sections
MORE

തീറ്റയായി മൃതദേഹം, എല്ലു കടിച്ചു മുറിക്കുന്ന പല്ലുകള്‍; ആ ജീവികൾ ആർട്ടിക്കിലും!

Hyena
SHARE

ന്യൂയോർക്കിലെ ബഫലോ യൂണിവേഴ്സിറ്റിയിലെ പാലിയന്റോളജി ഗവേഷകനാണ് ജാക്ക് സെങ്. പ്രാചീന കാലത്തെ ജീവികളെക്കുറിച്ചു പഠിക്കുന്നതിൽ അതീവ ആവേശമാണ് അദ്ദേഹത്തിന്. അടുത്തിടെയാണ് ഒട്ടാവയിലെ കനേഡിയൻ മ്യൂസിയം ഓഫ് നേച്ചറിൽ ഒരു പ്രത്യേകതരം ഫോസിലുണ്ടെന്ന് അദ്ദേഹം അറിഞ്ഞത്. 1970കളിൽ ആർടിക് പ്രദേശത്തു നിന്നു കണ്ടെത്തിയതാണവ. അതും ഫോസിലുകളുടെ ‘ഹോട്സ്പോട്’ എന്നറിയപ്പെടുന്ന കാനഡയിലെ യൂക്കോൺ മേഖലയുടെ വടക്ക് ‘ഓൾഡ് ക്രോ’ തടത്തിൽ നിന്നും. ഒട്ടേറെ പ്രാചീനജീവികളുടെ മൃതദേഹം മഞ്ഞിൽ കൃത്യമായി സംരക്ഷിക്കപ്പെട്ടു പുതഞ്ഞിരിക്കുന്ന മേഖലയാണ് ഓൾഡ് ക്രോ. ഇവിടെ നിന്നു ലഭിച്ച രണ്ടു പല്ലുകളെക്കുറിച്ചാണ് അദ്ദേഹം കേട്ടതും ഫോട്ടോ കണ്ടതും. 

അതിനു തൊട്ടുപിന്നാലെ കാറുമെടുത്ത് കാനഡയിലേക്കു പായുകയായിരുന്നു. അതും ഫെബ്രുവരിയിലെ കൊടുംതണുപ്പു സമയത്ത്. മണിക്കൂറുകളോളം ഡ്രൈവ് ചെയ്ത് അദ്ദേഹം മ്യൂസിയത്തിലെത്തി ആ പല്ലുകൾ പരിശോധിച്ചു അദ്ദേഹം. വരവെന്തായാലും വെറുതെയായില്ല. ജന്തുക്കളുടെ പരിണാമശ്രേണിയിലെ ഒരു നിർണായക കണ്ണി കൂട്ടിച്ചേർക്കാനുള്ള അവസരമാണ് സെങ്ങിനു ലഭിച്ചത്. ഹസ്മപൊർതേറ്റസ് എന്നറിയപ്പെടുന്ന കഴുതപ്പുലികളുടെ പല്ലുകളായിരുന്നു മ്യൂസിയത്തിലുണ്ടായിരുന്നത്. ഇന്നേവരെയുള്ള സാധ്യതയനുസരിച്ച് ആർടിക് മേഖലയിൽ ഒരു കാരണവശാലും കാണാനിടയില്ലാത്തതായിരുന്നു ആ ഫോസിൽ. 

Hyenas

ഇന്ന് ആഫ്രിക്കൻ വന്യതയുടെ മുഖമുദ്രകളിലൊന്നാണ് കഴുതപ്പുലികൾ. ആ ഭൂഖണ്ഡത്തിലാണ് ഇവയെ വൻതോതിൽ കണ്ടെത്തിയിട്ടുള്ളതും. യഥാർഥ്യത്തിൽ കഴുതപ്പുലികളുടെ പരിണാമം ആരംഭിക്കുന്നത് യൂറോപ്പിൽ നിന്നും ഏഷ്യയിൽ നിന്നുമാണ്. അതും രണ്ടു കോടി വർഷം മുൻപ്. അവിടെ നിന്നാണവ ആഫ്രിക്കയിലേക്കു കടക്കുന്നത്. എന്നാൽ ഹസ്മപൊർതേറ്റസിലെ ഒരു കൂട്ടർ ബെറിങ് കടലിടുക്ക് പാലം കടന്ന് വടക്കേ അമേരിക്കയിലുമെത്തിയെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ രണ്ടു പല്ലുകളിലൂടെ ലഭിച്ചിരിക്കുന്നത്. ആഫ്രിക്കയിലെ കൊടുംചൂടിൽ മാത്രമല്ല, ആർട്ടിക്കിലെ മരവിപ്പിക്കുന്ന തണുപ്പിലും ജീവിക്കാൻ തക്ക ശേഷിയുള്ളവയാണ് കഴുതപ്പുലികളെന്നതാകട്ടെ അമ്പരപ്പിക്കുന്ന ജീവശാസ്ത്ര രഹസ്യവുമാണ്. കഴുതപ്പുലികൾക്ക് ഏതു തരം കാലാവസ്ഥയിലും കഴിയാനാകുമെന്ന സെങ്ങിന്റെ കണ്ടെത്തലിന് ശാസ്ത്രലോകത്തിന്റെ അംഗീകാരവും ലഭിച്ചു കഴിഞ്ഞു. 

