റിക്കാര്‍ഡ്സണ്‍ പറയുന്നു.

റഷ്യ മാത്രമല്ല അമേരിക്കയും മുന്‍പ് കടല്‍ജീവികള്‍ക്ക് പരിശീലനം നല്‍കി ചാരന്‍മാരായും കാവലിനായും ഉപയോഗിച്ചിരുന്നു. അമേരിക്കന്‍ നേവിക്ക് സാന്‍ഡിയാഗോയില്‍ ഇതിനായി ഒരു പരിശീലന കേന്ദ്രം പോലും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഈ കേന്ദ്രം അടച്ചു പൂട്ടി. കടല്‍ജീവികളെ നേവിയുടെ ഭാഗമായി ഉപയോഗിക്കുന്നത് അവസാനിപ്പിച്ചതായും പ്രഖ്യാപിച്ചു. എന്നാല്‍ അമേരിക്കയും രഹസ്യമായി ഇപ്പോഴും തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയും മറ്റും ചാരപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് ചില പരിസ്ഥിതി പ്രവര്‍ത്തകരെങ്കിലും വിശ്വസിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA