sections
MORE

ഭിടാർകനികയില്‍ കണ്ടെത്തിയത് 35 മുതലക്കൂടുകൾ; പാമ്പുകൾക്കും മുതലകള്‍ക്കും ഇത് പ്രജനന കാലം!

crocodile
SHARE

ഇന്ത്യയില്‍ കായല്‍ മുതലകള്‍ ഏറ്റവുമധികം കാണപ്പെടുന്ന മേഖലയാണ് ഒഡീഷ. മഗ്ഗര്‍ ക്രൊക്കഡൈല്‍സ് എന്നും സാള്‍ട്ട് വാട്ടര്‍ ക്രൊക്കഡൈല്‍ എന്നും അറിയപ്പെടുന്ന ഈ മുതലകള്‍ ഇന്ത്യയുടെ കിഴക്കന്‍ തീരപ്രദേശത്തോടു ചേര്‍ന്നുള്ള ജലാശയങ്ങളിലും, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലുമാണ് കാണപ്പെടുന്നത്. മെയ് മുതല്‍ ഓഗസ്റ്റ് ആദ്യവാരം വരെയുള്ള സമയം ഈ കായല്‍ മുതലകള്‍ക്ക് പ്രജനന കാലമാണ്. അതുകൊണ്ട് തന്നെ ഒഡീഷയില്‍ മുതലകള്‍ ഏറ്റവുമധികം ഉള്ള ഭിടാർകനിക ദേശീയ പാര്‍ക്കില്‍ ഇത് കര്‍ശന നിയന്ത്രണത്തിന്‍റെ കൂടി സമയമാണ്. 

ഏറ്റവുമൊടുവിലത്തെ കണക്കെടുപ്പ് പ്രകാരം ഭിടാർകനികയില്‍ 1700 നും 1800 നും ഇടയ്ക്ക് മുതലകളാണുള്ളത്. കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 101 മുതലക്കൂടുകളാണ്. ഓരോ കൂട്ടിലും 40 മുതല്‍ 60 വരെ മുട്ടകളും കണ്ടെത്തിയിരുന്നു. ഇത്തവണ കഴിഞ്ഞ ആഴ്ച തുടങ്ങിയ പരിശോധനയില്‍  35 മുതലക്കൂടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അടുത്ത രണ്ടാഴ്ച കൂടി ഈ കണക്കെടുപ്പു തുടരുമെന്നതിനാല്‍ ഇക്കുറിയും നൂറിലേറെ കൂടുകള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ജലാശയങ്ങളോടു ചേര്‍ന്ന് ചെളിയില്‍ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ കൂടു വയ്ക്കുന്നതാണ് മുതലകളുടെ ശീലം. അതുകൊണ്ട് തന്നെ മുതലകളുടെ കൂടുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തേയ്ക്കെത്തിച്ചേരുന്നതും അതിന്‍റെ കണക്കെടുക്കുന്നതും അത്ര എളുപ്പമല്ല. ഇക്കാരണത്താല്‍ എല്ലാ മുതലക്കൂടുകളും കണക്കില്‍ ഉള്‍പ്പെടുത്താനും കഴിയില്ല. എങ്കിലും എല്ലാ വര്‍ഷവും സ്ഥിരമായി കണക്കെടുപ്പ് നടക്കുന്ന ചില പ്രദേശങ്ങളുണ്ട്. ഈ മേഖലയിലെ മുതലക്കൂടുകളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് കൂടുകളുടെ എണ്ണത്തില്‍ കുറവുണ്ടായോ കൂടുതല്‍ ഉണ്ടോ എന്നെല്ലാം കണ്ടെത്തുന്നത്.

രാജവെമ്പാലകളും പെരുമ്പാമ്പുകളും

King Cobra

മുതലകള്‍ക്കു മാത്രമല്ല ഭിടാർകനികയിലെ രാജവെമ്പാലകള്‍ക്കും പെരുമ്പാമ്പുകള്‍ക്കുമെല്ലാം ഇത് പ്രജനന കാലമാണ്. ഇവയെല്ലാം ആശ്രയിക്കുന്നത് കണ്ടല്‍ക്കാടുകളെയാണ്. മുതലകളില്‍ നിന്ന് വ്യത്യസ്തമായി പാമ്പുകള്‍ ജലാശയങ്ങളുടെ തീരത്തു നിന്ന് ഉള്ളിലേക്കു മാറിയാണ് മുട്ടയിടുന്നതെന്നു മാത്രം. പെരുമ്പാമ്പുകള്‍ സ്വാഭാവികമായി ഉണ്ടാകുന്ന മാളങ്ങളിലോ ചെളിക്കുണ്ടുകളിലോ ആണ് മുട്ടയിടുന്നത്. എന്നാല്‍ രാജവെമ്പാല ഇലകളും ചെളിയും മറ്റും ഉപയോഗിച്ച് കൂടൊരുക്കിയാണ് മുട്ടയിടുക.