ഒരു അണപ്പല്ലും മുൻപല്ലിനും അണപ്പല്ലിനും ഇടയ്ക്കുള്ള മറ്റൊരു പല്ലുമാണ് മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നത്. ഏകദേശം 14 ലക്ഷം മുതൽ 8.5 ലക്ഷം വരെ പഴക്കമുള്ളവയാണ് ഇവയെന്നാണു കണ്ടെത്തിയിരിക്കുന്നത്. പക്ഷേ വടക്കേ അമേരിക്കയിൽ ഇന്നേവരെ കണ്ടെത്തിയവയിൽ വച്ച് ഏറ്റവും പഴക്കംചെന്നവയല്ല ഇത്. ആ റെക്കോർഡ് കൻസസിൽ നിന്നു കണ്ടെത്തിയ 47 ലക്ഷം വർഷം പഴക്കമുള്ള ഹസ്മപൊർതേറ്റസ് ഫോസിലിനാണ്. അപ്പോഴും സെങ്ങിന്റെ കണ്ടെത്തലിന്റെ പ്രാധാന്യം കുറയുന്നില്ല. എവിടെയെല്ലാം ജീവിച്ചിരുന്നു എന്നു വ്യക്തമായതോടെ, ഹസ്മപൊർതേറ്റസിന് എങ്ങനെ വംശനാശം വന്നുവെന്നതാണ് ഇനി ഗവേഷകര്‍ക്കു മുന്നിലുള്ള ചോദ്യം. ഒരുപക്ഷേ ഇവയേക്കാളും കരുത്തന്മാരായ ജീവികൾ വന്നതാകാം കാരണം. 

ഹിമയുഗത്തിൽ ജീവിച്ചിരുന്ന ബോറോഫാഗസ് എന്ന നായകളും അർക്ടോഡസ് എന്ന കരടിയും സെനോസിയൺ എന്നയിനം ഹിമപ്പട്ടികളുമെല്ലാം എണ്ണത്തിൽ കൂടിയത് ഹസ്മപൊർതേറ്റസിന് ഭീഷണിയായിട്ടുണ്ടാകാം. എല്ലു കടിച്ചു പൊട്ടിക്കാവുന്ന വിധം മൂർച്ചയേറിയ പല്ലുകളുള്ള ജീവികളായിരുന്നു ഇവയെല്ലാം. എന്നാൽ മനുഷ്യർ വടക്കേ അമേരിക്കയിലെത്തും മുൻപ് ഇവയെല്ലാം ഇല്ലാതായിരുന്നു. മറ്റുജീവികൾ ഭക്ഷിച്ചതിന്റെ അവശിഷ്ടം കഴിച്ചായിരുന്നു ഹസ്മപൊർതേറ്റസ് ജീവിച്ചിരുന്നത്. ആർട്ടിക്കിലെ പ്രത്യേകതരം മാനുകളെയും കുതിരകളെയുമൊക്കെ വേട്ടയാടുകയും ചെയ്തിരുന്നു. ചത്തുവീണ മാമത്തുകളുടെ ഇറച്ചിയായിരുന്നു മറ്റൊരു പ്രിയ ഭക്ഷണം. മൃതദേഹം തിന്നുതീർക്കുന്നതിനാൽ പ്രകൃതിയെ ‘വൃത്തിയാക്കുന്ന’ കൂട്ടരെന്നും ഹസ്മപൊർതേറ്റസിനു വിശേഷണമുണ്ട്. 

ഇന്നു നാലിനം കഴുതപ്പുലികളാണ് ലോകത്തുള്ളത്– അവയിൽ മൂന്നെണ്ണവും എല്ലു കടിച്ചുപൊട്ടിക്കാൻ തക്ക ശേഷിയുള്ളവയാണ്. ഒരെണ്ണം മാത്രം ഉറുമ്പിനെ തിന്നു ജീവിക്കുന്ന പാവവും. ഹസ്മപൊർതേറ്റസിന്റെ ഭൂഖണ്ഡാന്തര പ്രയാണം സംബന്ധിച്ച വിശദമായ പഠനം ‘ഓപൺ ക്വാട്ടർനറി’ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA