ADVERTISEMENT

മറ്റൊരാളുടെ ആംഗ്യങ്ങളും മുഖഭാവങ്ങളും അനുകരിച്ച് അവരെ കളിയാക്കുന്നത് മനുഷ്യരുടെ വിനോദമാണ്. ഇതേ ശീലമുള്ളവരാണ് ഗൊറില്ലകള്‍ ഉള്‍പ്പടെയുള്ള കുരങ്ങന്‍മാരും. എന്നാല്‍ മനുഷ്യരെയും കുരങ്ങന്‍മാരെയും കൂടാതെ മറ്റൊരു  ജീവിവര്‍ഗവും കൂടി ഈ രീതിയില്‍ മുഖഭാവങ്ങള്‍ അനുകരിച്ച് കളിയാക്കാന്‍ കഴിയുന്നവരാണെന്നു കണ്ടെത്തി. ഏഷ്യയില്‍ വ്യാപകമായി കാണപ്പെടുന്ന ചെറുകരടികളിലെ ഒരു വിഭാഗമാണ് സണ്‍ ബിയര്‍ എന്നും ഹണി ബിയര്‍ എന്നും അറിയപ്പെടുന്ന കരടികള്‍. ഇവയ്ക്കാണ് മനുഷ്യര്‍ക്കും ഗൊറില്ലകള്‍ക്കും പുറമെ ഇങ്ങനെ അനുകരിക്കാൻ കഴിവുള്ളതായി കണ്ടെത്തിയിരിക്കുന്നത്.

കുഞ്ഞന്‍ കരടികള്‍

ധ്രുവക്കരടികള്‍ മുതല്‍ ഹിമാലയന്‍ കരടികള്‍ വരെയുള്ള കരടികളുടെ അഴകളവുകള്‍ വച്ചു നോക്കിയാല്‍ താരതമ്യേന കുഞ്ഞന്‍മാരാണ് ഏഷ്യന്‍ കരടികള്‍. ഏഷ്യന്‍ കരടികളിലെ തന്നെ ഏറ്റവും വലുപ്പം കുറഞ്ഞവരാണ് സണ്‍ ബിയറുകള്‍ .പരമാവധി ഒന്നര മീറ്റര്‍ വരെ ഉയരവും 80 കിലോ ഗ്രാം ഭാരവുമാണ് ഇവയ്ക്കുണ്ടാകുക. തെക്കുകിഴക്കനേഷ്യയില്‍ കാണപ്പെടുന്ന ഇവ ഏറ്റവുമധികമുള്ളത് കംമ്പോഡിയയിലാണ്. തേനും ചിതലുകളും മറ്റുമാണ് ഇവയുടെ പ്രധാന ഭക്ഷണം . ഇതിന് അനുയോജ്യമായ ഒരു ആയുധം ഈ കരടികള്‍ക്കുണ്ട്. നീളമുള്ള നാക്കാണ് ഈ ആയുധം. ഈ നാക്കു തന്നെയാണ് മറ്റു കരടികളെ അനുകരിക്കാനും കളിയാക്കാനും ഇവയെ സഹായിക്കുന്നതും.

ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവരാണ് ഈ കരടികള്‍. പക്ഷേ സമാന വര്‍ഗത്തില്‍ പെട്ട മറ്റൊരു ജീവിയെ കാണുമ്പോളാണ് ഇവയുടെ ഉള്ളിലെ കോമാളിത്തരം പുറത്തു വരിക. ബ്രിട്ടനിലെ പോര്‍ട് മൗത്ത് സര്‍വകലാശാലയിലെ ഗവേഷകരാണ് ഹണി ബിയറുകളുടെ സമൂഹിക ജീവിതത്തെക്കുറിച്ചുള്ള പഠനത്തിനിടയില്‍ ഈ കണ്ടെത്തല്‍ നടത്തിയത്. മലേഷ്യയിലുള്ള ബോര്‍ണിയന്‍ സണ്‍ബിയര്‍ കണ്‍സര്‍വേഷന്‍ സെന്‍ററിലെ കരടികളിലാണ് ഈ പഠനം നടത്തിയത്.ഏക്കറുകള്‍ വിസ്തൃതിയുള്ള വിശാലമായ ഭൂമിയിലാണ് ഇവിടെ കരടികളെ പാർപ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ താല്‍പര്യമുള്ള കരടികളോടൊത്തോ അല്ലെങ്കില്‍ ഒറ്റയ്ക്കോ ഇഷ്ടം പോലെ കറങ്ങി നടക്കാനുള്ള സൗകര്യം ഈ സെന്‍ററിലെ സണ്‍ ബിയറുകള്‍ക്കുണ്ട്.

