ADVERTISEMENT

എടക്കര വഴിക്കടവിൽ വീണ്ടും രാജവെമ്പാലകൾ. ഇന്നലെ 2 രാജവെമ്പാലകളെ കൂടി പിടികൂടി. ആനമറിയിലെ കോക്കാടൻ ആമിയുടെയും പൂവത്തിപൊയിലെ നെയ്‌വാതുക്കൽ അലവിയുടെയും വീടുകളിൽ നിന്നാണ് പിടികൂടിയത്. ആമിനയുടെ വീടിന്റെ പൂമുഖത്തു നിന്നാണ് രാജവെമ്പാലയെ കണ്ടത്. ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. അലവിയുടെ വീട്ടുമുറ്റത്തേക്ക് ഇഴഞ്ഞെത്തുന്നതിനിടയിൽ വൈകിട്ട് ആറോടെയാണ് കണ്ടത്. പാമ്പുപിടിത്ത വിദഗ്ധനായ മുജീബ് റഹ്മാനാണ് രണ്ടിനെയും പിടികൂടിയത്. കഴിഞ്ഞ 10 ദിവസത്തിനിടയി‍ൽ ആറാമത്തെ രാജവെമ്പാലയെയാണ് വഴിക്കടവ് പ്രദേശത്തു നിന്നു പിടികൂടുന്നത്.

പാമ്പുകൾ വീട്ടിലേക്കു വരുന്നതിനു പിന്നിൽ?

വിശക്കുമ്പോൾ ഭക്ഷണം തേടിയാണ് പാമ്പുകൾ വീട്ടിലേക്കു വരുന്നത്. എലിയാണ് പാമ്പുകളുടെ ഭക്ഷണം. എലി വീട്ടിലുണ്ടെങ്കിൽ പാമ്പുകൾ പെരുകും. അതിനാൽ എലിയെ ആണ് ആദ്യം ഇല്ലാതാക്കേണ്ടത്. എലികളുടെ എണ്ണം കുറയണമെങ്കിൽ മാലിന്യം ഇല്ലാതാകണം. മികച്ച മാലിന്യ സംസ്കരണം ഒരുക്കിയ വീടുകളിൽ പാമ്പുകളുടെ ശല്യം താരതമ്യേന കുറവായിരിക്കും.

snake-king-cobra

കാട്ടിലെ പാമ്പും നാട്ടിലെ പാമ്പും

മൃഗങ്ങളും പാമ്പുകളും നാട്ടിലിറങ്ങി എന്നതാണ് പലപ്പോഴും പരാതി. സത്യത്തിൽ നാടും കാടും എന്ന വേർതിരിവ് മനുഷ്യനു മാത്രമാണ്. മൃഗങ്ങൾക്കു രണ്ടും ഒരുപോലെയാണ്. രാജവെമ്പാല മാത്രമാണ് കാട്ടിലെ പാമ്പ്. മൂർഖൻ കാട്ടിലെ പാമ്പാണ് എന്നാണ് പലരുടെയും ധാരണ. അതു ശരിയല്ല. കൃഷി നശിപ്പിക്കുന്ന എലികളെ തിന്നു തീർക്കാൻ ദൈവം സൃഷ്ടിച്ചതാണ് പാമ്പുകളെ. പാമ്പ് പാലുകുടിക്കും മുട്ടകഴിക്കും എന്നതൊക്കെ തെറ്റിദ്ധാരണകളാണ്. അവ നൃത്തം ചെയ്യാറില്ല. തരംഗങ്ങൾ തിരിച്ചറിഞ്ഞാണ് പാമ്പുകളുടെ സഞ്ചാരം.

വിഷമുള്ള പാമ്പുകൾ കുറവാണെന്നതു മാത്രമല്ല കടിക്കാൻ അറിയാവുന്ന പാമ്പുകൾ തന്നെ കുറവാണ്. ഏകദേശം 236 ഇനം പാമ്പുകളാണു ലോകത്തുള്ളത്. ഇതിൽ അൻപതോളം എണ്ണത്തിനു വിഷമുണ്ടെങ്കിലും പലതിനും മനുഷ്യ ജീവനെടുക്കാൻ മാത്രം തീവ്രവിഷം ഇല്ല. കേരളത്തിൽ കണ്ടെത്തിയ 104 ഇനം പാമ്പുകളിൽ ഇരുപതിനും മുപ്പതിനും ഇടയ്ക്കു മാത്രമാണു വിഷപ്പാമ്പുകൾ. അതിലും കുറച്ചെണ്ണത്തിനു മാത്രമേ മനുഷ്യജിവനു ഭീഷണിയുയർത്താൻ കഴിയൂ.

രാജവെമ്പാല

ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലയ്ക്ക് ഒരു മനുഷ്യനെ കൊല്ലാൻ ആവശ്യമായതിന്റെ പത്തിരട്ടി വിഷം സ്രവിപ്പിക്കാൻ കഴിയും.  എല്ലാ കടികളും മരണത്തിനു കാരണമാവാൻ സാധ്യതയുണ്ട്. പക്ഷേ, രാജവെമ്പാല കടിച്ച സംഭവങ്ങൾ കുറവാണ്. 

പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പാമ്പുകൾക്കു വലിയ പങ്കുണ്ട്. വിഷമുള്ള പാമ്പുകൾ, വിഷമില്ലാത്ത പാമ്പുകൾ എന്നിങ്ങനെ രണ്ടുതരം പാമ്പുകളുണ്ട്. വിഷപ്പാമ്പുകൾ കടിച്ചാൽ മാത്രമേ മനുഷ്യന് അപകടമുള്ളൂ. പാമ്പുകളുടെ വിഷത്തിൽ പ്രോട്ടീൻ അളവ് വളരെ കൂടുതലാണ്. 

വിഷമുള്ള പാമ്പുകളിൽ നിന്നാണ് കാൻസറിനടക്കം 70 ശതമാനം മരുന്നുകളും തയാറാക്കുന്നത്. മാത്രമല്ല, ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 32 ശതമാനം രോഗങ്ങളും പരത്തുന്നത് എലികളാണ്. പാമ്പുകളുടെ പ്രധാന ഭക്ഷണവും എലികളാണ്. എലികളുടെ എണ്ണം വർധിച്ചാൽ രോഗങ്ങൾ കൂടും. എലികളുടെ എണ്ണം കുറഞ്ഞാൽ കൃഷി നശിപ്പിക്കുന്നതിലും കുറവുണ്ടാവും. അടുത്ത തലമുറയിലെ മനുഷ്യർക്കു കാണുന്നതിനു പാമ്പുകൾ ഇവിടെ നിലനിൽക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com