ADVERTISEMENT

കുട്ടിയാനയുടെ മൃതശരീരവും തുമ്പിക്കെയിലേന്തി ആനക്കൂട്ടം നടത്തുന്ന വിലാപയാത്രയുടെ ദൃശ്യങ്ങൾ നൊമ്പരമാകുന്നു.മനുഷ്യർക്കു മാത്രമല്ല മൃഗങ്ങൾക്കും സഹജീവികളുടെ വേർപാട് സഹിക്കാവുന്നതിനും അപ്പുറമാണെന്നതിനു തെളിവാണ് ഈ ദൃശ്യങ്ങൾ. മുതിർന്ന ആനയാണ് കാടിനപ്പുറത്തു നിന്നും റോഡ് മുറിച്ചു കടന്ന് കുട്ടിയുടെ ജഡവുമായി മുന്നിൽ നടന്നത്. പിന്നാലെ ആനക്കൂട്ടവുമുണ്ടായിരുന്നു.

റോഡിനു മറുവശത്തെത്തുന്നതിനു മുൻപായി ആനയുടെ തുമ്പികൈയിൽ നിന്നും കുട്ടിയാനയുടെ ജഡം റോഡിലേക്ക് ഊർന്നുവീണു. തൊട്ടുപിന്നിലായെത്തിയ ആന ആശ്വസിപ്പിക്കാനെന്നവണ്ണം അതിനരികിലായി ചേർന്നു നിന്നു. പിന്നാലെയെത്തിയ ആനക്കൂട്ടവും ജഡത്തിനു മുന്നിൽ മൗനപ്രാർഥനയെ അനുസ്മരിപ്പിക്കും വിധം അൽപസമയം അവിടെ നിന്നു. 

പിന്നീട് വീണ്ടും ആനക്കുട്ടിയുടെ മൃതശരീരവുമായി ആനക്കൂട്ടം ഉൾക്കാട്ടിലേക്കു മറഞ്ഞു. തങ്ങളുടെ കുടുംബത്തിലെ കുഞ്ഞിന്റെ വേർപാട് ആനക്കൂട്ടത്തെ വല്ലാതെ തളർത്തിയിരുന്നു. നിരവധിയാളുകൾ റോഡിനു സമീപത്തു നിന്ന് ആനക്കൂട്ടത്തിന്റെ വിലാപയാത്ര കാണുന്നുണ്ടായിരുന്നു. മൃതശരീരം ഉൾക്കാട്ടിൽ ഉപേക്ഷിക്കാനായിരിക്കാം ആനക്കൂട്ടം കൊണ്ടുപോയതെന്നാണ് നിഗമനം.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാനാണ് നൊമ്പരപ്പെടുത്തുന്ന ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ആനക്കൂട്ടത്തിന്റെ സങ്കടം ദൃശ്യങ്ങൾ കാണുന്നവരുടെ കണ്ണുകളെയും ഈറനണിയിക്കും.നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com