ADVERTISEMENT

സിംഹവുമായി ചങ്ങാത്തത്തിനു ശ്രമിക്കുന്ന എലിയെക്കുറിച്ച് ഒരു കഥയുണ്ട്. നമുക്ക് യോജിക്കുന്നവരുമായി മാത്രമെ സൗഹൃദമാകാവൂ എന്നതാണ് ആ കഥയുടെ സാരാംശം. അമേരിക്കയിലെ ഓറിഗോണില്‍ പൊലീസിന്‍റെ വെടിയേറ്റ് വീണ ആ കരടിക്കും സംഭവിച്ചത്  ഇതുതന്നെയാണ് .മനുഷ്യരുമായി അമിതമായ സൗഹൃദം പുലര്‍ത്തിയതിനായിരുന്നു ഈ കരടിയെ പൊലീസ് വെടി വച്ചു കൊന്നത്.

പ്രായപൂര്‍ത്തിയാകാത്ത ഈ കരടി ഏതാനും മാസങ്ങളായി ഈ വനാതിര്‍ത്തിയിലെ നിത്യ സന്ദര്‍ശകനാണ്. മനുഷ്യര്‍ നല്‍കിയ ഭക്ഷണം കഴിച്ചാണ് ഈ കരടി അവരുമായി സൗഹൃദത്തിലായത്. ആദ്യ കാലങ്ങളില്‍ അല്‍പം പേടിയോടെ അകന്നുനിന്ന കരടി ഭക്ഷണം ലഭിക്കുന്നത് നിത്യസംഭവമായതോടെ മനുഷ്യരോട് നല്ല അടുപ്പം കാണിച്ചു തുടങ്ങി. സന്ദര്‍ശകരാകട്ടെ കരടിക്കൊപ്പം നിന്ന് ഫൊട്ടോ എടുക്കാനും കരടിയെ തൊടാനുമൊക്കെ ഈ അവസരം മുതലാക്കുകയും ചെയ്തും‌.

കരടിയുടെ അതിരു കടന്ന സൗഹൃദം ശ്രദ്ധയില്‍പെട്ടതോടെയാണ് വനപാലകര്‍ വിഷയത്തില്‍ ഇടപെട്ടത്. ഇവര്‍ സന്ദര്‍ശകരെ വിലക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും കാര്യമായി വിജയിച്ചില്ല. ഇതോടെയാണ് പൊലീസിനെ വിവരമറിയിച്ചത്. ജൂണ്‍ ആദ്യം മുതല്‍ കരടിയെ നിരീക്ഷിച്ച് വന്ന പൊലീസ് കരടിയുടെ സൗഹൃദം മനുഷ്യര്‍ക്ക് അപകടകരമായേക്കാമെന്ന നിഗമനത്തിലെത്തി. കരടിയെ വെടി വച്ചു കൊല്ലാന്‍ തീരുമാനിക്കുകയും അത് കഴിഞ്ഞ ആഴ്ച നടപ്പാക്കുകയും ചെയ്തു.

പക്ഷേ കരടിയെ വെടിവച്ചു കൊല്ലാനുള്ള വാഷിങ്ടണ്‍ പൊലീസിന്‍റെ തീരുമാനം ഇപ്പോള്‍ വലിയ വിമര്‍ശനം നേരിടുകയാണ്. കരടിയെ മറ്റിടങ്ങളിലേക്കോ ഉള്‍ക്കാട്ടിലേയ്ക്കോ മാറ്റാനുള്ള സാഹചര്യവും അവസരവുമുണ്ടെന്നിരിക്കെ ഇതിനൊന്നും ശ്രമിക്കാതെ വെടിവച്ചു കൊന്നതിനാണ് പ്രതിഷേധം ഉയരുന്നത്. അതേസമയം കരടിയെ കൊല്ലാനുള്ള തീരുമാനം വളരെ ആലോചിച്ചെടുത്ത ഒന്നാണെന്ന നിലപാടിലാണ് വാഷിങ്ടണ്‍ പൊലീസ് മേധാവി. കരടിയെ മറ്റിടങ്ങളിലേക്കു മാറ്റാനുള്ള സാഹചര്യമില്ലായിരുന്നു എന്നാണ് പൊലീസിന്‍റെ വാദം. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാന്‍ കരടിയുമായി മനുഷ്യര്‍ അധികം അടുക്കാതിരിക്കുകയാണ് വേണ്ടതെന്ന് പലീസ് പറയുന്നു.

3 വയസ്സ് പ്രായമായ കരടിക്ക് ഏതാണ്ട് 45 കിലോഗ്രാം ഭാരമാണുണ്ടായിരുന്നത്. കരടികള്‍ ഒന്നര വയസ്സു പ്രായമാകുമ്പോള്‍ തന്നെ അമ്മയില്‍ നിന്നു വേര്‍പിരിഞ്ഞ് സ്വതന്ത്രമായി ജീവിതമാരംഭിക്കും. ഇങ്ങനെ വേര്‍പിരിഞ്ഞു ജീവിക്കുന്നതിനിടയില്‍ ഭക്ഷണം അന്വേഷിച്ചാകും ഈ കരടിക്കുട്ടി വനാതിര്‍ത്തയിലേക്കെത്തിയതെന്നാണു കരുതുന്നത്. ഒരു തരത്തിലും മനുഷ്യര്‍ക്കു ഭീഷണിയാകുന്ന സംഭവങ്ങളൊന്നും ഇല്ലാതിരുന്നിട്ടും കരടിയെ കൊന്നു കളയാനുള്ള പൊലീസിന്‍റെ തീരുമാനത്തില്‍ അനവധി പേര്‍ ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com