മുഖഭാവങ്ങളിലൂടെയുള്ള ആശയവിനിമയം

ഇങ്ങനെ സ്വതന്ത്രമായി വിഹരിക്കാനുള്ള സൗകര്യം കരടികള്‍ക്ക് അവരുടെ സ്വാഭാവിക സവിശേഷതകള്‍ കൂടി പുറത്തെടുക്കാനുള്ള അവസരം നല്‍കുന്നുണ്ട്. ഈ സ്വാതന്ത്ര്യം തന്നെയാണ് പരസ്പരം അനുകരിക്കാനും കളിയാക്കാനുമുള്ള കരടികളുടെ ശേഷി കണ്ടെത്താന്‍ ഗവേഷകരെ സഹായിച്ചതും. കരടികള്‍ സന്തോഷത്തോടെയിരിക്കുന്ന സമയത്തെ ദൃശ്യങ്ങള്‍ ഗവേഷകര്‍ ക്യാമറയില്‍ പകര്‍ത്തി പരിശോധിച്ചിരുന്നു. ഈ സമയത്താണ് പരസ്പരം അനുകരിക്കുന്ന ഇവയുടെ രീതി തിരിച്ചറിഞ്ഞത്. അടുത്തിടപഴകുമ്പോള്‍ നാവ്  പുറത്തിട്ടും പല്ലുകള്‍ ചിരിക്കുന്നത് പോലെ തുറന്നു കാട്ടിയും പല തരത്തില്‍ ഈ കരടികള്‍ പരസ്പരം കളിയാക്കുന്നുവെന്നാണ് നിരീക്ഷണത്തില്‍ കണ്ടെത്തിയത്. ഇങ്ങനെ ഒരാള്‍ കളിയാക്കുമ്പോള്‍ മറ്റേയാള്‍ പ്രകോപിതനാകുന്നുവെന്നും ഗവേഷകര്‍ തിരിച്ചറിഞ്ഞു.

കംമ്പോഡിയയിലും തെക്കുകിഴക്കനേഷ്യയിലെ മറ്റ് ചുരുക്കം ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നതിനാല്‍ സൺ ബിയറുകളെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല. ഇണ ചേരുന്ന സമയത്തൊഴികെ മറ്റെല്ലാ സമയത്തും ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവരാണ് സൺ ബിയറുകള്‍. ഒരു സാമൂഹിക ജീവിയല്ലാത്ത സണ്‍കരടികളില്‍ ഇത്തരം ഒരു ഇടപഴകല്‍ രീതി രൂപപ്പെട്ടു വന്നതാണ്  അമ്പരപ്പിക്കുന്നതെന്ന് പഠനത്തില്‍ പങ്കെടുത്ത ഡോ.മറീന്‍ ഡേവില്ല റോസ് പറയുന്നു. മുഖഭാവങ്ങളിലൂടെ ആശയവിനിമയം നടത്താനുള്ള കഴിവ് മനുഷ്യരുള്‍പ്പടെയുള്ള പ്രിമേറ്റുകളില്‍ മാത്രമല്ല മറിച്ച് സസ്തനിവര്‍ഗത്തിനാകെ ഉണ്ടാകാം എന്നതിലേക്കാണ് ഈ കരടികളില്‍ നടത്തിയ പഠനം വിരല്‍ചൂണ്ടുന്നത്. 

വംശനാശ ഭീഷണി നേരിടുന്ന കരടികള്‍

പരിസ്ഥിതി പ്രവര്‍ത്തകരുടെയും ജൈവശാസ്ത്രജ്ഞരുടെയും അധികം ശ്രദ്ധ പതിയാത്തതിനാല്‍ തന്നെ ഇന്ന് വംശനാശ ഭീഷണി നേരിടുകയാണ് ഈ കരടി വര്‍ഗം. ഐയുസിഎന്നിന്‍റെ ചുവപ്പു പട്ടികയില്‍ വംശനാശത്തിന്‍റെ വക്കിലെത്തി നില്‍ക്കുന്ന ജീവിവര്‍ഗങ്ങളുടെ ഗണത്തിലാണ് ഈ കുഞ്ഞന്‍ കരടികളുമുള്ളത്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഇവയുടെ എണ്ണത്തില്‍ 30 ശതമാനം കുറവുണ്ടായെന്നാണ് കണക്കാക്കുന്നത്. തെക്കുകിഴക്കനേഷ്യയിലെ ഒറാങ്ങ് ഉട്ടാന്‍ പോലുള്ള ജീവികളെപ്പോലെ ഈ കരടികളും നേരിടുന്ന വലിയ ഭീഷണി വനനശീകരണമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com