മുതലകളെ പോലെ തന്നെ പാമ്പുകളും മുട്ടകള്‍ക്ക് അടയിരിക്കുമ്പോള്‍  അക്രമാസക്തരാകാറുണ്ട്. ഇക്കാരണത്താല്‍തന്നെ പാമ്പുകളുടെ കൂടുകളുടെ കണക്കെടുപ്പ് അപ്രാപ്യമാണ്. കൂടാതെ മുതലകളുടെ കൂടുകളെ അപേക്ഷിച്ച് എത്തിച്ചേരാന്‍ പ്രയാസമുള്ള സ്ഥലങ്ങളിലാകും പാമ്പുകളുടെ മാളങ്ങളും കൂടുകളുമുള്ളത്. 

മുട്ടകളെ മോഷ്ടിക്കാനെത്തുന്നവര്‍

90 ദിവസം വരെയാണ് മുതലകളുടെ മുട്ടകള്‍ വിരിയാനെടുക്കുന്ന സമയം. ഒരു പെണ്‍മുതല്‍ 40 മുതല്‍ 60 വരെ മുട്ടകള്‍ ഇടുമെങ്കിലും ഇതില്‍ 40-50 ശതമാനം മാത്രമാണ് വിരിയുക. കൂടാതെ മുട്ടയിട്ട് അടയിരിയ്ക്കുന്ന പെണ്‍മുതലകളെ കബളിപ്പിച്ച് മുട്ട തട്ടിയെടുക്കാനെത്തുന്ന വിദഗ്‍ധരുമുണ്ട്. കാട്ടുപൂച്ചകളും, ഭീമന്‍ പല്ലികളും, കുറുക്കന്‍മാരുമെല്ലാം ഇതില്‍ പെടുന്നു. മുട്ടവിരിഞ്ഞാലും ഇവയുടെ ഭീഷണയില്‍ നിന്ന് കുഞ്ഞുങ്ങള്‍ മോചിതരല്ല. കൂടാതെ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തിറങ്ങിയാല്‍ ശത്രുക്കളുടെ എണ്ണം വർധിക്കുകയും ചെയ്യും. മറ്റ് ജീവികളെ കൂടാതെ കൊക്കുകളും വലിയ മീനുകളും വരെ കുട്ടികളെ വേട്ടയാടാനെത്തും.

crocodiles

മുതലകളുടെ കുട്ടികളുടെ അതിജീവനം അതീവ അപകടം പിടിച്ച സാഹചര്യങ്ങളിലൂടെയാണു കടന്നു പോകുക. 50 മുതലമുട്ടകളില്‍  ഒരെണ്ണം മാത്രമാണ് പ്രായപൂര്‍ത്തിയാകും വരെയുള്ള വെല്ലുവിളികളെ താണ്ടുക. ഒരു കാലത്ത് പ്രതിസന്ധി നേരിട്ടിരുന്ന ഒഡീഷയിലെ മുതലകള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയും ഐക്യരാഷ്ട സംഘടനയും ചേര്‍ന്നു തയ്യാറാക്കിയ പദ്ധതിയിലൂടെയാണ് ആരോഗ്യകരമായ എണ്ണത്തിലേക്കു തിരികെയെത്തിയത്. കായല്‍ മുതലകളെ കൂടാതെ ചീങ്കണ്ണികളുടെയും ഭേദപ്പെട്ട അംഗസംഖ്യ ഭിട്ടാർകനികയിലുണ്ട്.

ലോകത്തെ ഏറ്റവു വലിയ കായല്‍ മുതല

പൊതുവ ശരീര വലുപ്പത്തിന്‍റെ കാര്യത്തില്‍ ഇന്ത്യയിലെ കായല്‍ മുതലകള്‍ ഫിലിപ്പൈന്‍സിലെയും ഓസ്ട്രേലിയയിലെയും കായല്‍ മുതലകളേക്കാള്‍ പിന്നിലാണ്. പക്ഷെ ഇന്നു ജീവിച്ചിരിക്കുന്നവയിലും ഇതുവരെ അളന്നു തിട്ടപ്പെടുത്തിയിട്ടുള്ളവയിലും വച്ച് ഏറ്റവും വലിയ കായല്‍ മുതലയുള്ളത് ഭിടാർകനികയിലാണ്. 2006 ലാണ് 23 അടിയോളം നീളമുള്ള ഈ മുതലയെ ലോകത്തെ ഏറ്റവും നീളമേറിയ മുതലയായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് അംഗീകരിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA